Kerala

എട്ട് വര്‍ഷത്തെ പ്രണയത്തിനൊടുവിൽ വിവാഹം; ഒന്നിച്ച് ജീവിക്കാനായത് വെറും പതിനഞ്ച് ദിവസം; മധുവിധു കഴിഞ്ഞ് തിരികെയെത്തും വഴി അപകടം വീടെത്തുന്നതിന് 7 കി.മീ മുമ്പ്; കണ്ണീർക്കടലായി നിഖിലിന്റേയും അനുവിന്റേയും വീട് | anu and nikhil

ശബരിമല തീർഥാടകരുടെ ബസ്സിലേക്ക് കാർ ഇടിച്ചു കയറി ഉണ്ടായ അപകടത്തിലാണ് ദമ്പതികൾ ഉൾപ്പെടെ നാല് പേർ മരിച്ചത്

പത്തനംതിട്ട: വലിയൊരു ആഘോഷത്തിന്റെ അലയടികൾ അവസാനിക്കും മുൻപ് തന്നെ ആ വീട്ടിലേക്ക് കയറിവന്നത് നാലുപേരുടെ മരണത്തിന്റെ വാർത്തയാണ്. എട്ടുവർഷം നീണ്ടുനിന്ന പ്രണയത്തിനു ഒടുവിൽ വിവാഹിതരായവർക്ക് ഒന്നിച്ച് ജീവിക്കാൻ കഴിഞ്ഞത് വെറും രണ്ടാഴ്ചകൾ മാത്രമാണ്. വിവാഹശേഷം മലേഷ്യയിൽ ഹണിമൂൺ ആഘോഷിക്കാൻ പോയവർ തിരികെ വീട്ടിലെത്തിയില്ല. വരുന്ന വഴിക്ക് പുനലൂർ- മൂവാറ്റുപുഴ സംസ്ഥാനപാതയിൽ കലഞ്ഞൂർ മുറിഞ്ഞകല്ലിൽ ശബരിമല തീർഥാടകരുടെ ബസ്സിലേക്ക് കാർ ഇടിച്ചു കയറി ഉണ്ടായ അപകടത്തിലാണ് ദമ്പതികൾ ഉൾപ്പെടെ നാല് പേർ മരിച്ചത്. സ്വീകരിക്കാനായി പോയ രണ്ടുപേരുടെയും പിതാക്കന്മാരും അപകടത്തിൽ മരിച്ചു.

മല്ലശേരി സ്വദേശികളായ മത്തായി ഈപ്പൻ, അനു, നിഖിൽ, ബിജു പി.ജോർജ് എന്നിവരാണ് മരിച്ചത്. അനുവിന്റെ പിതാവാണ് ബിജു. നിഖിലിന്റെ പിതാവാണ് മത്തായി ഈപ്പൻ. നവംബർ 30നായിരുന്നു നിഖിലിന്റെയും അനുവിന്റെയും വിവാഹം. മലേഷ്യയിൽനിന്ന് എത്തുന്ന മക്കളെ സ്വീകരിക്കാൻ ഒരുമിച്ച് പോകാമെന്ന് മത്തായി ഈപ്പനും ബിജുവും തീരുമാനിക്കുകയായിരുന്നു. ഇക്കാര്യം മക്കളെ അറിയിച്ചിരുന്നു. രാത്രിയാണ് ഇരുവരും തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പോയത്. വീട്ടിലെത്തിയശേഷം ബന്ധുക്കളുടെ വീടുകൾ സന്ദർശിക്കാനിരിക്കുകയായിരുന്നു നിഖിലും അനുവും. വീട് എത്തുന്നതിന് 7 കിലോമീറ്റർ മുൻപ് അപകടം സംഭവിച്ചു.

നിഖില്‍ മത്തായിയും അനുവും ഒരേ ഇടവകക്കാരാണ്. ഇരുവരുടേയും കുടുംബങ്ങള്‍ തമ്മില്‍ വര്‍ഷങ്ങളുടെ പരിചയമുണ്ട്. തുടര്‍ന്നായിരുന്നു നവംബര്‍ 30-ന് പൂങ്കാവ് സെന്റ് മേരീസ് മലങ്കര പള്ളിയില്‍വെച്ചാണ് ഇരുവരും വിവാഹിതരായത്. അവർ ഇതുവരെ ജീവിച്ച് തുടങ്ങിയില്ലെന്നാണ് സംഭവസ്ഥലത്ത് എത്തിയബന്ധുക്കളിലൊരാള്‍ പ്രതികരിച്ചത്.

അമിതവേഗത്തില്‍ എത്തിയ കാര്‍ തെലങ്കാനയില്‍ നിന്നുള്ള ശബരിബല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു എന്നാണ് വിവരം. കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. അനുവിന്റെ അച്ഛന്‍ ബിജു ആണ് കാര്‍ ഓടിച്ചിരുന്നത്. അനുവിന്റെ പിതാവ് ബിജു പി. ജോര്‍ജും നിഖിലിന്റെ പിതാവ് ഈപ്പന്‍ മത്തായിയുമായിരുന്നു കാറിന്റെ മുന്‍സീറ്റില്‍ ഉണ്ടായിരുന്നത്. പിന്‍ സിറ്റിലായിരുന്നു നിഖിലും അനുവും. മൂന്നു പേര്‍ സംഭവസ്ഥലത്ത് വെച്ച് മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് അനു മരിച്ചത്.

റോഡിന് വീതിക്കുറവുണ്ടെന്നും ആവശ്യമായ സ്ഥലം ഏറ്റെടുത്തിട്ടില്ലെന്നും നാട്ടുകാർ പറഞ്ഞു. പുനലൂർ–മൂവാറ്റുപുഴ റോഡ് നിർമാണം പൂർത്തിയായശേഷം നിരന്തരം അപകടം ഉണ്ടാകുന്നതായി പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. അധികൃതരുടെ ശ്രദ്ധയിൽ ഇക്കാര്യം കൊണ്ടുവന്നിരുന്നു. റോഡിലെ അപകടങ്ങൾ ഒഴിവാക്കാൻ മാർഗങ്ങൾ േതടി യോഗം വിളിക്കാനിരിക്കുകയായിരുന്നെന്നും പ്രസിഡന്റ് പറഞ്ഞു. തെലങ്കാനയിൽനിന്നുള്ള 19 ശബരിമല തീർഥാടകരാണ് ബസിലുണ്ടായിരുന്നത്. അനുവും നിഖിലും കാറിനു പുറകിലായിരുന്നു.

ബസിന്റെ വലതു വശത്തേക്കാണ് കാർ ഇടിച്ചു കയറിയത്. ശബ്ദം കേട്ട് അടുത്തുള്ള വീട്ടുകാരാണ് ഓടിയെത്തിയത്. ഉടൻ തന്നെ പൊലീസിനെയും ഫയർഫോഴ്സിനെയും വിവരം അറിയിച്ചു. കാറിന്റെ നാല് ഡോറുകളും തുറക്കാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. അനുവിന് മാത്രമാണ് ശ്വാസം ഉണ്ടായിരുന്നത്. മറ്റ് മൂന്നുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. അനുവിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം സ്വകാര്യ ആശുപത്രിയിൽ. മറ്റു മൂന്നുപേരുടെ മൃതദേഹം കോന്നി താലൂക്ക് ആശുപത്രിയിലാണ്.

STORY HIGHLIGHT: newly married couple and their fathers accident