World

‘ഭർത്താവ് എന്നെ കൊല്ലും, ഇനി അയാൾക്കരിക്കിലേക്ക് പോകില്ല’; കൊലയ്ക്ക് ദിവസങ്ങള്‍ക്ക് മുന്‍പ് മകളുടെ ഗര്‍ഭം അലസിപ്പോയെന്ന് ഹർഷിതയുടെ അമ്മ; ഇന്ത്യൻ യുവതിയുടെ കൊലപാതകത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ | harshitha brella

ഭർത്താവ് തന്നെ കൊല്ലുമെന്ന് കൊല്ലപ്പെട്ട ഹർഷിത ഭയപ്പെട്ടിരുന്നു

ലണ്ടന്‍: യുകെയിൽ നടന്ന ഇന്ത്യൻ യുവതിയുടെ കൊലപാതകത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ. ഭർത്താവ് തന്നെ കൊല്ലുമെന്ന് കൊല്ലപ്പെട്ട ഹർഷിത ഭയപ്പെട്ടിരുന്നുവെന്നും തങ്ങളെ ഇക്കാര്യം അറിയിച്ചിരുന്നു എന്നുമാണ് ഹർഷിതയുടെ അമ്മ സുദേഷ് കുമാരി മാധ്യമങ്ങളോട് പറയുന്നത്. തന്നെ ഭർത്താവ് തന്നെ കൊല്ലും എന്നും താൻ ഒരിക്കലും ഇനി അയാൾക്കരിക്കിലേക്ക് പോകില്ല എന്നും ഹർഷിത പറഞ്ഞതായും അമ്മ പറയുന്നു.

അയാള്‍ തന്റെ മകളെ ക്രൂരമായി ഉപദ്രവിക്കുമായിരുന്നു. നടുറോഡില്‍ വച്ച് പോലും മര്‍ദ്ദിക്കും. കൊലപാതകത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മകളുടെ ഗര്‍ഭം അലസിപ്പോയി. ശാരീരികവും മാനസികവുമായ പീഡനത്തെ തുടര്‍ന്നായിരുന്നു അത് സംഭവിച്ചതെന്ന് ഹര്‍ഷിതയുടെ പിതാവ് പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

ഡല്‍ഹി സ്വദേശിനിയായ ഹര്‍ഷിതയെ നവംബര്‍ 14 നാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് ശേഷം ഭര്‍ത്താവ് പങ്കജ് ലാംബ ഒളിവില്‍പ്പോയി. പങ്കജ് ലാംബയുടെ കാറിന്റെ ഡിക്കിയില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ പഴക്കം അനുസരിച്ച് നാല് ദിവസം മുന്‍പാണ് ഹര്‍ഷിത കൊലപ്പെട്ടത് എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ നിഗമനം. കഴുത്തു ഞെരിച്ച് കൊല്ലപ്പെടുത്തിയ ശേഷം മൃതദേഹം ഡിക്കിയില്‍ ഒളിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. കൊലപാതകത്തിന് ശേഷം പങ്കജ് ലാംബ ഇന്ത്യയിലേക്ക് കടന്നതായാണ് വിവരം. ഇവിടുത്തെ പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി എടുക്കുന്നില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലായിരുന്നു ഹര്‍ഷിതയെ പങ്കജ് ലാംബ വിവാഹം കഴിക്കുന്നത്. തുടര്‍ന്ന് ഹര്‍ഷിത ഡല്‍ഹി വിട്ട് ഭര്‍ത്താവിനൊപ്പം യുകെയിലേക്ക് വന്നു. പങ്കജിന്റെ പീഡനത്തെ തുടര്‍ന്ന് ഹര്‍ഷിത ഈ വര്‍ഷം ഓഗസ്റ്റില്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. സെപ്തംബര്‍ 13 ന് പങ്കജ് അറസ്റ്റിലാവുകയും പിന്നീട് ജാമ്യത്തില്‍ ഇറങ്ങുകയുമായിരുന്നു. പരാതി നല്‍കിയതിലെ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് യു.കെ പോലീസ് പറയുന്നു.

STORY HIGHLIGHT: harshita brella case updates