Sports

വിജയ് മര്‍ച്ചന്റ് ട്രോഫിയില്‍ മുംബൈയ്‌ക്കെതിരെ സമനില പിടിച്ച് കേരളം

വിജയ് മര്‍ച്ചന്റ് ട്രോഫിയില്‍ കേരള – മുംബൈ മത്സരം സമനിലയില്‍. 300 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം നാല് വിക്കറ്റിന് 109 റണ്‍സെടുത്ത് നില്‍ക്കെ കളി അവസാനിക്കുകയായിരുന്നു. നേരത്തെ മുംബൈ രണ്ടാം ഇന്നിങ്‌സ് അഞ്ച് വിക്കറ്റിന് 184 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സെന്ന നിലയില്‍ മൂന്നാം ദിവസം ബാറ്റിങ് തുടങ്ങിയ കേരളത്തിന് നാല് റണ്‍സ് കൂടി മാത്രമാണ് കൂട്ടിച്ചേര്‍ക്കാനായത്. 223 റണ്‍സിന് കേരളത്തിന്റെ ആദ്യ ഇന്നിങ്‌സ് അവസാനിച്ചതോടെ മുംബൈ 115 റണ്‍സിന്റെ ലീഡ് സ്വന്തമാക്കി. 69 റണ്‍സെടുത്ത ഇഷാന്‍ കുനാലാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് തുടങ്ങിയ മുംബൈ വേഗത്തില്‍ തന്നെ ഇന്നിങ്‌സ് മുന്നോട്ടു നീക്കി. മികച്ച ലീഡുയര്‍ത്തി കേരളത്തിനെ വീണ്ടും ബാറ്റിങ്ങിന് ഇറക്കുകയായിരുന്നു മുംബൈയുടെ ലക്ഷ്യം. സ്‌കോര്‍ അഞ്ച് വിക്കറ്റിന് 184 റണ്‍സെന്ന നിലയില്‍ നില്‍ക്കെ മുംബൈ രണ്ടാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. മുംബൈയ്ക്ക് വേണ്ടി ഓപ്പണര്‍ വേദാന്ത് നിര്‍മ്മല്‍ 54 റണ്‍സെടുത്തു. തോമസ് മാത്യുവും മൊഹമ്മദ് റെയ്ഹാനും കേരളത്തിന് വേണ്ടി രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

300 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന്റേത് ഭേദപ്പെട്ട തുടക്കമായിരുന്നു. അര്‍ജുന്‍ ഹരിയും നെവിനും ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ 48 റണ്‍സ് നേടിയെങ്കിലും തുടരെ നാല് വിക്കറ്റുകള്‍ വീണത് കേരളത്തിന് തിരിച്ചടിയായി. എന്നാല്‍ ഒരറ്റത്ത് ഉറച്ച് നിന്ന അര്‍ജുന്‍ ഹരിയും ക്യാപ്റ്റന്‍ ഇഷാന്‍ രാജും ചേര്‍ന്ന് കേരളത്തിന് സമനില ഉറപ്പാക്കുകയായിരുന്നു. അര്‍ജുന്‍ ഹരി 63 റണ്‍സുമായും ഇഷാന്‍ രാജ് മൂന്ന് റണ്‍സുമായും പുറത്താകാതെ നിന്നു. മുംബൈയ്ക്ക് വേണ്ടി തനീഷ് ഷെട്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി. മത്സരത്തില്‍ കേരളത്തിന് ഒരു പോയിന്റും മുബൈക്ക് 3 പോയിന്റുമാണ്.