Kerala

അൻവറിന്റെ ഫോൺ ചോർത്തൽ; കേന്ദ്ര, സംസ്ഥാന സർക്കാരിന് നോട്ടിസ് അയക്കാൻ നിർദ്ദേശം നൽകി ഹൈക്കോടതി – pv anvar illegal phone tapping

തന്റെ ഫോണും അൻവർ ചോർത്തിയെന്ന് സംശയമുണ്ടെന്നും ഹർജിക്കാരൻ അറിയിച്ചു

പോലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും ഉൾപ്പെടെ ഫോൺ സംഭാഷണങ്ങൾ ചോർത്തിയെന്ന പി.വി.അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു നൽകിയ ഹർജിയിൽ കേന്ദ്ര, സംസ്ഥാന സർക്കാരിന് ഉൾപ്പെടെ നോട്ടിസ് അയക്കാൻ നിർദേശം നൽകി ഹൈക്കോടതി.

താൻ നിയമവിരുദ്ധമായി ഫോൺ ചോർത്തിയെന്ന് പി.വി.അൻവർ എംഎൽഎ പരസ്യമായി പ്രഖ്യാപിച്ചതാണെന്നും ഇക്കാര്യത്തിൽ നിക്ഷ്പക്ഷമായി അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് കൊല്ലം സ്വദേശി മുരുകേഷ് നരേന്ദ്രനാണു ഹൈക്കോടതിയെ സമീപിച്ചത്. തന്റെ ഫോണും അൻവർ ചോർത്തിയെന്ന് സംശയമുണ്ടെന്നും ഹർജിക്കാരൻ അറിയിച്ചു.

സ്വർണക്കടത്ത്, കൊലപാതകവും ഉൾപ്പെടെയുള്ള ക്രിമിനൽ പ്രവർത്തനങ്ങൾ പുറത്തുകൊണ്ടുവരാനാണ് ഫോൺ ചോർത്തിയതെന്നായിരുന്നു എംഎൽഎ പറഞ്ഞത്. എന്നാൽ ഇത് സ്വകാര്യതയ്ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനുമടക്കമുള്ള അവകാശ ലംഘനമാണ്. വൻതുക മുടക്കി അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെ നിയമവിരുദ്ധമായി ഫോൺ ചോർത്തിയെന്ന് അൻവർ പരസ്യമായി വെളുപ്പെടുത്തിയിരുന്നു. ഇത് ഭരണഘടന ഉറപ്പു നൽകുന്ന അവകാശങ്ങൾക്കു നേരെയുള്ള തുറന്ന വെല്ലുവിളിയാണെന്നും സമർപ്പിച്ച ഹർജിയിൽ പറയുന്നുണ്ട്.

STORY HIGHLIGHT: pv anvar illegal phone tapping