Celebrities

‘കനി ബിരിയാണി സിനിമയിൽ അഭിനയിച്ചത് പിന്നീടാണ് അറിഞ്ഞത്; യാതൊന്നും ചോദിക്കുകയോ പറയുകയോ ചെയ്യാറില്ല’; മൈത്രേയൻ | maitreyan

അവള്‍ക്ക് ഒരു അവസരവും ഞങ്ങളായി വാങ്ങി കൊടുക്കുകയൊന്നും ചെയ്തിട്ടില്ല

ജീവിതത്തെ തുറന്ന ചിന്താ​​ഗതിയോടെ കാണുന്ന നടിയാണ് കനി കുസൃതി. ആക്ടിവിസ്റ്റ് മൈത്രെയൻ, ജയശ്രീ എന്നിവരാണ് കനിയുടെ മാതാപിതാക്കൾ. രണ്ട് പേരെയും അച്ഛൻ, അമ്മ എന്ന് കനി വിളിക്കാറില്ല. പേരാണ് വിളിക്കാറ്. മൈത്രേയനും ജയശ്രീയും നിയമപരമായി വിവാഹം ചെയ്തവരല്ല. വിവാഹമുൾ‌പ്പെടെയുള്ള സങ്കൽപ്പങ്ങളിൽ വിശ്വസിക്കുന്നില്ലെന്നാണ് ഇവർ പറയുന്നത്.

അടുത്തിടെയാണ് താൻ ഓപ്പൺ റിലേഷനിലാണെന്ന കാര്യം കനി തുറന്ന് പറഞ്ഞത്. പങ്കാളി ആനന്ദ് ​ഗാന്ധി മറ്റൊരാളെ കണ്ട് പിടിച്ചു. തനിപ്പോൾ ആനന്ദിന്റെ പ്രെെമറി പാർ‌ടണർ അല്ലെന്ന് കനി തുറന്ന് പറഞ്ഞു. ശ്രേയ എന്നാണ് ആനന്ദിന്റെ പുതിയ പങ്കാളിയുടെ പേരെന്നും തനിക്കീ ബന്ധത്തിന് പൂർണ സമ്മതമാണെന്നും കനി കുസൃതി വ്യക്തമാക്കി.

ഇപ്പോഴിതാ കനിയെ കുറിച്ച് മാതാപിതാക്കൾ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധേയമാവുകയാണ്. കനി ഏതൊക്കെ സിനിമയില്‍ അഭിനയിക്കുന്നു, എന്തൊക്കെ ചെയ്യുന്നു എന്നതിനെപ്പറ്റി ഒന്നും താങ്കള്‍ക്ക് യാതൊരു അറിവും ഇല്ലെന്നാണ് നടിയുടെ മാതാപിതാക്കളായ മൈത്രേയനും ജയശ്രീയും പറയുന്നത്.

വലിയ അവസരങ്ങള്‍ അവള്‍ക്ക് ലഭിച്ചിട്ടും കനിയത് തട്ടിക്കളയുന്നതാണ് തങ്ങള്‍ കണ്ടിട്ടുള്ളതെന്നും ഇതിനെപ്പറ്റിയുള്ള ചോദ്യങ്ങള്‍ ഒന്നും ഞങ്ങള്‍ക്കിടയില്‍ ഇല്ലെന്നുമാണ് വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ താരങ്ങള്‍ പറയുന്നത്.

‘ഞങ്ങള്‍ ഒരിക്കലും അവളുടെ അഭിനയത്തെപ്പറ്റിയോ അവള്‍ തിരഞ്ഞെടുത്ത കഥാപാത്രങ്ങളെ കുറിച്ചോ, അവളിപ്പോള്‍ ഏതു സിനിമയിലാണ് അഭിനയിക്കുന്നതെന്നോ തുടങ്ങി യാതൊരു കാര്യങ്ങളും ചോദിക്കുകയോ പറയുകയോ ചെയ്യാറില്ല. അങ്ങനെയൊരു സിനിമയിലൊക്കെ അഭിനയിച്ചു എന്ന് കുറെ കഴിഞ്ഞതിന് ശേഷമാണ് ഞങ്ങള്‍ അറിയാറുള്ളത്. ബിരിയാണി സിനിമയെ കുറിച്ച് അറിഞ്ഞതും അങ്ങനെ ആണ്.

ഞങ്ങളുടെ സുഹൃത്തുക്കളുമായി മകള്‍ക്ക് സൗഹൃദം ഉണ്ടാക്കി കൊടുത്തിട്ടുണ്ട്, അവര്‍ ഒരുമിച്ച് നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് എന്നല്ലാതെ അവള്‍ക്ക് ഒരു അവസരവും ഞങ്ങളായി വാങ്ങി കൊടുക്കുകയൊന്നും ചെയ്തിട്ടില്ല. ലെനിന്‍ രാജേന്ദ്രന്‍ എന്റെ അടുത്ത സുഹൃത്തായിരുന്നു. അതുപോലെ ലോഹിതദാസ് അടക്കം നിരവധി പേരുണ്ട്.

