World

യൂന്‍ പുറത്തേക്ക്; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പാര്‍ലമെന്റ് ഇംപീച്ച് ചെയ്തു | South Korea President Yoon Suk Yeol Impeached

എട്ട് വോട്ടുകള്‍ അസാധുവാകുകയും മൂന്നുപേര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു

ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യൂളിനെ പാര്‍ലമെന്റ് ഇംപീച്ച് ചെയ്തു. ഇംപീച്ച്‌മെന്റ് പ്രമേയത്തിന് പാര്‍ലമെന്റില്‍ 204 വോട്ടുകളാണ് കിട്ടിയത്. 85 പേര്‍ ഇംപീച്ച്‌മെന്റിന് എതിരായും വോട്ടുചെയ്തു. 300 അംഗങ്ങളാണ് പാര്‍ലമെന്റിലുള്ളത്. വിവാദമായ പട്ടാളനിയമത്തിന് പിന്നാലെ രാജ്യത്തെമ്പാടും പ്രതിഷേധപ്രകടനങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് പ്രസിഡന്റിനെ ഇംപീച്ച് ചെയ്തത്. എട്ട് വോട്ടുകള്‍ അസാധുവാകുകയും മൂന്നുപേര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു.

ഇംപീച്ച്‌മെന്റ് നടപടി നിലവില്‍ ഭരണഘടനാ കോടതിയുടെ പുനരവലോകനത്തിനായി വിട്ടിരിക്കുകയാണ്. ഇക്കാലയളവില്‍ യൂന്‍ സുക് യൂളിന് അധികാരങ്ങളും എല്ലാവിധ ചുമതലകളും നഷ്ടമാകും. പ്രധാനമന്ത്രി ഹാന്‍ ഡക്ക്-സൂ ഇടക്കാല പ്രസിഡന്റാകും. ദക്ഷിണ കൊറിയയുടെ ജനാധിപത്യ ചരിത്രത്തില്‍ ഇത് മൂന്നാം തവണയാണ് സിറ്റിംഗ് പ്രസിഡന്റിനെ ഇംപീച്ച് ചെയ്യുന്നത്.ഉത്തര കൊറിയയില്‍ നിന്ന് സുരക്ഷാ ഭീഷണിയുണ്ടെന്ന് വിശദീകരിച്ചാണ് യൂള്‍ വിവാദമായ പട്ടാളനിയമം പാസാക്കിയത്.

രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റ് നിയന്ത്രിക്കുന്നുവെന്നും ഉത്തര കൊറിയയോട് അനുഭാവം പുലര്‍ത്തുന്നുവെന്നും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനെ സ്തംഭിപ്പിച്ചുവെന്നും യൂന്‍ ആരോപിച്ചിരുന്നു. തന്റെ ഭാര്യയും ഉന്നത ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട അഴിമതികളെക്കുറിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്ന ആവശ്യത്തെ തള്ളിക്കളഞ്ഞതിന് പ്രതിപക്ഷ പാര്‍ട്ടികളുടെ വിമര്‍ശനത്തിനും യൂന്‍ വിധേയനായിരുന്നു.

STORY HIGHLIGHTS: South Korea President Yoon Suk Yeol Impeached