മൂന്ന് ആറുകളായ മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടള എന്നിവയുടെ സംഗമസ്ഥാനമാണ് മൂന്നാര്‍. തെക്കേ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണാധികാരികളുടെ വേനല്‍ക്കാല സുഖവാസ കേന്ദ്രമായിരുന്നു മൂന്നാര്‍. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍ എന്നിങ്ങനെ മൂന്നാര്‍ ഇന്ന് ഏറെ ജനകീയമായ വിനോദ സഞ്ചാര കേന്ദ്രമാണ്.
ഇത്തവണ വലിയ തണുപ്പാണ് മൂന്നാറില്‍. ജനുവരിയിലേക്ക് അടുക്കുമ്പോഴേക്കും ഇനിയും മൈനസ് തൊടും എന്നത് ഉറപ്പാണ്. നവംബറില്‍ ആരംഭിച്ച് ഫെബ്രുവരിയില്‍ അവസാനിക്കുന്ന ശൈത്യകാലത്തില്‍ ജനുവരിയിലാണ് ഏറ്റവും തണുപ്പ് അനുഭവപ്പെടുന്നത്. കുളിരേറിയ ഈ കാലാവസ്ഥ അനുഭവിക്കാന്‍ മറുനാടുകളില്‍നിന്നുവരെ സഞ്ചാരികള്‍ ഒഴുകിയെത്തുകയാണ്. അതിശൈത്യം എന്ന വാര്‍ത്ത പരന്നതോടെ മൂന്നാറിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്കാണ്. തണുപ്പും മഞ്ഞുവീഴ്ചയും ആസ്വദിക്കുന്നതിനായി അതിരാവിലെ തന്നെ മൂന്നാറിന്റെ ഉള്‍പ്രദേശങ്ങളില്‍ വരെ സഞ്ചാരികള്‍ എത്തുന്നുണ്ട്. തണുപ്പിന്റെ ലഹരിയും കാഴ്ചയുടെ വസന്തവും ഇടുങ്ങിയ റോഡിലൂടെയുള്ള യാത്രയും ആർക്കും പുതിയ അനുഭൂതിയാകുമെന്നതിൽ സംശയമില്ല. കണ്ണെത്താ ദൂരത്ത് നീണ്ട് കിടക്കുന്ന തേയിലത്തോട്ടങ്ങളും അവയെ പൊതിഞ്ഞ് നിൽക്കുന്ന മഞ്ഞുത്തുള്ളികളും കോട പുതച്ചുകിടക്കുന്ന മലയിടുക്കുകളും അവയെ മുറിച്ചെത്തുന്ന കൊച്ചരുവികളും മനം കുളിർപ്പിക്കുന്ന കാഴ്ചയാണ്.
മൂന്നാറിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ക്രിസ്മസ് പുതുവത്സര സീസണിൽ തിരക്ക് കൂടുതലാണ്. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ വിവാഹ സീസണായതിനാൽ ഇത്തവണ ഹണിമൂണിനാണ് ഏറ്റവുമധികം മുറികൾ ബുക്ക് ചെയ്തിരിക്കുന്നത്. വൻകിട ഹോട്ടലുകളിലെല്ലാം ക്രിസ്മസ്, പുതുവത്സര രാത്രികളിൽ ബുഫെ ഡിന്നറുകളും ഡിജെ ഉൾപ്പെടെ സംഗീത പരിപാടികളുമുണ്ട്. മൂന്നാറിലെ കാലാവസ്ഥ ആസ്വദിക്കാൻ എത്തുന്നവരാണ് മിക്കവരും. പുല്‍മേടുകളും, ഷോലക്കാടുകളും തേയിലത്തോട്ടങ്ങളുമാണ് മൂന്നാറിന്റെ പ്രകൃതിഭംഗി ഒരുക്കുന്നത്. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞി ഷോലക്കാടുകളിലും, പുല്‍മേടുകളിലും നീല നിറം പകരും. 2018-ലായിരുന്നു അവസാനമായി നീലക്കുറിഞ്ഞി പൂത്തത്. ഇനി 2030-ല്‍ ഈ കുറിഞ്ഞി പുഷ്പിക്കല്‍ കാണാം. തെക്കേയിന്ത്യയിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ ആനമുടി, 2695 മീറ്റര്‍, മൂന്നാറിനടുത്താണ്. ഈ മേഖല സാഹസിക നടത്തത്തിന് യോജിച്ചതാണ്. കൊടും തണുപ്പിന്റെ മേലങ്കി അണിഞ്ഞ് ആസ്വദിച്ച് തണുപ്പ് കൊള്ളനായി മൂന്നാർ ഉൾപ്പെടെയുള്ള ഹൈറേഞ്ചിലേക്ക് ധൈര്യമായി വണ്ടി കയറിക്കോളൂ.