Kerala

മെക്ക് 7ന് പിന്നിൽ എസ്ഡിപിഐയും ജമാ അത്തെ ഇസ്ലാമിയുമെന്ന് സിപിഎം; വ്യായാമ കൂട്ടായ്മ സംശയത്തിന്റെ നിഴലിൽ? | mec7

വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ മുൻ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുമുണ്ടെന്നും ആരോപണം ഉയരുന്നു

കോഴിക്കോട്: മലബാർ മേഖലയിലെ മെക് 7 എന്ന വ്യായാമ കൂട്ടായ്മയ്ക്കെതിരെ വൻ വിമർശനം ഉയരുന്നു. മെക്ക് 7ന് പിന്നിൽ എസ്ഡിപിഐയും ജമാ അത്തെ ഇസ്ലാമിയുമെന്ന് ആണ് സിപിഎം ആരോപണം. വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ മുൻ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുമുണ്ടെന്നും ആരോപണം ഉയരുന്നു. സംഭവം കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ഹിന്ദു ഐക്യവേദിയും ആവശ്യപ്പെട്ടു.

മെക് സെവൻ എന്നറിയപ്പെടുന്ന മള്‍ട്ടി എക്‌സര്‍സൈസ് കോമ്പിനേഷന്‍ വ്യായാമത്തിനെതിരെ ഒരു വിഭാഗം സുന്നി നേതാക്കളും രംഗത്തെത്തി. മെക് സെവന് പിന്നിൽ ജമാഅത്തെ ഇസ്ലാമിയാണെന്നും സുന്നി വിശ്വാസികൾ ഇതിൽ പെട്ടുപോകരുതെന്നുമാണ് സമസ്ത നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. അതേസമയം മെക് സെവന്‍ വ്യായാമമുറ അഭ്യസിക്കാന്‍ ഒരു മുസ്ലീം ലീഗ് പ്രവര്‍ത്തകനാണ് തന്നെ കൊണ്ടു പോയതെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസി‍ഡണ്ട് സി.പി.എ ലത്തീഫ് പറഞ്ഞു.

മെക് 7 വ്യായാമം പി.കെ. കുഞ്ഞാലിക്കുട്ടി ചെയ്യുന്നതിന്‍റെ വീഡിയോയും താന്‍ കണ്ടതാണ്. പ്രോത്സാഹിപ്പിക്കേണ്ട വ്യായാമമുറയാണെന്നാണ് തന്‍റെ അഭിപ്രായം. എന്നാല്‍ എസ്ഡിപിഐക്ക് മെക് 7നുമായി ബന്ധമില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കാരും മെക് 7 നില്‍ പങ്കെടുക്കുന്നുണ്ടെന്നും സിപിഎ ലത്തീഫ് കോഴിക്കോട് പറഞ്ഞു. അതേസമയം ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും എല്ലാ രാഷ്ട്രീയ പാർട്ടികളിൽപ്പെട്ടവരും കൂട്ടായ്മയിൽ ഉണ്ടെന്നുമാണ് മെക് സെവൻ അധികൃതരുടെ വിശദീകരണം.

മെക് സെവൻ കൂട്ടായ്മക്ക് പിന്നിൽ ജമാഅത്തെ ഇസ്ലാമിയോ പോപ്പുലർ ഫ്രണ്ടോ അല്ലെന്ന് മെക് സെവൻ കൂട്ടായ്മ കാലിക്കറ്റ് ചീഫ് കോഡിനേറ്റർ ടി പിഎം ഹാഷിറലി വ്യക്തമാക്കി. ആരോഗ്യ സംരക്ഷണത്തിന് 21 മിനുറ്റ് നീളുന്ന വ്യായാമ പദ്ധതിയാണ് മെക് സെവൻ. മലപ്പുറം തുറക്കലിലെ മുൻ സൈനിക ഉദ്യോഗസ്ഥനായിരുന്ന ക്യാപ്റ്റൻ സ്വലാഹുദ്ധീനാണ് മെക് സെവന് നേതൃത്വം നൽകുന്നത്.

കോഴിക്കോടും പരിസര പ്രദേശങ്ങളിലും കേന്ദ്രീകരിച്ച് ആരംഭിച്ച മെക് 7ന്റെ വളർച്ച വളരെ പെട്ടെന്നായിരുന്നു. സാധാരണക്കാരായ ആളുകളെയാണ് ഇവർ പ്രധാനമായും നോട്ടമിട്ടിരുന്നത്. വ്യായാമ ക്യാമ്പകളും മറ്റ് സംഘടിപ്പിച്ചാണ് ആളുകളെ ആകർഷിച്ചിരുന്നത്. മെക് 7 കേരളത്തിൽ മാത്രമല്ല ജിസിസി രാജ്യങ്ങളിലും വേരുറപ്പിച്ച് കഴിഞ്ഞു. വാട്സ്അപ്പ് ​ഗ്രൂപ്പ് വഴിയാണ് ഇവർ പ്രവർത്തനങ്ങൾ ഏകോപിക്കുന്നത്.

അന്വേഷണ ഏജൻസികൾ ഇവരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നുണ്ടന്നാണ് വിവരം. 1990 കളിൽ നാദാപുരം കേന്ദ്രീകരിച്ച് പ്രവർത്തിച്ച നാദാപുരം ഡിഫൻസ് ഫോഴ്സിന്റെ അതേ സ്വഭാവമാണ് മെക്7 നും. കായികശേഷിയുള്ള ചെറുപ്പക്കാരെ പ്രത്യേകം തെരഞ്ഞ് പിടിച്ചാണ് നാദാപുരം ഡിഫൻസ് ഫോഴ്സിന്റെ ഭാ​ഗമാക്കി ആയുധ പരിശീലനം അടക്കം നൽകുകയായിരുന്നു.. ഇവരും ആദ്യഘട്ടത്തിൽ സാധാരണ കൂട്ടായ്മ ആയാണ് പ്രവർത്തിച്ചിരുന്നത്. പിന്നീട് ഇതേ കൂട്ടായ്മയാണ് പിഎഫ്ഐയുടെ പൂർവ്വ രൂപമായ എൻഡിഎഫ് ആയി മാറിയത്.

STORY HIGHLIGHT: cpm and samasta against mec7 exercise plan