Food

ഗ്രീൻ ടീ കുടിച്ചാൽ തടി കുറയുമോ? അതിന് പിന്നിലുള്ള രഹസ്യമെന്താണ് ?

ശരീരഭാരം കുറയ്ക്കാനും ആരോഗ്യം നിലനിര്‍ത്താനും പലരും ഗ്രീന്‍ ടീ കുടിക്കാറുണ്ട്. പതിവായി ഗ്രീന്‍ ടീ ഉപയോഗിക്കുന്നവരുമുണ്ട്. ശരീരഭാരം കുറയ്ക്കുന്ന അത്ഭുതകരമായ ഹെൽത്ത് ഡ്രിങ്കുകളുടെ പട്ടികയിൽ കുറച്ചുകാലമായി ഗ്രീൻ ടീ ഒന്നാം സ്ഥാനത്താണ്. ഡയറ്റ് എന്ന വാക്ക് ആരെങ്കിലും പരാമർശിക്കുമ്പോൾ ഗ്രീൻ ടീയും അതിനോടൊപ്പം പറയുന്ന രീതിയില്‍ ഇത് മാറിക്കഴിഞ്ഞു. ചായയെ പോലെ കുടിക്കാനത്രെ രുചിയില്ലെങ്കിലും തടി കുറയുമെന്നോർത്ത് കുടിക്കുന്നവരും ഏറെയുണ്ട്. എന്നാൽ ഗ്രീൻ ടീ കുടിച്ചാൽ ശരിക്കും തടി കുറയുമോ ?

ആന്റി ഓക്സിഡന്റുകളുടെ സമ്പന്നമായ ഉറവിടമാണ് ഗ്രീൻ ടീ. എന്നാൽ ശരീരഭാരം കുറയ്ക്കുകയോ കൊഴുപ്പ് കുറയ്ക്കുകയോ ചെയ്യുന്ന ചേരുവകളൊന്നും ഗ്രീൻ ടീയിൽ ഉണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ‘കാമെലിയ സിനൻസിസ്’ ചെടിയിൽ നിന്ന് ഉണ്ടാക്കുന്ന ഗ്രീൻ ടീക്ക് ഈ പേര് ലഭിച്ചത്. സാധാരണ തേയില പോലെ സംസ്‌കരിക്കാത്തതെ ലഭിക്കുന്നതിനാലാണ് ചായയ്ക്ക് മരതകപച്ചനിറം ലഭിക്കുന്നത്.

ശരീരഭാരം കുറയ്ക്കാൻ ഗ്രീൻ ടീ സഹായിക്കുമെന്ന് പല പഠനങ്ങളും പ്രസ്താവിച്ചിട്ടുണ്ട്. എന്നാൽ അത് അയാളുടെ വ്യായാമങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടെങ്കിൽ മാത്രം സംഭവിക്കാവുന്നതാണെന്ന് പോഷകാഹാര വിദഗ്ധയായ ഡോ.ഇന്ദു അഭിപ്രായപ്പെടുന്നു. കെ.എച്ച്.ഡബ്ല്യു എന്ന ഇൻസ്റ്റ്ഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഡോ.ഇന്ദു ഇക്കാര്യം പറയുന്നത്.

‘നിങ്ങൾ ഒരു ചൂടുള്ള വെള്ളം കുടിക്കുമ്പോൾ അത് ഗ്രീൻ ടീയോ സാധാരണ ചായയോ ആയിക്കോട്ടെ നിങ്ങളുടെ വിശപ്പിനെ കുറയ്ക്കും. ഭക്ഷണം കുറയ്‌മ്പോൾ ഭാരവും കുറയും. ഗ്രീൻ ടീയിൽ തേൻ ചേർത്തുകുടിക്കുന്നവർക്കും അവർ മുന്നറിയിപ്പ് നൽകുന്നുണ്ട്. നിങ്ങൾ ഗ്രീൻ ടീയിൽ ടൺ കണക്കിന് തേൻ ചേർക്കാൻ പോകുകയാണെങ്കിൽ ഒന്നുകൂടി ആലോചിക്കുക. ഇത് നിങ്ങളുടെ ശരീരഭാരം വർധിപ്പിക്കുകയാണ് യഥാർഥത്തിൽ ചെയ്യുന്നതെന്നും അവർ പറഞ്ഞു.

അതിനാൽ, ഗ്രീൻ ടീ കുടിക്കുമ്പോൾ മിതത്വം പാലിക്കുക. തടികുറയ്ക്കും എന്ന് വിചാരിച്ച് അമിതമായി ഗ്രീൻ ടീ കുടിക്കാതിരിക്കുക. വലിയ അളവിൽ ഗ്രീൻ ടീ കുടിക്കുമ്പോൾ കഫീൻ പോലുള്ള ചേരുവകൾ പാർശ്വഫലങ്ങൾ ഉണ്ടാക്കിയേക്കുമെന്നും അവർ പറയുന്നു.