മലയാള സിനിമയുടെ ആദ്യ നായിക പി.കെ. റോസിയുടെ ദീപ്ത സ്മരണയില്‍ കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ സിഗ്നേച്ചര്‍ ഫിലിം. മലയാള സിനിമാ ചരിത്രത്തെ പി.കെ. റോസിയുടെ ധീരപാരമ്പര്യത്തിലൂടെയും തൊഴിലാളി വര്‍ഗത്തിന്റെ കഠിനതകള്‍ നിറഞ്ഞ പോരാട്ടങ്ങളിലൂടെയും അടയാളപ്പെടുത്തുകയാണ് ‘സ്വപ്നായനം’. തിരുവനന്തപുരത്തെ കാപിറ്റോള്‍ തിയേറ്ററില്‍ നടക്കാന്‍ പോകുന്ന ‘വിഗതകുമാര’ന്റെ ആദ്യപ്രദര്‍ശനത്തെക്കുറിച്ചുള്ള ചരിത്ര പ്രധാനമായ വിളംബരത്തില്‍ ആരംഭിക്കുന്ന സ്വപ്നായനം, ഒരു നഗരത്തിന്റെ വളര്‍ച്ചയെയും പുതിയ തിയേറ്ററുകളുടെ ഉത്ഭവത്തെയും ദൃശ്യവത്കരിക്കുന്നു. മലയാള സിനിമയുടെ ഉറവിടത്തില്‍ നിന്നും പറന്നുയരുന്ന ചകോരം കാലങ്ങള്‍ പിന്നിട്ട് ന്യൂ കാപിറ്റോള്‍ തിയേറ്ററിലേക്ക് എത്തുമ്പോള്‍ അവിടെ പ്രേക്ഷകര്‍ക്കിടയില്‍ മലയാള സിനിമയുടെ ആദ്യ നായിക പി.കെ. റോസിയുമുണ്ട്. കാപിറ്റോള്‍ തിയേറ്ററില്‍ വിഗതകുമാരന്റെ ആദ്യ പ്രദര്‍ശനത്തോടെ നാടുവിടേണ്ടി വന്ന റോസി, ന്യൂ കാപിറ്റോള്‍ തിയേറ്ററില്‍ അഭിമാനത്തോടെ സിനിമ കാണുമ്പോള്‍ പുതിയ കാലത്ത് ആ നഷ്ട നായികയ്ക്ക് ലഭിക്കുന്ന ആദരം കൂടിയാണ് ചിത്രീകരിച്ചിരിക്കുന്നത്.
ഏകത്വവും സാംസ്‌കാരിക വൈവിധ്യവും സിനിമയുടെ കരുത്തും സൂചിപ്പിക്കുന്ന ഐ.എഫ്.എഫ്.കെ. മുദ്രയായ ലങ്കാലക്ഷ്മിയുടെ പ്രകാശനത്തിലാണ് സ്വപ്നായനം അവസാനിക്കുന്നത്. ലങ്കാലക്ഷ്മിയെ സ്ഥാപിക്കുന്നതിന് ചുക്കാന്‍ പിടിക്കുന്നതാകട്ടെ പി.കെ. റോസിയും. മലയാള സിനിമയുടെ അഭിമാനമായി പി.കെ. റോസിയെ അവതരിപ്പിച്ചുകൊണ്ടാണ് ‘സ്വപ്നായനം’ അവസാനിക്കുന്നത്. 20 ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയ സിഗ്നേച്ചര്‍ ഫിലിമിന്റെ പ്രധാന ഭാഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത് തിരുവനന്തപുരം നഗരത്തിലാണ്. മലയാള സിനിമയുടെ ജന്മസ്ഥലമായ നഗരത്തിന്റെ പതിറ്റാണ്ടുകള്‍ നീണ്ട വളര്‍ച്ചയും ആനിമേഷനിലൂടെ സംവിധായകന്‍ അവതരിപ്പിച്ചിരിക്കുന്നു .
ഒരു മിനിറ്റോളം ദൈര്‍ഘ്യമുള്ള സിഗ്നേച്ചര്‍ ഫിലിമിന്റെ സംവിധാനം, രചന, തിരക്കഥ, ഛായാഗ്രഹണം തുടങ്ങിയവ നിര്‍വഹിച്ചിരിക്കുന്നത് മുംബൈയില്‍ ഛായാഗ്രാഹകനായി ജോലി ചെയ്യുന്ന മലയാളി കെ.ഒ. അഖിലാണ്. കെ.ആര്‍.നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്സിലും പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലും അഖിലിന്റെ സഹപാഠികളായിരുന്നവരുടെ സംഘമാണ് ചിത്രത്തിന്റെ നിര്‍മാണത്തില്‍ സഹകരിച്ചത്. ചിത്രത്തില്‍ പി.കെ.റോസിയായി അഭിനയിച്ചത് അഭിരാമി ബോസാണ്.