വാട്‌സ്ആപ്പ് കോളില്‍ പുത്തൻ ഫീച്ചര്‍ മെറ്റ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. സേവ് ചെയ്യാത്ത നമ്പറുകളിലേക്കും ആപ്പില്‍ നിന്ന് നേരിട്ട് വാട്‌സ്ആപ്പ് കോള്‍ വിളിക്കാനാകുന്നതാണ് പുതിയ ഫീച്ചര്‍. ഇപ്പോള്‍ പരീക്ഷണ ഘട്ടത്തിലുള്ള ഈ ഫീച്ചര്‍ വൈകാതെ തന്നെ ഐഒഎസ് യൂസര്‍മാര്‍ക്ക് ലഭ്യമാകും. മുമ്പ് സേവ് ചെയ്‌ത നമ്പറുകളിലേക്ക് മാത്രമേ നേരിട്ട് വാട്‌സ്ആപ്പ് കോള്‍ വിളിക്കാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ ഇതിനൊരു പരിഹാസം ആന്‍ഡ്രോയ്‌ഡ് പ്ലാറ്റ്‌ഫോമില്‍ ഇതിനകം വന്നു. കോള്‍ ഇന്‍റര്‍ഫേസില്‍ കയറി “Call a number” എന്ന ഓപ്ഷന്‍ തെരഞ്ഞെടുത്ത് നമ്പര്‍ നല്‍കിയാല്‍ സേവ് ചെയ്യാതെ തന്നെ നേരിട്ട് വാട്‌സ്ആപ്പ് കോള്‍ ചെയ്യാൻ സാധിക്കും.
എന്നാല്‍ ഈ ഫീച്ചര്‍ ഐഒഎസ് ഉപഭോക്താക്കള്‍ക്ക് ലഭ്യമായിരുന്നില്ല. ഇതിന് പരിഹാരമായി ‘ഇന്‍-ആപ്പ് കോള്‍ ഡയലര്‍’ ഫീച്ചറിന്‍റെ പരീക്ഷണം വാട്‌സ്ആപ്പിന്‍റെ ഐഒഎസ് വേര്‍ഷനില്‍ ആരംഭിച്ചു എന്ന് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. ഇന്‍-ആപ്പ് കോള്‍ ഡയലര്‍ എന്ന പുതിയ ഫീച്ചര്‍ വരുന്നതോടെ കോള്‍ ഇന്‍റര്‍ഫേസിലെ എന്‍ട്രി പോയിന്‍റില്‍ നിന്ന് വിളിക്കേണ്ടയാളെ നേരിട്ട് തിരഞ്ഞെടുക്കാനാകും. ആരെയാണോ വിളിക്കേണ്ടത് അവരുടെ നമ്പര്‍ മുമ്പ് സേവ് ചെയ്‌തിട്ടില്ലെങ്കില്‍ പോലും നമ്പര്‍ നേരിട്ട് എന്‍റര്‍ ചെയ്‌ത് വിളിക്കാനാകുമെന്നതാണ് പുത്തന്‍ ഫീച്ചറിന്‍റെ പ്രത്യേക.
ഇങ്ങനെ നമ്പര്‍ നല്‍കുമ്പോള്‍ അത് മുമ്പ് പ്ലാറ്റ്‌ഫോമില്‍ സേവ് ചെയ്‌തതാണോ അല്ലയോ എന്ന് വാട്‌സ്ആപ്പ് പരിശോധിക്കും. വെരിഫൈഡ് ബിസിനസ് അക്കൗണ്ടിന്‍റെ നമ്പര്‍ ആണെങ്കില്‍ നീല ടിക് മാര്‍ക് ദൃശ്യമാകും. ഇത് സുരക്ഷ വര്‍ധിപ്പിക്കുന്ന ഫീച്ചറാണ്. വാട്‌സ്ആപ്പിന്‍റെ ഐഒഎസ് 24.25.10.76 ബീറ്റ വേര്‍ഷനിലാണ് ഇന്‍-ആപ്പ് കോള്‍ ഡയലര്‍ സൗകര്യം പരീക്ഷിക്കുന്നത്.