ലോകത്തിലെ ഏറ്റവും ആഴമുള്ള കടലുകളിൽ ഒന്നിൽ വെളുത്തനിറമുള്ള ഒരു ഭയാനക ജീവിയെ കണ്ടെത്തി. കൊഞ്ചും ഞണ്ടുമടങ്ങുന്ന ക്രസ്‌റ്റേഷ്യൻ ജീവിവിഭാഗത്തിൽപെട്ട ഈ ജീവിക്ക് അപാരമായ ശരീരവലുപ്പമാണ്. കിഴക്കൻ പസിഫിക് സമുദ്രത്തിലെ അറ്റക്കാമ ട്രെഞ്ചിൽ ഏകദേശം 8 കിലോമീറ്റർ താഴ്ചയിലാണ് ഈ ജീവി വെട്ടപ്പെട്ടത്. ഡുൽസിബെല്ല കാമൻചാക എന്നാണ് ഈ ജീവിയുടെ പേര്. ക്രസ്റ്റേഷ്യൻ കുടുംബത്തിൽതന്നെ കൊഞ്ചുവിഭാഗമായ ആംഫിപോഡിൽ ഉൾപ്പെട്ടതാണ് ഈ ജീവി. കിഴക്കൻ പസിഫിക് സമുദ്രത്തിലെ അറ്റക്കാമ ട്രെഞ്ചിലാണ് ഇതിനെ കണ്ടെത്തിയത്.
ചെറിയ ജീവികളെ വേട്ടയാടി ജീവിക്കുന്ന കടലിലെ വേട്ടക്കാരനാണ് ഈ ജീവി. ചെറുജീവികളെ വേട്ടയാടാനായി പ്രത്യേക ഘടനകളും ഇവയുടെ ശരീരത്തിലുണ്ട്. വുഡ്‌സ് ഹോൾ ഓഷനോഗ്രഫിക് ഇൻസ്റ്റിറ്റിയൂഷൻ, ഇൻസ്റ്റിറ്റ്യൂട്ടോ മിലേനോ ഡി ഓഷ്യനോഗ്രഫിയ എന്നീ സ്ഥാപനങ്ങളുടെ നേതൃത്വത്തിലായിരുന്നു പര്യവേക്ഷണം. പസിഫിക് മഹാസമുദ്രത്തിലെ ആഴം കൂടിയ മേഖലയാണ് അറ്റക്കാമ ട്രെഞ്ച്. ചിലെ, പെറു എന്നീ തെക്കൻ അമേരിക്കൻ രാജ്യങ്ങളുടെ തീരത്തു നിന്നു മാറിയാണ് ഇത് സ്ഥിതി ചെയ്യുന്നത്. തെക്കുകിഴക്കൻ പസിഫിക് സമുദ്രത്തിന്റെ ഏറ്റവും ആഴമുള്ള മേഖലയാണ് ട്രെഞ്ച്.തെക്കൻ അമേരിക്കൻ ഭൂഖണ്ഡ പ്ലേറ്റിനു കീഴിലായുള്ള നാസ്ക ഓഷ്യാനിക് പ്ലേറ്റിന്റെ ചലനങ്ങൾ കാരണമാണ് ട്രെഞ്ച് രൂപീകരിക്കപ്പെട്ടത്.
തെക്കൻ അമേരിക്കയുടെ പടിഞ്ഞാറൻ തീരത്തിനു സമാന്തരമായി ഏകദേശം 5000 കിലോമീറ്ററോളം നീളത്തിലാണ് ഈ ട്രെഞ്ച് സ്ഥിതി ചെയ്യുന്നത്. കടൽക്കുമ്പളങ്ങ എന്നറിയപ്പെടുന്ന ഹോളോത്തൂറിയൻ വിഭാഗത്തിലുള്ള ജീവികൾ ട്രെഞ്ചിന്റെ അടിത്തട്ടിൽ ധാരാളമായി അധിവസിക്കുന്നു. ഇത്രയും ആഴത്തിലുള്ള മേഖലയായതിനാൽ പ്രകാശം എത്താത്ത ഇടമാണ് ഈ അടിത്തട്ട്. 25,351 അടി താഴ്ചയിലുള്ള റിച്ചാർഡ് ഡീപ് എന്ന മേഖലയാണു ട്രെഞ്ചിലെ ഏറ്റവും ആഴമുള്ള ഭാഗമെന്നായിരുന്നു ഇതുവരെയുള്ള ധാരണ. എന്നാൽ ഇതു തെറ്റാണെന്ന് ഇടക്കാലത്ത് കണ്ടെത്തി. 26,814 അടി ആഴമുള്ള മറ്റൊരു മേഖലയും ട്രെഞ്ചിൽ സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന് ഇനിയും പേരു നൽകിയിട്ടില്ല. ലോകത്തിലെ സമുദ്രങ്ങളിൽ ഏറ്റവും ആഴമുള്ള മേഖല പസിഫിക് സമുദ്രത്തിൽ തന്നെ സ്ഥിതി ചെയ്യുന്ന മരിയാന ട്രെഞ്ചിലെ ചലഞ്ചർ ഡീപ്പാണ്. സമുദ്രനിരപ്പിൽ നിന്ന് 35,876 അടി താഴ്ചയിലാണ് ചലഞ്ചർ ഡീപ് സ്ഥിതി ചെയ്യുന്നത്. ഇതുവരെ 13 ആളുകൾ ചലഞ്ചർ ഡീപ്പിന്റെ അടിത്തട്ടിലെത്തിയിട്ടുണ്ട്.
STORY HIGHLIGHTS: deep-sea-creature-atacama-trench