ചെന്നൈ: ബംഗാൾ ഉൾക്കടലിൽ ഇന്നു പുതിയ ന്യൂനമർദം രൂപപ്പെടുമെന്നും 17 മുതൽ തമിഴ്നാട്ടിൽ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കൻ തമിഴ്നാട് ലക്ഷ്യമാക്കിയാണു ന്യൂനമർദം നീങ്ങുകയെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ. അതേസമയം, തെക്കൻ തമിഴ്നാട്ടിൽ മഴ അൽപം കുറഞ്ഞെങ്കിലും വെള്ളക്കെട്ടിനു ശമനമില്ല. തിരുനെൽവേലി, തെങ്കാശി, തൂത്തുക്കുടി ജില്ലകളിൽ പലയിടത്തും വീടുകളും റോഡുകളും വെള്ളത്തിലാണ്. കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാൽ ഇന്നും നാളെയും തിരുച്ചെന്തൂർ ക്ഷേത്രത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചു.