കൊല്ലം: സിനിമാതാരം അനുശ്രീയുടെ പിതാവിൻ്റെ കാർ മോഷ്ടിച്ചതിന് പിടിയിലായ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി പൊലീസ്. കൊല്ലം കൊട്ടാരക്കരയിൽ നിന്ന് കഴിഞ്ഞ ദിവസം പിടിയിലായ പ്രബിൻ നിരവധി വാഹന മോഷണ കേസുകളിൽ പ്രതിയെന്ന് പൊലീസ് പറഞ്ഞു. തിരുവനന്തപുരം നെടുമങ്ങാട് തെന്നൂർ സ്വദേശിയാണ് പ്രബിൻ. പ്രബിനെ തേടി പത്തിൽ അധികം സ്റ്റേഷനുകളിൽ നിന്നാണ് കൊട്ടാരക്കര പോലീസിന് വിളി എത്തിയത്.
ഇഞ്ചക്കാട്ടെ സെക്കൻഡ് ഹാൻഡ് കാർ ഷോറൂമിൽ നിന്നാണ് അനുശ്രീയുടെ പിതാവിന്റെ കാർ പ്രതിയായ പ്രബിൻ മോഷ്ടിച്ചത്. വർക്ഷോപ്പിന് മുന്നിൽ നിർത്തിയിട്ടിരുന്ന മറ്റൊരു കാറിന്റെ നമ്പർ പ്ലേറ്റ് ഇളക്കിയെടുത്ത് മോഷ്ടിച്ച കാറിൽ ഘടിപ്പിച്ചു. തുടർന്ന് ഈ കാറിൽ കറങ്ങി നടന്ന് വെള്ളറടയിലെയും പത്തനംതിട്ട പെരിനാട്ടെയും റബർ ഷീറ്റ് കടകൾ കുത്തിത്തുറന്ന് 900 കിലോ ഷീറ്റും പണവും കവർന്നു. മോഷ്ടിച്ച റബർ ഷീറ്റ് പൊൻകുന്നത്തെ കടയിൽ വിറ്റു.
അവിടെ നിന്നും യാത്ര തുടർന്ന് പെരിനാട് ഭാഗത്തുള്ള റബർ കട കുത്തിത്തുറന്ന് 400 കിലോ റബർ ഷീറ്റ് മോഷ്ടിച്ചു. റബർഷീറ്റ് പൊൻകുന്നത്ത് വിറ്റ ശേഷം പെൺസുഹൃത്തിനെ കാണാൻ കോഴിക്കോട്ടേക്ക് ഉള്ള യാത്രയ്ക്കിടെ കാർ അപകടത്തിൽ പെട്ടു. വാഹനം ഉപേക്ഷിച്ച ശേഷം ബൈക്കിൽ കോഴിക്കോട്ടേക്ക് പോകും വഴിയാണ് പൊലീസ് കൊട്ടാരക്കര വച്ച് പ്രബിനെ പിടികൂടിയത്. കാർ മോഷണത്തിന് പിടിയിലായ പ്രബിൻ ജൂലൈയിലാണ് ജയിൽ മോചിതനായത്. അതിനു ശേഷം അഞ്ചിൽ അധികം മോഷണങ്ങൾ പ്രതി നടത്തിയതായാണ് പ്രാഥമിക വിവരം.