Travel

സംസ്‌കാരങ്ങള്‍ സമന്വയിക്കുന്ന തെലങ്കാനയിലെ നഗരം; ആദിലാബാദ് | City in Telangana where cultures blend; Adilabad

നയതന്ത്രപരമായി വളരെ പ്രധാനപ്പെട്ട ഭാഗത്താണ് ആദിലാബാദിന്റെ കിടപ്പ്

തെലങ്കാനയിലെ ആദിലാബാദ് ജില്ലയുടെ ആസ്ഥാനമാണ് ആദിലാബാദ് നഗരം. ബീജാപ്പൂരിലെ പ്രഗല്‍ഭനായ ഭരണാധികാരിയായിരുന്ന മൊഹമ്മദ് ആദില്‍ ഷായുടെ പേരുമായി ബന്ധപ്പെട്ടാണ് ഈ സ്ഥലത്തിന് ആദിലാബാദ് എന്നു പേരുവന്നതെന്നാണ് കരുതപ്പെടുന്നത്. ഒട്ടേറെ മതവിഭാഗക്കാര്‍ താമസിക്കുന്ന ആദിലാബാദിന്റെ ചരിത്രം വര്‍ണാഭമാണ്, അതുപോലെതന്നെ ഇവിടുത്തെ സംസ്‌കാരവും വ്യത്യസ്തമാണ്. മൗര്യന്മാരും, ഭോന്‍സ്ലെ രാജാക്കന്മാരും, മുഗളന്മാരും തെക്കേഇന്ത്യയിലെ രാജവംശങ്ങളായിരുന്ന ശതവാഹനന്മാര്‍, രാഷ്ട്രകൂടന്മാര്‍, കകാടിയന്മാര്‍, ചാലൂക്യന്മാര്‍ എന്നിവരും ഈ പ്രദേശം ഭരിച്ചിരുന്നു.

വ്യത്യസ്തമായ രാജവംശങ്ങളുടെയും ഭരണാധികാരികളുടെയും മുദ്രകള്‍ ആദിലാബാദിലെ ചരിത്രസ്മാരകങ്ങളില്‍ ഇപ്പോഴും കാണാം. നയതന്ത്രപരമായി വളരെ പ്രധാനപ്പെട്ട ഭാഗത്താണ് ആദിലാബാദിന്റെ കിടപ്പ്. തെക്കേ ഇന്ത്യയുടെയും മധ്യ ഇന്ത്യയുടെയും അതിര്‍ത്തിയിലായിട്ടാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. രണ്ട് ഭൂവിഭാഗങ്ങളില്‍ നിന്നും ഇങ്ങോട്ടേയ്ക്ക് എളുപ്പത്തില്‍ എത്താന്‍ കഴിയും, അതുകൊണ്ടുതന്നെയാണ് വടക്കേ ഇന്ത്യയിലെ രാജവംശങ്ങളും തെക്കേ ഇന്ത്യയിലെ ഭരണാധികാരികളും പലപ്പോഴായി ആദിലാബാദിനെ തങ്ങളുടെ അധീനതയിലാക്കിയത്.

മറാത്തി, തെലുങ്ക് സംസ്‌കാരങ്ങളുടെ ഒരു സമ്മേളനമാണ് നമുക്ക് ആദിലാബാദില്‍ കാണാന്‍ കഴിയുക. രണ്ട് സംസ്‌കാരങ്ങളുടെയും ഒരു സങ്കരസംസ്‌കാരമാണ് ഇവിടുത്തെ ജനങ്ങള്‍ പിന്തുടര്‍ന്നു പോരുന്നത്. അതുപോലെതന്നെ ബംഗാളി, രാജസ്ഥാനി, ഗുജറാത്തി സംസ്‌കാരങ്ങളുടെ സ്വാധീനവും ഇവിടെ കാണാന്‍ കഴിയും. മുഗള്‍ രാജാക്കന്മാരുടെ ഭരണാകലത്തായിരുന്നു ആദിലാബാദിന്റെ സുവര്‍ണകാലം. തെക്കേഇന്ത്യയില്‍ തന്റെ അധീനതയിലുള്ള ഭൂഭാഗങ്ങളുടെ ഭരണത്തിനായി മുഗള്‍ രാജാവായിരുന്ന ഔറംഗസേബ് ഒരു വൈസ്രോയിയെ നിയമിച്ചിരുന്നു. വൈസ്രോയ് ഓഫ് ഡെക്കാന്‍ എന്നായിരുന്നു ഇയാള്‍ അറിയപ്പെട്ടിരുന്നത്. ഔറംഗസേബിന്റെ കാലത്താണ് ആദിലാബാദ് സാമ്പത്തികപ്രധാനമായ ഒരു സ്ഥലമായി മാറിയത്. സുഗന്ധദ്രവ്യങ്ങളുടെയും വസ്ത്രങ്ങളുടെയുമെല്ലാം കയറ്റുമതിയായിരുന്നു അക്കാലത്ത് ആദിലാബാദിലെ പ്രധാന വ്യാപാരം.

