നല്ല രസം ഉണ്ടാക്കൽ ചില്ലറകാര്യമല്ല. ദഹനത്തിനു സഹായിക്കുന്ന രസം ചോറിനൊപ്പം കഴിക്കുന്നത് പോലെ തന്നെ വെറുതെ കുടിക്കാനും ഒരു രസമാണ്. ഗ്യാസ്ട്രബിൾ, ദഹനക്കുറവ് തുടങ്ങി ജലദോഷത്തിനുവരെ കുറച്ച് രസം കുടിച്ചാൽ മതി. ഇവിടെ തയാറാക്കുന്ന മാങ്ങ രസം വ്യത്യസ്തവും രുചികരവുമായൊരു രസക്കൂട്ടാണ്. സദ്യയ്ക്കു വിളമ്പാൻ പറ്റുന്ന മാങ്ങാരുചിയുള്ള ഈ രസം നിങ്ങൾക്കും ഇഷ്ടപ്പെടും.
ചേരുവകൾ
പരിപ്പ് – ½ കപ്പ്
പഴുത്തു തുടങ്ങിയ മാങ്ങ – ½ കപ്പ്
ഉണക്കമുളക് ചതച്ചത് – 1 ടീസ്പൂൺ
കുരുമുളക് ചതച്ചത് – 2 ടീസ്പൂൺ
ജീരകം ചതച്ചത് – 2 ടീസ്പൂൺ
കായം
വെളുത്തുള്ളി – 6 അല്ലി
എണ്ണ – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
മല്ലിയില
കടുക് വറുക്കാൻ
കടുക് – 1 ടീസ്പൂൺ
ഉണക്കമുളക് – 2 എണ്ണം
ഉലുവ – ¼ ടീസ്പൂൺ
കറിവേപ്പില – ആവശ്യത്തിന്
തയാറാക്കുന്ന വിധം
പ്രഷർ കുക്കറിൽ പരിപ്പ്, മാങ്ങാ, ചതച്ച ഉണക്ക മുളക്, ജീരകം, കുരുമുളക്, വെളുത്തുള്ളി, ഉപ്പ്, കായം എന്നിവ ആവശ്യത്തിന് വെള്ളം ചേർത്ത് രണ്ടു വിസിൽ വരുന്നതു വരെ വേവിക്കുക. ആവി പോയ ശേഷം ഒരു തവി ഉപയോഗിച്ച് നന്നായി ഉടച്ചെടുക്കുക. ഒരു അരിപ്പ ഉപയോഗിച്ച് അരിച്ചൊഴിക്കാം. ഇതിലേക്ക് ആവശ്യത്തിന് മല്ലിയില ചേർക്കുക. പാനിൽ എണ്ണ ചൂടായി കഴിയുമ്പോൾ കടുകും ഉലുവയും ഉണക്കമുളകും കറിവേപ്പിലയും ചേർത്ത് കടുക്പൊട്ടിച്ച് രസത്തിലേക്ക് ഒഴിക്കാം.