കോഴിക്കോട്: വീഡിയോ ചിത്രീകരണത്തിനിടെ യുവാവ് കാർ ഇടിച്ചു മരിച്ച സംഭവത്തിൽ രണ്ടാമത്തെ കാറിന്റെ ഡ്രൈവറായ തലക്കുളത്തൂർ സ്വദേശി എടശ്ശേരി വീട്ടിൽ മുഹമ്മദ് റഹീസി(32)നെ വെള്ളയിൽ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളും കൂട്ടുപ്രതിയാണ്. അപകടത്തിനു കാരണമായ കടുംനീല കാറിനൊപ്പം സഞ്ചരിച്ച കറുത്ത ആഡംബര കാർ ഓടിച്ചത് ഇയാളാണെന്നു പൊലീസ് പറഞ്ഞു. ഇയാളെ ജാമ്യത്തിൽ വിട്ടു. മരിച്ച വിഡിയോഗ്രഫർ ആൽവി(20)നെ ഇടിച്ച കടുംനീല കാർ ഹൈദരാബാദിലെ സ്ഥാപനത്തിന്റെ പേരിലാണെന്നു കണ്ടെത്തിയിരുന്നു. സ്ഥാപന നടത്തിപ്പുകാരൻ അശ്വിൻ ജെയിനിനു ഹാജരാകാൻ വെള്ളയിൽ പൊലീസ് നോട്ടിസ് നൽകി.