ന്യൂഡൽഹി: ലോക്സഭയിലെ കന്നി പ്രസംഗത്തില്‍ കേന്ദ്രസര്‍ക്കാരിനേയും ബി.ജെ.പിയേയും രൂക്ഷമായി വിമര്‍ശിച്ച് വയനാട് എം.പി.യും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി. ഭരണഘടനയുടെ 75-ാം വാർഷികം അനുബന്ധിച്ച് നടന്ന പ്രത്യേക ചർച്ചയിലായിരുന്നു പ്രിയങ്ക കന്നിപ്രസംഗം നടത്തിയത്. ഭരണഘടന ജനങ്ങളുടെ സുരക്ഷാ കവചമാണെന്നും ഭരണകക്ഷിയായ ബി.ജെ.പി. അതിനെ തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു.
രാജ്യത്തെ ഓരോ പൗരന്റെയും അവകാശങ്ങൾ ഭരണഘടന ഉറപ്പുവരുത്തുന്നുവെന്നും അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടത്തിന് കരുത്തും സംരക്ഷണവും ആകുന്നുവെന്നും പ്രിയങ്ക പറഞ്ഞുതുടങ്ങി. ആ സുരക്ഷാകചവം തകർക്കാനാണ് കഴിഞ്ഞ പത്ത് വർഷമായി ബിജെപി ശ്രമിക്കുന്നതെന്നും ഭരണഘടനയെ അട്ടിമറിക്കാനുള്ള നീക്കം ജനങ്ങൾ അനുവദിക്കില്ലെന്നും പ്രിയങ്ക പറഞ്ഞു. എന്തുകൊണ്ട് ജാതി സെൻസസ് നടപ്പിലാക്കുന്നില്ലെന്നും പ്രിയങ്ക ചോദിച്ചു.
തുടർന്ന് കർഷകപ്രക്ഷോഭത്തെയും പ്രിയങ്ക പരാമർശിച്ചു. കർഷകരുടെ സ്വപ്നങ്ങളെ കേന്ദ്രസർക്കാർ തകർക്കുകയാണ്. കോർപ്പറേറ്റുകൾക്ക് വേണ്ടി കേന്ദ്രസർക്കാർ കാർഷിക നിയമങ്ങൾ ഉണ്ടാക്കിയെന്നും വയനാട് മുതൽ ലളിത്പ്പൂർവരെ കർഷകരുടെ കണ്ണീരാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നതെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. തുടർന്ന് കേന്ദ്രസർക്കാർ പ്രവർത്തിക്കുന്നത് അദാനിക്ക് വേണ്ടിയെന്നും രാജ്യത്തിന്റെ സമ്പത്ത് അദാനിക്ക് നൽകുന്നുവെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.
സംഭലിലും മണിപ്പൂരിലും ഹാഥ്റസിലും ഭരണഘടന നടപ്പായില്ല എന്നും പ്രിയങ്ക പറഞ്ഞു. പ്രതികരിക്കുന്നവരെ രാജ്യദ്രോഹികളാക്കി, അവരെ അടിച്ചമർത്തുന്ന കാലമാണിത്. ബ്രിട്ടീഷ് കാലത്തെ ഭീതിത അന്തരീക്ഷമാണ് ഇന്ന് രാജ്യത്ത്. ഈ രാജ്യം സത്യത്തിന് വേണ്ടി പോരുതുമെന്നും സത്യം വിജയിക്കുക തന്നെ ചെയ്യുമെന്ന് ഉറപ്പിച്ചുപറഞ്ഞാണ് പ്രിയങ്ക പ്രസംഗം അവസാനിപ്പിച്ചത്.
STORY HIGHLIGHT: priyanka gandhi speech in loksabha