Men

പുരുഷന്മാര്‍ ഹെയർ സ്ട്രെയ്റ്റനിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കണം !

ഇന്നത്തെ ന്യൂജെന്‍ പുരുഷന്മാര്‍ക്ക് മുടി സ്ത്രീകളേക്കാൾ ജീവനാണ്. മുടി സ്റ്റൈല്‍ ചെയ്യാനും വളർത്താനുമൊക്കെ അവർക്കും ആവേശം കൂടുതലാണ്. ഹെയര്‍ സ്‌ട്രെയ്റ്റനിങ്ങും കേളിങ്ങും, ഹെയര്‍ ട്രീറ്റ്‌മെന്റും നടത്തുന്ന പുരുഷന്മാരുണ്ട്. തങ്ങളുടെ മുടിയുടെ അനന്തമായ ഫാഷന്‍ സാധ്യതകള്‍ പരീക്ഷിക്കാനും പുരുഷന്മാര്‍ക്ക് മടിയില്ല. എന്നാല്‍ മുടിയെ സ്‌നേഹിക്കുന്ന പുരുഷന്മാര്‍ അടിക്കടി ഹെയര്‍ സ്‌ട്രെയ്റ്റനിങ്ങ് ചെയ്യുന്നത് നന്നാകില്ല എന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. ഈ കാരണങ്ങളാണ് അവര്‍ മുഖ്യമായും ചൂണ്ടിക്കാട്ടുന്നത്.

ശിരോചര്‍മത്തിന്റെ ഈര്‍പ്പം നിലനിർത്താന്‍ ശരീരം ചില എണ്ണകൾ ഉൽപാദിപ്പിക്കുന്നുണ്ട്. സ്ഥിരമായി സ്‌ട്രെയ്റ്റനിങ് ചെയ്യാന്‍ ചൂട് കൊടുക്കുന്നത് ശിരോചര്‍മത്തിലെ ഈ എണ്ണയെ നീക്കം ചെയ്യും. ഇത് തല ചൊറിച്ചിലിന് കാരണമാകും.

മുടി പിളർപ്പിനെ കുറിച്ച് പറഞ്ഞു കേട്ടിട്ടുണ്ടാവും. മുടിയുടെ അറ്റത്തു നിന്നാണ് അവയുടെ പിളർപ്പ് തുടങ്ങുന്നത്. സ്ഥിരമായ സ്‌ട്രെയ്റ്റനിങ് മുടിയുടെ വരൾച്ചയ്ക്ക് കാരണമാകുമ്പോൾ അവ പിളരാനുളള സാധ്യതയും വര്‍ധിക്കുന്നു.

ഹെയര്‍ സ്‌ട്രെയ്റ്റനിങ് മുടിയിലെ ഈര്‍പ്പം വലിച്ചെടുക്കും. ഇത് മുടി വല്ലാതെ വരളാൻ കാരണമാകും.സ്ട്രെയ്റ്റനിങ് പതിവാകുന്നത് മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്നു.

പ്രകൃതിദത്തമല്ലാത്ത ചൂടാണ് മുടിയില്‍ സ്‌ട്രെയ്റ്റനിങ് സമയത്ത് ഏല്‍പ്പിക്കുന്നത്. ഇത് മുടിയുടെ ബലം കുറയ്ക്കുകയും മുടി പൊട്ടാനും കൊഴിയാനും ഇടയാക്കുകയും ചെയ്യും.

മുടിയെ പരിചരിക്കുന്ന വിധം, കഴിക്കുന്ന ആഹാരം തുടങ്ങി പല ഘടകങ്ങളെ ആശ്രയിച്ചിരിക്കും മുടിയുടെ ഘടന. സ്ഥിരമായി ചൂട് പ്രയോഗിച്ചാല്‍ സ്വാഭാവികമായ ഘടന നഷ്ടപ്പെട്ട് മുടി മങ്ങലേറ്റതു പോലെയാകും.

Latest News