ദില്ലി: പാർലമെന്റിലെ ഭരണഘടന ചർച്ചയിൽ ബിജെപിയെ രൂക്ഷമായി വിമർശിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. നവീന ഇന്ത്യയുടെ രേഖയാണ് ഭരണഘടന എന്നും ഗാന്ധിയുടെയും നെഹ്റുവിന്റെയും അംബേദ്കറിന്റെയും ഒക്കെ ആശയങ്ങളാണ് ഭരണഘടനയിലുള്ളതെന്നും രാഹുൽഗാന്ധി പറഞ്ഞു. ഭരണഘടനയുടെ ഒരു ചെറിയ പതിപ്പ് കയ്യിൽ കരുതിയായിരുന്നു രാഹുലിന്റെ സംസാരം.
ഭരണഘടനയിൽ ഇന്ത്യയുടേതായി ഒന്നുമില്ലെന്നാണ് സവർക്കർ പറഞ്ഞത്. മനു സ്മൃതിയാണ് ഔദ്യോഗിക രേഖയെന്നതായിരുന്നു വാദം. ഇന്നും ബിജെപിയുടെ നിയമസംഹിത മനുസ്മൃതിയാണ്, ഭരണ ഘടനയല്ല. സവർക്കറെ വിമർശിച്ചാൽ തന്നെ കുറ്റക്കാരനാക്കും. രാജ്യത്തെ പിന്നാക്കം കൊണ്ടുപോകാനാണ് ബിജെപിയുടെ ശ്രമമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഏകലവ്യൻ്റെ വിരൽ മുറിച്ച പോലെയാണ് ഇന്നത്തെ ഇന്ത്യൻ യുവതയുടെ സ്ഥിതി. അദാനിക്ക് അവസരം നൽകിയും, ലാറ്ററൽ എൻട്രി അവസരം നൽകിയും രാജ്യത്തെ യുവാക്കൾക്ക് അവസരം ഇല്ലാതാക്കുകയാണ്. കർഷകരുടെ വിരൽ മുറിക്കുന്നു. ഇന്നത്തെ മുദ്ര വിരൽ നഷ്ടപ്പെട്ട കൈയാണ്. ഭരണഘടനയിൽ എഴുതി വയ്ക്കാത്ത വിഷയങ്ങളാണ് താൻ ഉന്നയിക്കുന്നത്. ഭരണഘടനക്കൊപ്പം നീതി നിഷേധവും ചർച്ച ചെയ്യപ്പെടണമെന്നും രാഹുൽഗാന്ധി പറഞ്ഞു.
STORY HIGHLIGHT: rahul gandhi constitution debate in loksabha