Sports

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തോല്‍വി | kerala-blasters-vs-mohun-bagan-isl

.  ജീസെസ് ജിമിനെസ്, മിലോസ് ഡ്രിന്‍സിച്ച് എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോളുകള്‍ നേടിയത്

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തോല്‍വി. ഇത്തവണ എവേ മത്സരത്തില്‍ മോഹന്‍ ബഗാനെതിരെ 3-2നാണ് ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെട്ടത്. ഒരു തവണ ലീഡെടുത്ത ശേഷമായിരുന്നു മഞ്ഞപ്പടയുടെ തോല്‍വി. ജാമി മക്ലാരന്‍, ജേസണ്‍ കമ്മിംഗ്‌സ്്, ആല്‍ബെര്‍ട്ടോ റോഡ്രിഗസ് എന്നിവര്‍ ബഗാന്റെ ഗോളുകള്‍ നേടി. ഇഞ്ചുറി സമത്തായിരുന്നു റോഡ്രിഗസിന്റെ വിജയഗോള്‍.  ജീസെസ് ജിമിനെസ്, മിലോസ് ഡ്രിന്‍സിച്ച് എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോളുകള്‍ നേടിയത്. തോല്‍വിയോടെ ബഗാന്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. 11 മത്സരങ്ങളില്‍ 26 പോയിന്റാണ് അവര്‍ക്ക്. ബ്ലാസ്‌റ്റേഴ്‌സ് പത്താം സ്ഥാനത്ത് തുടരുന്നു. 12 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്ലാസ്റ്റേഴ്‌സിന് 11 പോയിന്റാണുള്ളത്.

മത്സരത്തിന്റെ ആദ്യ പാതിയില്‍ തന്നെ ബ്ലാസ്റ്റേഴ്‌സിന് പിന്നിലായി. 33-ാം മിറ്റില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഗോള്‍ കീപ്പര്‍ സച്ചിന്‍ സുരേഷിന്റെ പിഴവില്‍ നിന്നായിരുന്നു ബഗാന്റെ ഗോള്‍. അനായാസം കയ്യിലൊതുക്കവുന്ന പന്ത് സുരേഷിന്റെ കയ്യി നിന്ന് വഴുതി വീണു. അവസരം മുതലെടുത്ത മക്ലാരന്‍ വലകുലുക്കി. ആദ്യപാതി ആ നിലയില്‍ അവസാനിക്കുകയും ചെയ്തു. രണ്ടാം പാതിയില്‍ ബ്ലാസ്റ്റേഴ്‌സ് മത്സരത്തിലേക്ക് തിരിച്ചെത്തി. ഇത്തവണ ബഗാന്റെ പ്രതിരോധത്തിലുണ്ടായ പിഴവ് ജിമിനെസ് മുതലെടുത്തു. 51 മിനിറ്റിലായിരുന്നു സമനില ഗോള്‍.

77-ാം മിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് ലീഡെടുത്തു. ഇത്തവണ ബഗാന്‍ ഗോള്‍ കീപ്പര്‍ വിശാല്‍ കെയ്ത്തിന് സംഭവിച്ച പിഴവാണ് ഗോളായി മാറിയത്. കയ്യില്‍ നിന്ന് വഴുതിയ പന്ത് മിലോസ് അനായാസം ഗോളാക്കി മാറ്റി. എന്നാല്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ആഘോഷത്തിന് ആറ് മിനിറ്റ് മാത്രമായിരുന്നു ആയുസ്. കമ്മിംഗ്‌സിന്റെ സമനില ഗോളെത്തി. മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരം ആഷിഖ് കുരുണിയന്‍ തുടക്കമിട്ട നീക്കമാണ് ഗോളില്‍ അവസാനിച്ചത്. സമനിലിയെങ്കില്‍ സമനില എന്ന രീതിയായി. 2-2ന് മത്സരം അവസാനിച്ചെന്നിരിക്കെയാണ് റോഡ്രിഗ്‌സ ഇടിമിന്നലായത്. ബോക്‌സിന് പുറത്തുനിന്നുള്ള ഒരു ബുള്ളറ്റ് ഷോട്ട് സുരേഷിനെ കീഴടക്കി വലയിലേക്ക്. സ്‌കോര്‍ 3-2.

തോല്‍വിയുടെ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ തുലാസിലായി. ഇനി പ്ലേ ഓഫ് കളിക്കണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണം.

content highlight: kerala-blasters-vs-mohun-bagan-isl