കൊല്‍ക്കത്ത: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പ്രതികാരത്തിന് യുവതിയെ കൊലപ്പെടുത്തി ഭര്‍തൃ സഹോദരന്‍. അതിയൂര്‍ റഹ്‌മാന്‍ ലസ്‌കര്‍ എന്ന കെട്ടിടനിര്‍മാണത്തൊഴിലാളിയാണ് 30 കാരിയായ യുവതിയെ കൊലപ്പെടുത്തിയത്. കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം തലയറുത്ത് മാറ്റി, മൂന്ന് കഷ്ണങ്ങളായി ചവറ്റുകുട്ടയില്‍ നിക്ഷേപിക്കുകയായിരുന്നു.
കൊല്‍ക്കത്തയിലാണ് അതിക്രൂരമായ കൊലപാതകം അരങ്ങേറിയത്. ടോളിഗഞ്ച് പ്രദേശത്തെ ചവറ്റുകുട്ടയില്‍ നിന്നാണ് യുവതിയുടെ തല കണ്ടെത്തിയത്. ലസ്‌കറിന്റെ സഹോദരനാണ് യുവതിയുടെ ഭര്‍ത്താവ്. എന്നാല്‍ രണ്ട് വര്‍ഷമായി യുവതിയും ഭര്‍ത്താവും വേര്‍പിരിഞ്ഞ് കഴിയുകയാണ്. ലസ്‌കര്‍ ജോലി ചെയ്തിരുന്ന പ്രദേശത്ത് തന്നെയാണ് യുവതിയും വീട്ടുജോലി ചെയ്തിരുന്നത്.
യുവതിയോട് താല്‍പര്യം തോന്നിയ ലസ്‌കര്‍ പ്രണയാഭ്യര്‍ഥന നടത്തി. ലസ്‌കറിന്റെ ആവശ്യം നിരസിച്ച യുവതി ഫോണില്‍ ഇയാളെ ബ്ലോക്ക് ചെയ്തു. ഇതാണ് പ്രകോപനത്തിന് കാരണമായത്. പ്രശ്‌നങ്ങള്‍ സംസാരിച്ച് പരിഹരിക്കാമെന്ന വ്യാജേന നിര്‍മാണത്തിലിരുന്ന കെട്ടിടത്തിലേക്ക് വിളിച്ചുവരുത്തി ഇയാള്‍ യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
എന്നിട്ടും ദേഷ്യമടങ്ങാതെ വന്നപ്പോള്‍ അയാള്‍ തലയറുത്ത് കഷ്ണങ്ങളാക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് പോളിത്തീന്‍ ബാഗില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയില്‍ തല നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുന്നത്. ഉടന്‍ തന്നെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ലസ്‌കറിനെ പിടികൂടിയത്.
STORY HIGHLIGHT: kolkatha murder case