കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരിതെളിഞ്ഞു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന പ്രൗഢമായ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ഏതെങ്കിലുമൊരു വിഭാഗത്തിൽപ്പെട്ട ചിത്രങ്ങൾ മാത്രം സൃഷ്ടിക്കുകയോ ചില പ്രത്യേക കാഴ്ചപ്പാടുകൾ മാത്രം അവതരിപ്പിക്കുകയോ ചെയ്താൽ അതു സിനിമാ രംഗത്തിന്റെ ശോഷണത്തിനു മാത്രമേ വഴിവയ്ക്കൂ എന്നും വിവിധങ്ങളായ വിഷയങ്ങളേയും സാമൂഹിക യാഥാർഥ്യങ്ങളേയും പ്രതിഫലിപ്പിക്കാൻ കഴിയുന്ന കലാമൂല്യമുള്ള സിനിമകൾ സൃഷ്ടിക്കാനും സ്വീകരിക്കാനും സിനിമാ മേഖലയിലുള്ളവർ ശ്രദ്ധിക്കണമെന്നും ഐഎഫ്എഫ്കെ വേദിയിൽ ആദരിക്കപ്പെടുന്ന വ്യക്തിത്വങ്ങളെല്ലാം സ്ത്രീകളാണ് എന്നത് അഭിമാനകരമെന്നും മേള ഉദ്ഘാടനം ചെയ്ത് കൊണ്ട് മുഖ്യമന്ത്രി സംസാരിച്ചു.
ഐ എഫ് എഫ് കെയെ സംബന്ധിച്ച പ്രേക്ഷകപ്രതീക്ഷകൾ തെറ്റിക്കാത്ത വിധം മികച്ച പാക്കേജ് ഒരുക്കാൻ ഈ പതിപ്പിലും ചലച്ചിത്ര അക്കാദമിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. സിനിമയിലെ സ്ത്രീപ്രാതിനിധ്യത്തിന് പ്രാമുഖ്യം നൽകുന്ന മേളയാണിതെന്നും. ഏഷ്യയിലെ വനിതാ സംവിധായകരിൽ പ്രമുഖയായ ആൻ ഹുയിയെയാണ് ഉദ്ഘാടനച്ചടങ്ങിൽ ലൈഫ് ടൈം അച്ചീവ്മെൻ്റ് പുരസ്കാരം നൽകി ആദരിക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
50 വർഷം സിനിമാ അഭിനയത്തിൽ തുടരാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യം പ്രകടിപ്പിച്ച ഷബാന ആസ്മി കലാ ആസ്വാദനത്തിൽ മികച്ച പാരമ്പര്യമാണ് കേരളത്തിന്റേത്. കേരളത്തിലെ പ്രേക്ഷകരുടെ സ്‌നേഹം ഏറ്റുവാങ്ങുന്നത് എപ്പോഴും സന്തോഷമുള്ള കാര്യമാണെന്നും ഐഎഫ്എഫ്‌കെയുടെ ആദരം മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് ഏറ്റുവാങ്ങിയ ശേഷം പറഞ്ഞു. കൂടാതെ 1994ൽ കോഴിക്കോട് സംഘടിപ്പിച്ച ആദ്യ ഐഎഫ്എഫ്‌കെയിൽ പങ്കെടുത്തതിന്റെ ഓർമകളും ഷബാന ആസ്മി പങ്കുവച്ചു. സിനിമാലോകത്തും നാടകരംഗത്തും ഒരുപോലെ തിളങ്ങി നിൽക്കുന്ന ശബാന ആസ്മി അഭിനയജീവിതത്തിൽ 50 വർഷം തികയ്ക്കുന്ന വേളയിലാണ് ഐ എഫ് എഫ് കെയുടെ ഈ ആദരം.
ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, കെ എസ് എഫ് ഡി സി ചെയർമാൻ ഷാജി എൻ കരുൺ, സാംസ്‌കാരിക പ്രവർത്തകക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ, ഫിലിം ചേംബർ പ്രസിഡന്റ് ബി.ആർ. ജേക്കബ്, അക്കാദമി സെക്രട്ടറി സി. അജോയ്, ജനറൽ കൗൺസിൽ അംഗം കുക്കു പരമേശ്വരൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് നടന്ന ചടങ്ങിൽ ഉദ്ഘാടനചിത്രമായ ‘ഐ ആം സ്റ്റിൽ ഹിയർ’ പ്രദർശിപ്പിച്ചു. വിഖ്യാത ബ്രസീലിയൻ സംവിധായകൻ വാൾട്ടർ സാലസ് സംവിധാനംചെയ്ത ഈ പോർച്ചുഗീസ് ചിത്രം ബ്രസീൽ, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ സംയുക്ത സംരംഭമാണ്.
STORY HIGHLIGHT: 29th iffk starts today