ദില്ലിപോലെയുള്ള ദൂരസ്ഥലങ്ങളിലേയ്ക്കുപോലും ഇവിടെനിന്നും ചരക്കുകള്‍ കൊണ്ടുപോവുക പതിവായിരുന്നുവത്രേ. ആദിലാബാദ് തന്റെ അധീനതയില്‍ത്തന്നെ നിലനിര്‍ത്തിയാല്‍മാത്രമേ ഇന്ത്യയുടെ ചക്രവര്‍ത്തിയെന്ന നിലയിലേയ്ക്ക് തനിയ്ക്കുയരാന്‍ കഴിയൂ എന്ന് മനസ്സിലാക്കികൊണ്ടായിരുന്നു ഔറംഗസേബിന്റെ പ്രവര്‍ത്തനങ്ങള്‍. അതിനാല്‍ത്തന്നെ ആദിലാബാദിനെ സാമ്പത്തിമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ അദ്ദേഹം ശ്രമിയ്ക്കുകയും ചെയ്തു. എന്നാല്‍ ഈസ്റ്റ് ഇന്ത്യാ കമ്പനി ഡെക്കാനിലേയ്ക്ക് കടന്നതോടെ കാര്യങ്ങള്‍ മാറി, നൈസാം ആദിലാബാദിനെയും അടുത്തുള്ള പ്രദേശങ്ങളെയും ഈസ്റ്റ് ഇന്ത്യാ കമ്പനിയ്ക്ക് വിറ്റു. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണത്തില്‍ അതൃപ്തരായ ആദിലാബാദുകാര്‍ രാംജി ഗോണ്ട് എന്ന നേതാവിന്റെ പിന്നില്‍ അണിനിരക്കുകയും കമ്പനിയ്‌ക്കെതിരെ സമരം നടത്തുകയും ചെയ്തു. പിന്നീട് 1940ലും ആദിലാബാദില്‍ സ്വാതന്ത്ര്യസമരങ്ങള്‍ നടന്നു, ഇത് ഇന്ത്യയുടെ മുഴുവന്‍ സ്വാതന്ത്ര്യസമരചരിത്രത്തില്‍ പ്രധാനപ്പെട്ടൊരു സമരമായിരുന്നു.

ഇപ്പോള്‍ തെലങ്കാനയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നാണ് ആദിലാബാദ്. കുണ്ടല വെള്ളച്ചാട്ടം. സെന്റ് ജോസഫ് കത്തീഡ്രല്‍, കഡം അണക്കെട്ട്, മഹാത്മാഗാന്ധി പാര്‍ക്ക്, ബസര സരസ്വതി ക്ഷേത്രം എന്നിവയാണ് ആദിലാബാദിലെ പ്രധാന ആകര്‍ഷണങ്ങള്‍. റെയില്‍മാര്‍ഗ്ഗവും റോഡുമാര്‍ഗ്ഗവുമെല്ലാം എളുപ്പം ചെന്നെത്താവുന്ന സ്ഥലമാണ് ആദിലാബാദ്. ദേശീയപാത 7 ആദിലാബാദിലൂടെയാണ് കടന്നുപോകുന്നത്. നഗരത്തിലെയും സമീപത്തേയും പ്രദേശങ്ങളിലേയ്‌ക്കെല്ലാം ബസ് സര്‍വ്വീസുകളും ടാക്‌സികളുമുണ്ട്. നഗരയാത്രയ്ക്ക് ആഢംബരബസുകളൊന്നുമല്ലെങ്കിലും യാത്ര ഒട്ടും തന്നെ ബുദ്ധിമുട്ടുണ്ടാക്കുന്നതല്ല. റോഡുകളെല്ലാം നന്നായി സൂക്ഷിച്ചിട്ടുമുണ്ട്.

ആദിലാബാദിന് സമീപമുള്ള വലിയ നഗരം നാഗ്പൂര്‍ ആണ്. പക്ഷേ കൂടുതല്‍ ആളുകളും ഹൈദരാബാദ് വഴിയാണ് ആദിലാബാദിലെത്തുന്നത്. ആദിലാബാദ് റെയില്‍വേ സ്റ്റേഷനിലേയ്ക്ക് നാഗ്പൂര്‍, തിരുപ്പതി, ഹൈദരാബാദ്, നാസിക് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെല്ലാം തീവണ്ടികളുണ്ട്. മഹാരാഷ്ട്രയിലെ നഗരങ്ങളായ മുംബൈ, നാസിക്, നാഗപൂര്‍, ഷോലാപൂര്‍ എന്നിവിടങ്ങളിലേയ്ക്കും ആദിലാബാദില്‍ നിന്നും ട്രെയിൻ മാർഗം യാത്രചെയ്യാം. നാഗ്പൂരിലും ഹൈദരാബാദിലുമാണ് അടുത്തുള്ള വിമാനത്താവളങ്ങള്‍ സ്ഥിതിചെയ്യുന്നത്. നാഗ്പൂര്‍ എയര്‍പോര്‍ട്ട് ഒരു ആഭ്യന്തര വിമാനത്താവളമാണ്, അതേസമയം ഹൈദരാബാദിലേക് അന്താരാഷ്ട്ര വിമാനത്താവളമാണ്.

വേനല്‍ക്കാലത്ത് കടുത്ത ചൂട് അനുഭവപ്പെടുന്ന സ്ഥലമാണ് ആദിലാബാദ്. വേനല്‍ക്കാലത്ത് ആദിലാബാദിലേയ്ക്ക് വിനോദയാത്രയ്ക്ക് പദ്ധതിയിടുന്നത് അത്ര നല്ല തീരുമാനമാകില്ല. അധികം ശക്തമല്ലാത്ത മഴക്കാലമാണ് ഇവിടുത്തേത്. മഴക്കാലത്താണ് ഇവിടുത്തെ നദികളും അണക്കെട്ടുകളുമെല്ലാം നിറയുന്നത്. ശീതകാലമാണ് ആദിലാബാദ് സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യം. ഇക്കാലത്ത് പ്രസന്നമായ കാലാവസ്ഥയാണ് അനുഭവപ്പെടുക.

STORY HIGHLIGHTS: City in Telangana where cultures blend; Adilabad