India

144 ഗ്രാം മയക്കുമരുന്നുമായി പിടിയിലായി; പിന്നാലെ പോയ സംഘം ചെന്നെത്തിയത് ദാവൂദ് ഇബ്രാഹിമിന്റെ ​ഗ്യാങിലെ പ്രധാന കണ്ണിയിലേക്ക്; ഡാനിഷ് മർച്ചന്റ് കുടുങ്ങിയത് ഇങ്ങനെ | dawood ibrahim

ദാവൂദിന്റെ മയക്കുമരുന്ന് ഇടപാടുകൾ നിയന്ത്രിക്കുന്ന ഡാനിഷ് മർച്ചന്റ് ആണ് അറസ്റ്റിലായത്

മുംബൈ: ഒരുമാസമായി നീണ്ടുനിന്ന അറസ്റ്റ് പരമ്പരയിൽ ഒടുവിൽ അന്വേഷണസംഘം ചെന്നെത്തിയത് അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിലെ പ്രധാന കണ്ണിയിലേക്ക്. ദാവൂദിന്റെ മയക്കുമരുന്ന് ഇടപാടുകൾ നിയന്ത്രിക്കുന്ന ഡാനിഷ് മർച്ചന്റ് ആണ് അറസ്റ്റിലായത്. മുഹമ്മദ് അഷികൂര്‍ സാഹിദുര്‍ റഹ്‌മാന്‍, റെഹാന്‍ ഷകീല്‍ അന്‍സാരി എന്നിവരുടെ അറസ്റ്റിനു പിന്നാലെയുള്ള വെളിപ്പെടുത്തലുകളാണ് കൂടുതല്‍ അറസ്റ്റിന് വഴിതെളിച്ചത്.

144 ഗ്രാം മയക്കുമരുന്നുമായി റഹ്‌മാന്‍ എന്നായാളെ മറൈന്‍ ലൈന്‍ സ്റ്റേഷനില്‍നിന്ന് നവംബര്‍ എട്ടിന് മുംബൈ പോലീസ് പിടികൂടിയതാണ് അറസ്റ്റുകളുടെ തുടക്കം. തുടര്‍ന്ന് മയക്കുമരുന്നിന്റെ ഉറവിടം തിരഞ്ഞുള്ള ചോദ്യം ചെയ്യലില്‍റഹ്‌മാന് മയക്കുമരുന്ന് എത്തിച്ചു നല്‍കിയത് അന്‍സാരി എന്നയാളാണെന്ന വിവരം ലഭിച്ചു. പിന്നീടുള്ള അന്വേഷണത്തില്‍ അന്‍സാരി എന്നയാളെ കണ്ടെത്തുകയും ഇയാളില്‍നിന്ന് 55 ഗ്രാം മയക്കുമരുന്നു കണ്ടെത്തുകയും ചെയ്തു.ഇയാള്‍ക്ക് എത്തിച്ചുനല്‍കിയത് ഡാനിഷ് മര്‍ച്ചന്റും കൂട്ടാളി ഖാദിര്‍ ഫാന്റ എന്നയാളെന്നും തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ വ്യക്തമായി. ഇരുവര്‍ക്കുമായി ആഴ്ചകളായി തിരച്ചില്‍ നടത്തിവന്ന പോലീസിന് ഇത് സുപ്രാധാന വിവരമായിരുന്നു. തുടര്‍ന്ന് കൃത്യമായ ആസൂത്രണത്തോടെ നടത്തിയ അന്വേഷണത്തില്‍ ഡിസമ്പര്‍ 13 -ന് ഡോംഗ്രിയില്‍നിന്ന് ഡാനിഷിനെയും ഖാദിറിനെയും മുംബൈ പോലീസ് അറസ്റ്റു ചെയ്തു.

2019-ലാണ് ദാവൂദിന്റെ ഡോംഗ്രിലെ മയക്കുമരുന്ന് ഫാക്ടറി നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി.) കോടികളുടെ മൂല്യമുള്ള മയക്കുമരുന്നുമായി പിടിച്ചെടുത്ത് ഇല്ലാതാക്കിയത്. 2021-ലും 200 ഗ്രാം ഹാഷിഷുമായി മര്‍ച്ചന്റിനെ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റു ചെയ്തിരുന്നു. 1980-90 കാലയളവിലെ ദാവൂദ് ഇബ്രാഹിം സംഘത്തില്‍ പ്രവര്‍ത്തിച്ചിരുന്ന യൂസുഫ് മര്‍ച്ചന്റ് എന്നയാളുടെ മകനാണ് ഡാനിഷ് മര്‍ച്ചെന്റ്.

STORY HIGHLIGHT: mumbai police dawood ibrahim