Travel

ട്രെക്കിങ് ഇഷ്ടപ്പെടുന്നവരാണോ നിങ്ങള്‍? എങ്കില്‍ അടുത്ത ഓഫ് റോഡ് യാത്ര ഈ മലയിലേക്ക് ആയിക്കോട്ടെ !

യാത്രകൾ ചെയ്യാൻ ഇഷ്ടമുള്ള ആളാണോ നിങ്ങൾ? കുന്നുകളും താഴ്വരകളും പോലുള്ള പ്രകൃതി ഭംഗിയാൽ സമ്പന്നമായ പ്രദേശങ്ങൾ ആണോ നിങ്ങൾ തിരഞ്ഞെടുക്കാറുള്ളത്? എങ്കിൽ ഓഫ് റോഡ് യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് പോകാൻ പറ്റിയ ഒരു അടിപൊളി സ്പോട്ടിനെക്കുറിച്ച് അറിയാം. തിരുവനന്തപുരം അമ്പൂരിയിലുള്ള നെല്ലിക്കമലയാണത്. മലയോര പാതയിലൂടെയുള്ള യാത്ര സമ്മാനിക്കുന്നത് ഓഫ് റോഡ് ഡ്രൈവിന്‍റെ നവ്യാനുഭവം ആണ്. അധികം എക്സ്പ്ലോർ ചെയ്യപ്പെടാത്ത ഒരു ടൂറിസം സ്പോട്ട് കൂടിയാണ് നെല്ലിക്കമല.

പശ്ചിമഘട്ട മലനിരകളുടെ ദൃശ്യഭംഗിയും, അഗസ്ത്യാർകൂടം, നെയ്യാർഡാം എന്നിവയുടെ ഒക്കെ വിദൂര ദൃശ്യഭംഗിയും ആസ്വദിക്കാം നെല്ലിക്കമലയുടെ മുകളിലെത്തിയാൽ. കൊളുക്കുമല പോലെ തന്നെ സാഹസിക സഞ്ചാരികൾക്കും ട്രക്കിംഗ് ഇഷ്ടപ്പെടുന്നവർക്കും ആസ്വദിക്കാൻ പറ്റിയ ഒരിടം കൂടിയാണ് നെല്ലിക്ക മല. മലയുടെ മുകളിൽ എത്തിയാൽ കാണുന്ന കാഴ്ചകൾ തന്നെയാണ് ഏറെ കൗതുകം ഉണർത്തുന്നത്.

സമുദ്രനിരപ്പിൽ നിന്നും 1400 മീറ്റർ ഉയരത്തിലാണ് നെല്ലിക്കാ മല സ്ഥിതി ചെയ്യുന്നത്. വൈകുന്നേരം യാത്രക്ക് തിരഞ്ഞെടുക്കുന്നത് നന്നായിരിക്കും. ദൃശ്യഭംഗിയുടെ നെറുകയിൽ ഒരു ടെൻ്റ് കെട്ടി കുറച്ചു സമയം ചെലവഴിക്കുകയും ഭക്ഷണം കഴിക്കുകയും കൂടി ആയാൽ മനസ്സിനൊരു ആശ്വാസവും ലഭിക്കും. നെല്ലിക്ക മലയിലേക്ക് ഓഫ് റോഡ് യാത്ര നടത്തുന്ന നിരവധി യാത്ര കൂട്ടായ്മകൾ ഉണ്ട്. അപ്പോൾ ഓഫ് റോഡ് യാത്ര ആഗ്രഹിക്കുന്നവർ ഈ സ്പോട്ട് മനസ്സിൽ കുറിച്ചിട്ടോളൂ.