ശബരിമല: ഇരുമുടിക്കെട്ടുമായി ശബരിമല ദർശനം നടത്തി പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ. രണ്ടാം തവണയാണ് ഇദ്ദേഹം ശബരിമല ദർശനം നടത്തുന്നത്. 2022ൽ ആയിരുന്നു ആദ്യമായി സന്നിധാനത്തെത്തിയത്. ഇത്തവണ വൃശ്ചികം ഒന്നിന് തന്നെ മാലയിട്ട് വ്രതം തുടങ്ങി. ചാണ്ടി ഉമ്മന് ഒപ്പം വയനാട് ഡിസിസി ജനറൽ സെക്രട്ടറി രാജേഷ് കുമാറും ആലപ്പുഴ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഗംഗാശങ്കറും ഉണ്ടായിരുന്നു. ശനിയാഴ്ച രാത്രി 8 മണിക്കാണ് ഇവർ സന്നിധാനത്ത് എത്തിയത്.
പതിനെട്ടാംപടി കയറി മറ്റുള്ള തീർഥാടകർക്ക് ഒപ്പം ക്യു നിന്നു സോപാനത്ത് എത്തിയപ്പോഴാണ് അവിടെനിന്ന പൊലീസുകാർ തിരിച്ചറിഞ്ഞത്. തനിക്ക് പ്രത്യേക പരിഗണന ഒന്നും വേണ്ടന്നു പറഞ്ഞ് തൊഴുത് നീങ്ങി. മാളികപ്പുറത്തേക്ക് പോയപ്പോൾ മറ്റു തീർഥാടകർ തിരിച്ചറിഞ്ഞു. പലർക്കും ഒപ്പം നിന്നു ഫോട്ടോ എടുക്കണം. ചിലർക്ക് സെൽഫി എടുക്കണം. അവരോടൊപ്പം മാളികപ്പുറത്ത് ദർശനം നടത്തി.
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ മനഃപൂർവം മാറ്റിനിർത്തിയതായി കഴിഞ്ഞദിവസം വ്യക്തമാക്കിയല്ലോ എന്നു ചോദിച്ചപ്പോൾ അതിനെക്കുറിച്ചൊന്നും പറയണ്ടെന്നായിരുന്നു പ്രതികരണം. ‘‘വാർത്ത കൊടുത്തില്ലങ്കിലും വേണ്ടില്ല. പിന്നെ അതിന്റെ പേരിൽ വിവാദം ഉണ്ടാക്കും. എന്നാലും എന്റെ മനസിനു വല്ലാത്ത നൊമ്പരമുണ്ട്. പാലക്കാട് ഉപതിരഞ്ഞെടുപ്പിനു മുൻപേ എല്ലായിടത്തുനിന്നും മാറ്റി നിർത്താൻ തുടങ്ങി. ഞാൻ അറിഞ്ഞോ അറിയാതെയോ ഒരു തെറ്റും ചെയ്തിട്ടില്ല. കൂടുതൽ ഒന്നും പറയുന്നില്ല. സങ്കടമോചകനല്ലേ…അയ്യപ്പ സ്വാമി . എല്ലാം അയ്യപ്പ സ്വാമിയുടെ സന്നിധിയിലാ’’- ചാണ്ടി ഉമ്മൻ പറഞ്ഞു.
STORY HIGHLIGHT: chandy oommen at sabarimala sannidhanam