ബഹിരാകാശത്തിലെ ദുരൂഹവസ്തുക്കളായ ഇരുണ്ട വാൽനക്ഷത്രങ്ങളിൽ 7 എണ്ണം കൂടി കണ്ടെത്തി നാസ. വാൽനക്ഷത്രങ്ങൾക്കും ഛിന്നഗ്രഹങ്ങൾക്കുമുള്ള ചില സവിശേഷതകൾ പൊതുവായി ഇവയ്ക്ക് കാണപ്പെടുന്നുണ്ട്. രണ്ടുവർഷം മുൻപാണ് ആദ്യമായി ഡാർക്ക് കോമറ്റ് എന്ന് ഇംഗ്ലിഷിൽ പേരുള്ള ഇരുണ്ട വാൽനക്ഷത്രത്തെ കണ്ടെത്തിയത്. തൊട്ടുപിന്നാലെ 6 എണ്ണത്തെക്കൂടി കണ്ടെത്തുകയായിരുന്നു. ഇപ്പോൾ കണ്ടെത്തിയ 7 എണ്ണം കൂടി കണക്കാക്കുമ്പോൾ ആകെ 14 വാൽനക്ഷത്രങ്ങൾ നമ്മുടെ അറിവിലുണ്ട്.
സാധാരണ വാൽനക്ഷത്രങ്ങൾക്കുള്ള വാതകനിബിഡമായ ‘വാൽ’ ഇവയ്ക്കില്ല. എന്നാൽ വാൽനക്ഷത്രങ്ങളെപ്പോലെയാണ് ഇവ സഞ്ചരിക്കുന്നത്. 2016ൽ 2003 ആർഎം എന്ന ബഹിരാകാശ വസ്തു ശാസ്ത്രജ്ഞരെ അതിശയിപ്പിച്ചു. ഛിന്നഗ്രഹമാണെന്നു കരുതിയ ഈ വസ്തുവിന്റെ ഭ്രമണപഥം മാറി മറിഞ്ഞിരുന്നു. വാൽനക്ഷത്രങ്ങളെപ്പോലെ വാതകങ്ങൾ പിന്നിലേക്കു വമിപ്പിച്ചുപോകുന്നതാണ് കാരണമെന്നും ശാസ്ത്രജ്ഞർ കണ്ടെത്തി.
2017ൽ മനുഷ്യരാശി ആദ്യമായി കണ്ടെത്തിയ ഔമാമുവ ഈ നിഗൂഢത കടുപ്പിച്ചു. ഛിന്നഗ്രഹത്തെപ്പോലെ ഇരിക്കുമ്പോഴും വാൽനക്ഷത്രങ്ങളെപ്പോലെ പെരുമാറുന്നതായിരുന്നു ഔമാമുവയുടെയും പ്രത്യേകത. ഇരുണ്ട വാൽനക്ഷത്രങ്ങൾ ബഹിരാകാശത്ത് വിചാരിച്ചതിലും കൂടുതലായുണ്ടെന്നുള്ള വസ്തുതയാണ് ഇതു വെളിവാക്കിയത്.ഇരുണ്ട കോമറ്റുകളെ രണ്ടായി തിരിച്ചിട്ടുണ്ട്. ചൊവ്വയ്ക്കപ്പുറം സൗരയൂഥത്തിന്റെ പുറംമേഖലകളിൽ സ്ഥിതി ചെയ്യുന്ന വലിയ കോമറ്റുകളും ചൊവ്വയ്ക്കിപ്പുറം സ്ഥിതി ചെയ്യുന്ന ചെറിയ കോമറ്റുകളും.
വലിയ കോമറ്റുകൾക്ക് ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥമാണ്. ചെറിയ കോമറ്റുകൾക്ക് വൃത്താകൃതിയിലുള്ള ഭ്രമണപഥവും.ഭൂമിയിൽ ജീവനുവേണ്ട രാസസംയുക്തങ്ങൾ കൊണ്ടുവന്നത് ഇവയാകാമെന്ന് ശാസ്ത്രജ്ഞർ സംശയിക്കുന്നുണ്ട്. അതിനാൽ ഇവയെപ്പറ്റിയുള്ള പഠനം പ്രാധാന്യമുള്ളതാണ്. ഭൂമിക്ക് അപകടമുണ്ടാക്കാനും ഇവയ്ക്കു കഴിവുണ്ടെന്ന് ചില ശാസ്ത്രജ്ഞർ വാദമുയർത്തുന്നുണ്ട്.
STORY HIGHLIGHTS: mysterious-dark-comets-nasa-discovery.h