ഒരിക്കല്‍ ലോഹിതദാസിന്റെ അസിസ്റ്റന്റ് വിളിച്ചിട്ട് നടി മീര ജാസ്മിനൊപ്പം സിനിമയില്‍ അവസരമുണ്ടെന്ന് പറഞ്ഞു. പക്ഷേ വിളിച്ചയാളുടെ സംസാരം കേട്ടതോടെ ഇവള്‍ വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. അയാള്‍ അന്ന് കനിയോട് പറഞ്ഞത് ഈ ക്യാരക്ടര്‍ ചെയ്താല്‍ നീ രക്ഷപ്പെടും എന്നായിരുന്നു. അങ്ങനെ രക്ഷപ്പെടേണ്ട ആവശ്യമില്ലെന്ന് അവളും പറഞ്ഞു.

ഇതറിഞ്ഞ് ലോഹിതദാസ് എന്നെ വിളിച്ചു. എന്തൊരു മകളെയാടോ താന്‍ ഉണ്ടാക്കി വിട്ടതെന്ന് ചോദിച്ചു. ആ ചാന്‍സ് അങ്ങനെ മിസ് ആക്കി. അതുപോലെ എന്നിലൂടെ വന്ന അവസരങ്ങള്‍ അവളോട് പറഞ്ഞെങ്കിലും അതിലൊന്നും അവള്‍ അഭിനയിച്ചില്ല. അവരെ അവള്‍ക്ക് പരിചയപ്പെടുത്തി കൊടുത്തു എന്നല്ലാതെ എന്തുകൊണ്ടാണ് നീ ആ സിനിമയില്‍ അഭിനയിക്കാത്തത് എന്നൊന്നും ഞാന്‍ തിരിച്ച് ചോദിച്ചിട്ടില്ല.

സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ അവളെ സിനിമയിലേക്ക് വിളിച്ചിരുന്നു. പക്ഷേ ഒന്നിലും പോയില്ല. എന്തുകൊണ്ടാണ് നീ അതിലൊന്നും പോകാത്തതെന്ന് ഞങ്ങളും ചോദിച്ചില്ല.

കനിയുടെ സിനിമ ക്യാന്‍ ഫെസ്റ്റിവലില്‍ തിരഞ്ഞെടുക്കപ്പെട്ടു എന്നുള്ളത് അവളാണ് വാട്‌സാപ്പിലെ ഒരു ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തത്. അപ്പോഴാണ് ഞങ്ങള്‍ അത് അറിയുന്നത്. അമേരിക്കയില്‍ ആയതുകൊണ്ട് എനിക്കത് അവിടത്തെ ടെലിവിഷനില്‍ ലൈവായി കാണാന്‍ സാധിച്ചു. അതൊക്കെ വലിയ സന്തോഷമുള്ള കാര്യമാണ്. അതിനര്‍ത്ഥം അഭിമാനമുള്ള പിതാവ് എന്നല്ല. അങ്ങനെ പറയുമ്പോള്‍ മറ്റുള്ളവരെ താഴ്ത്തി കെട്ടുന്നത് പോലെയാണ്. ശരിക്കും സംതൃപ്തിയാണ് അതിലൂടെ എനിക്ക് തോന്നിയതെന്ന്’ മൈത്രേയന്‍ പറയുന്നു.

നടി കനി കുസൃതിയുടെ സിനിമ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ എത്തിയതോട് കൂടിയാണ് നടിയുടെ ജീവിതത്തെ പറ്റിയും സിനിമകളുമൊക്കെ ചര്‍ച്ചകളില്‍ നിറഞ്ഞത്. എന്നാല്‍ ഇതിനു മുന്‍പ് ബിരിയാണി എന്ന സിനിമയില്‍ എക്‌സ്‌പോസ് ചെയ്തു അഭിനയിച്ചതിന്റെ പേരില്‍ കനിയ്ക്ക് അഭിനന്ദനങ്ങളും അതിനൊപ്പം വിമര്‍ശനങ്ങളും നേരിടേണ്ടി വന്നിരുന്നു. കനിയുടെ കഥാപാത്രത്തിന്റെ ചില പ്രത്യേക സീനുകളാണ് ഇത്തരത്തില്‍ വിവാദങ്ങളായി മാറിയത്.

എന്നാല്‍ മികച്ച നടിക്കുള്ള കേരള സ്റ്റേറ്റ് ഫിലിം അവാര്‍ഡും ഫിലിം ഫെയര്‍ ക്രിട്ടിക്‌സ് അവാര്‍ഡുമൊക്കെ ഇതിലൂടെ കനിയ്ക്ക് ലഭിച്ചു.

content highlight: maitreyan-spoke-about-daughter-kani-kusruti