ലക്‌നൗ: ടെക്കിയുടെ ആത്മഹത്യയ്ക്ക് പിന്നാലെ ഭാര്യ ഒളിവിൽ. കേസിലെ പ്രതി കൂടിയായ നിഖിത സിംഗാനിയയാണ് പൊലീസ് എത്തുമ്പോഴേക്കും മുങ്ങിയത്. അന്വേഷണ സംഘം ഉത്തർപ്രദേശിൽ എത്തിയപ്പോൾ ഇവർ മുങ്ങി എന്നാണ് ബാംഗ്ലൂർ പൊലീസ് നൽകുന്ന വിവരം. ഇവരെ കണ്ടെത്താൻ ശ്രമം നടക്കുന്നുവെന്ന് പൊലീസ് പറഞ്ഞു.
ബെംഗളൂരുവിൽ ബീഹാർ സ്വദേശിയായ ടെക്കി അതുൽ സുഭാഷ് വിവാഹമോചനക്കേസുമായി ബന്ധപ്പെട്ട് ഭാര്യയും ഭാര്യവീട്ടുകാരും ചേര്‍ന്ന് വര്‍ഷങ്ങളായി തന്നെ പീഡിപ്പിച്ചെന്നാരോപിച്ച് ആണ് ജീവനൊടുക്കിയത്. അവസാന സന്ദേശം നല്‍കി വിഡിയോ ചെയ്യുമ്പോള്‍ അതുല്‍ കാട്ടിയ പ്ലക്കാര്‍ഡില്‍ നീതിക്ക് സമയമായി (Justice is due) എന്നെഴുതിയിരുന്നു.
മരിച്ച അതുൽ സുഭാഷിൻ്റെ പേരിൽ ഭാര്യ സ്ത്രീധനപീഡനവും മർദ്ദനവും ആരോപിച്ച് പരാതി നൽകിയിരുന്നു. 2022 ഏപ്രിൽ 24-ന് ഉത്തർപ്രദേശിലെ ജൗൻപൂരിൽ സമർപ്പിച്ച പരാതിയിൽ, അതുൽ സുഭാഷ് തന്നെ മർദ്ദിക്കാറുണ്ടെന്നും മൃഗത്തെപ്പോലെയാണ് തന്നോട് പെരുമാറിയതെന്നുമാണ് ഭാര്യ നികിത സിംഘാനിയ ആരോപിക്കുന്നത്. സ്ത്രീധനത്തിൻറെ പേരിൽ തന്നെ പീഡിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നുണ്ട്. മാത്രമല്ല ഭർത്താവിനെയും മാതാപിതാക്കളെയും സഹോദരീ സഹോദരന്മാരെയും പരാതിയിൽ പ്രതികളായി ചൂണ്ടിക്കാണിച്ചിരുന്നു. ഇങ്ങനെ ഒരു പരാതി നിലനിൽക്കെത്തന്നെ ഭാര്യ പൊലീസിന് പിടികൊടുക്കാതെ കടന്നുകളഞ്ഞത് കേസിലെ ദുരൂഹതകൾ വർധിപ്പിക്കുന്നുണ്ട്.
അതേസമയം, നിഖിതയുടെ അമ്മയും സഹോദരനും സമാനരീതിയിൽ പൊലീസ് എത്തുംമുമ്പേ മുങ്ങിയിരുന്നു. ബുധനാഴ്ച രാത്രിയോടെയാണ് ഇരുവരും വീട് വിട്ട് പോയതെന്നാണ് പൊലീസിന് ലഭിച്ച വിവരം. വീടിന് മുൻപിൽ റിപ്പോർട്ടർമാർ അടക്കം ക്യാമ്പ് ചെയ്തിരുന്ന സമയത്താണ് ആളുകളുടെ കണ്മുന്നിലൂടെ ഇവർ കടന്ന് കളഞ്ഞത്. റിപ്പോർട്ടർമാർ എങ്ങോട്ടെന്ന് ചോദിച്ചപ്പോൾ അമ്മയ്ക്ക് വയ്യ എന്നും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നുവെന്നുമായിരുന്നു സഹോദരന്റെ മറുപടി. വീട് പൂട്ടിയിട്ടാണ് ഇരുവരും പോയത്. പൊലീസ് ഇവർക്കായുള്ള തിരച്ചിലും ശക്തമാക്കിയിട്ടുണ്ട്.
24 പേജുള്ള ആത്മഹത്യാ കുറിപ്പും ഒരു മണിക്കൂറിലധികം ദൈർഘ്യമുള്ള വീഡിയോയും പങ്കു വെച്ചായിരുന്നു യുപി സ്വദേശിയായ അതുൽ സുഭാഷ് ആത്മഹത്യ ചെയ്തത്. ഭാര്യയും ഭാര്യയുടെ ബന്ധുക്കളും തന്നെ നിരന്തരമായി ദ്രോഹിക്കുകയാണെന്നായിരുന്നു അതുലിൻറെ ആരോപണം. തന്നെ ഉപദ്രവിച്ചവർ ശിക്ഷിക്കപ്പെടുന്നതുവരെ തന്റെ ചിതാഭസ്മം ഒഴുക്കരുതെന്നും അതുൽ വീഡിയോയിൽ പറഞ്ഞിരുന്നു. ബെംഗളൂരുവിലെ ഒരു സ്വകാര്യ കമ്പനിയിലെ എക്സിക്യൂട്ടിവ് എഡിറ്ററായിരുന്നു അതുൽ സുഭാഷ്.
STORY HIGHLIGHT: wife escaped from police athul subash