ഭോപ്പാല്: ഇഡിയ്ക്കെതിരെ കുറിപ്പ് എഴുതിവെച്ച ശേഷം വ്യവസായിയും ഭാര്യയും ആത്മഹത്യ ചെയ്തു. കോൺഗ്രസ് അനുഭാവിയായ വ്യവസായി മനോജ് പർമറും ഭാര്യ നേഹ പർമറും ആണ് ജീവനൊടുക്കിയത്. മധ്യപ്രദേശിൽ ആണ് സംഭവം. ഇഡി ഉദ്യോഗസ്ഥർ തങ്ങളെ ശാരീരികമായും മാനസികവുമായും പീഡിപ്പിച്ച് എന്ന് ആരോപിച്ചുള്ള ആറു പേജ് ഉള്ള ആത്മഹത്യ കുറുപ്പ് ആണ് സംഭവം സ്ഥലത്തുനിന്നും കണ്ടെടുത്തത്.
പഞ്ചാബ് നാഷണൽ ബാങ്കുമായി ബന്ധപ്പെട്ട് ആറ് കോടിയുടെ തട്ടിപ്പ് നടത്തിയതിനാണ് മനോജിനെതിരെ കേസ് രജിസ്റ്റർ ചെയ്തതെന്നാണ് ഇഡി പറയുന്നത്. ഇക്കഴിഞ്ഞ ഡിസംബറിൽ മനോജിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ് നടത്തി സ്ഥാവര ജംഗമ വസ്തുക്കൾ കണ്ടുകെട്ടുകയും അക്കൗണ്ടിലെ 3.5 ലക്ഷം രൂപ മരവിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ മനോജിനെ ഇഡി അറസ്റ്റ് ചെയ്തു. ഇതിന് ശേഷം മനോജ് കടുത്ത മാനസിക സമ്മർദം നേരിട്ടിരുന്നതായാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്.
മനോജ് പർമറുടെയും ഭാര്യയുടെയും മരണത്തിൽ ഇഡിക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. ഭാരത് ജോഡോ യാത്രയ്ക്കിടെ കോൺഗ്രസ് നേതാവും ലോക്സഭാംഗവുമായ രാഹുൽ ഗാന്ധിക്ക് ദമ്പതികളുടെ മക്കൾ ഒരു കുടുക്ക (പിഗ്ഗി ബാങ്ക്) സമ്മാനിച്ചിരുന്നുവെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി മനോജ് പർമറിനെ ഇഡി വേട്ടയാടിയെന്നുമാണ് കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിങ് പറഞ്ഞത്. മനോജിന്റെയും ഭാര്യയുടെയും ആത്മഹത്യയല്ല, മറിച്ച് കൊലപാതകമെന്ന് കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ കമൽനാഥും പറഞ്ഞു. മരണത്തിലേക്ക് നയിച്ച സംഭവങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്നും കമൽനാഥ് ആവശ്യപ്പെട്ടു.
STORY HIGHLIGHT: businessman and his wife committed suicide