Kerala

മണിയാർ ജലവൈദ്യുത പദ്ധതി സർക്കാർ ഏറ്റെടുക്കണമെന്ന് ചെന്നിത്തല – maniyar hydropower project

കെഎസ്ഇബിയുമായി 30 വർഷത്തെ കാരാർ പൂർത്തിയാക്കിയ മണിയാർ ജലവൈദ്യുത പദ്ധതി സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി രമേശ് ചെന്നിത്തല. ഈ വിഷയത്തിന്റെമേൽ കർശനവും വേ​ഗത്തിലുമുള്ള തീരുമാനമുണ്ടാകണം അല്ലാത്ത പക്ഷം, ജനങ്ങളോടും വരാനിരിക്കുന്ന തലമുറയോടും സംസ്ഥാന സർക്കാർ കാണിക്കുന്ന അതീവ ​ഗുരുതരമായ ക്രമക്കേടും വഞ്ചനയുമായിരിക്കുമെന്ന് ഓർമപ്പെടുത്തുവെന്നാണ് കത്തില്‍ പറയുന്നത്.

കൂടാതെ പദ്ധതിയുടെ ബിഒടി കരാർ 25 വർഷത്തേക്കു കൂടി നീട്ടി നൽകാനുള്ള നീക്കമാണ് സർക്കാരിന്‍റെ ഭാ​ഗത്തു നിന്ന് നടക്കുന്നത്. ഇതിനു പിന്നിൽ വൻ അഴിമതിയുണ്ട്. യൂണിറ്റിന് വെറും 50 പൈസ നിരക്കിൽ വൈദ്യുതി ഉലപാദിപ്പിക്കാവുന്ന നിലയമാണ് ആരുടെയൊക്കെയോ സ്വാർത്ഥ ലാഭം നോക്കി സ്വകാര്യ കമ്പനിക്ക് തീറെഴുതാനൊരുങ്ങുന്നത്. ഇതു സംബന്ധിച്ച പല തെളിവുകളും രേഖകളും ഇതിനകം പുറത്തുവിട്ടിട്ടുണ്ട്. നിരവധി കരാർ ലംഘനം നടത്തിയ കമ്പനിക്ക് കരാർ നീട്ടി നൽകുന്നതിനു പിന്നിൽ അഴുമതിയല്ലാതെ മറ്റെന്താണെന്നും അദ്ദേഹം ചോദിച്ചു.

കരാർ നീട്ടി നൽകുക വഴി കെഎസ്ഇബി താത്പര്യമാണോ അതോ സ്വകാര്യ കമ്പനിയുടെ താത്പര്യമാണോ സംരക്ഷിക്കുന്നത് എന്നറിയാൻ താത്പര്യമുണ്ട്. തന്നെയുമല്ല, കാർബോറണ്ടത്തിന് കരാർ നീട്ടി നൽകുന്നതിനെ കെഎസ്ഇബി ശക്തിയുക്തം എതിർത്തതാണ്. അടുത്ത പത്ത് വർഷത്തേക്ക് യാതൊരുവിധ അറ്റക്കുറ്റപ്പണിയും നടത്താതെ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള ശേഷിയും സൗകര്യവും ഈ പ്രോജക്ടിനുണ്ട്. ഈ പ്രോജക്ട് കൈമാറിക്കിട്ടുകയാണെങ്കിൽ അടുത്ത പത്ത് വർഷം കൊണ്ട് ഏതാണ്ട് 140 കോടി രൂപയുടെ പ്രയോജനം വൈദ്യുതി ഉപഭോക്താക്കൾക്ക് കൈമാറാനാകുമെന്ന് കെഎസ്ഇബി തന്നെ സർക്കാരിനെ അറിയിച്ചിട്ടുമുണ്ട്. എന്നിട്ടും സ്വകാര്യ കമ്പനിക്ക്‌ തീറെഴുതാനുള്ള താത്പര്യം ഒരു കാരണവശാലും അംഗീകരിക്കില്ല എന്നും മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ചെന്നിത്തല പറഞ്ഞു.

STORY HIGHLIGHT: maniyar hydropower project