പണ്ടു മുതല്ക്കേ വീടുകളില് സ്ഥിരം ഉപയോഗിച്ചു വരുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് ഇഞ്ചി. ഒരുപാട് അസുഖങ്ങൾക്ക് പ്രതിവിധി ഇഞ്ചിയിലുണ്ട്. 108 കറികൾക്ക് സമാനമാണ് ഇഞ്ചിക്കറി എന്നാണ് പഴമക്കാർ പറയാറ്. ഇഞ്ചി കറികളിൽ മാത്രമല്ല , ചായയിലും, കഷായത്തിലും ചുക്കിന്റെ രൂപത്തിൽ പായസത്തിലും അങ്ങനെ എല്ലാം മലയാളികൾ ഇഞ്ചി ഉപയോഗപ്പെടുത്താറുണ്ട്. ഇഞ്ചി കൊണ്ട് മിഠായി ഉണ്ടാക്കുന്നതും വളരെ നല്ലതാണ്. ഏറെ കാലം കേടുകൂടാതെ സൂക്ഷിക്കാൻ കഴിയുന്ന ഒന്നാണ് ഇഞ്ചി മിഠായി. അതുപോലെ ജലദോഷവും പനിയും വരുന്ന സമയത്ത് ഇത് കഴിക്കാം. വളരെ എളുപ്പത്തിൽ എങ്ങനെ ഇഞ്ചി മിഠായി തയ്യാറാക്കാം എന്ന് നോകാം.
ചൂടായ ഒരു പാത്രത്തിലേക്ക് ഒരു കപ്പോളം ഉപ്പിട്ടതിനു ശേഷം 150 ഗ്രാം ഇഞ്ചി ഇട്ട് തിളപ്പിക്കുക. ഏഴ് മുതൽ എട്ട് മിനിറ്റ് വരെ ഇളക്കിയതിനു ശേഷം ഇഞ്ചി നല്ലതു പോലെ സോഫ്റ്റ് ആകും. ശേഷം ഉപ്പിൽ നിന്നും ഇഞ്ചി വെള്ളത്തിലേക്ക് മാറ്റാം.
തൊലി പൊളിച്ച് ചെറുകഷ്ണങ്ങളാക്കിയ ഇഞ്ചിയുടെ കൂടെ പുതിനയിലയും രാമതുളസിയുടെ ഇലയും കൂടെ ചേർത്ത് ഒരു മിക്സിയുടെ ജാറിൽ നന്നായി അരച്ചെടുക്കാം. അരച്ചെടുത്ത ഇഞ്ചിയുടെ കൂട്ട് ഒരു പാനിലേക്ക് മാറ്റിയതിനു ശേഷം ശർക്കര, അയമോദകം, മഞ്ഞൾ പൊടി, എന്നിവ കൂടെ ചേർത്ത് നന്നായി പാകം ചെയ്തെടുക്കുക. അവസാനം കുറച്ച് നെയ്യ് കൂടി ചേർക്കാം.
ഈ കൂട്ട് പാനിൽ നിന്നും വിട്ടുവരുമ്പോൾ തീ അണയ്ക്കാവുന്നതാണ്. തണുത്തതിനു ശേഷം കൈകളിൽ നെയ്യ് തടവി കുറച്ചെടുത്ത് ചെറിയ ബോൾ രൂപത്തിൽ ഉരുട്ടിയെടുക്കാം. കൽക്കണ്ടത്തിന്റെ പൊടിയിൽ പൊതിഞ്ഞെടുക്കുന്നതോടെ ഇഞ്ചി മിഠായി റെഡി. ജലദോഷം, ചുമ തുടങ്ങിയവയിൽ നിന്നും ഉടനടി ആശ്വാസം കിട്ടാൻ ഇഞ്ചി മിഠായി വളരെ നല്ലതാണ്.