Kerala

ക്രിസ്മസ് പരീക്ഷയുടെ ചോദ്യ പേപ്പർ ചോർച്ച സ്ഥിരീകരിച്ചു; യൂട്യൂബ് ചാനലുകൾക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് വി ശിവന്‍കുട്ടി | question paper leak

കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: എസ്എസ്എൽസി, ഹയർ സെക്കൻഡറി ക്രിസ്മസ് പരീക്ഷയുടെ ചോദ്യ പേപ്പറുകൾ ചോർന്നെന്ന വിവരം സ്ഥിരീകിരിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സംഭവത്തിൽ അന്വേഷണം ആരംഭിച്ച് വിദ്യാഭ്യാസ വകുപ്പ്. ചോദ്യ പേപ്പർ എങ്ങനെ പുറത്തായി എന്നത് പരിശോധിക്കും. ചോദ്യ പേപ്പർ തയ്യാറാക്കുന്ന അധ്യാപകർക്കോ, ചുമതലയുള്ള ഉദ്യോഗസ്ഥർക്കോ യൂട്യൂബ് ചാനലുമായി ബന്ധമുണ്ടോയെന്നും പരിശോധിക്കും.

ഇപ്പോൾ ഉണ്ടായത് ഗൗരവമുള്ള ആരോപണം ആണെന്നും കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ചോദ്യപേപ്പർ ചോർത്തുന്ന യൂട്യൂബുകാർക്കും ട്യൂഷൻ സെന്ററുകൾക്കും താൽക്കാലിക ലാഭം ഉണ്ടാകും. വലിയ നേട്ടമായാണ് അവർ ഇത് പറയുന്നത്. യൂട്യൂബ് ചാനലുകളിൽ ഇരുന്നു പറയുന്നതും മിടുക്കായി കാണേണ്ട കാര്യമില്ല. ചോദ്യപേപ്പർ തയ്യാറാക്കുന്നവരും വിതരണം ചെയ്യുന്നവരും അറിയാതെ അത് പുറത്തു പോകില്ല. ഇത് പൊതു വിദ്യാഭ്യാസ മേഖലയോടുള്ള വെല്ലുവിളി ആണെന്നും പരീക്ഷ നടത്തിപ്പിൽ ഒരു വിട്ടുവീഴ്ചയ്ക്കും സർക്കാർ തയ്യാറല്ല എന്നും മന്ത്രി പറഞ്ഞു.

ചോദ്യപേപ്പർ പ്രസിദ്ധീകരിച്ച യൂട്യൂബ് ചാനലുകൾക്കെതിരെ നടപടി ഉണ്ടാകും. സ്വകാര്യ ട്യൂഷൻ സെന്ററിൽ ജോലി ചെയ്യുന്ന പൊതു വിദ്യാഭ്യാസ വകുപ്പിലെ അധ്യാപകരുടെ വിവരങ്ങളും ശേഖരിക്കും. അവരിലേക്കും അന്വേഷണം ഉണ്ടാകും. ചോർന്ന പരീക്ഷകൾ വീണ്ടും നടത്തുന്നതിൽ പിന്നീട് ആയിരിക്കും തീരുമാനം. ഇപ്പോഴത്തെ പരീക്ഷ കുട്ടികളുടെ ഭാവിയെ ബാധിക്കുന്ന കാര്യമല്ല. സ്വകാര്യ ട്യൂഷൻ എടുക്കുന്നതിൽ അധ്യാപകർക്ക് നിലവിൽ നിയന്ത്രണമുണ്ട്. എന്നാൽ പലർക്കും എതിരെ നടപടിയും എടുത്തിട്ടുണ്ട്. കണക്കുകൾ പിന്നീട് പുറത്തുവിടുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

STORY HIGHLIGHT: question paper leak strict action will be taken