കേരളവും, തമിഴ്‌നാടും, കര്‍ണാടകത്തിലുമെല്ലാം വ്യത്യസ്തായ അനുഭവങ്ങളാണ് സഞ്ചാരികളെക്കാത്തിരിക്കുന്നത്. കര്‍ണാടകത്തില്‍ നിന്നും മഹാരാഷ്ട്രയിലെത്തുമ്പോള്‍ അനുഭവങ്ങളും ദൃശ്യങ്ങളും വീണ്ടും മാറുകയാണ്. മണിക്കൂറുകള്‍ മാത്രം നീളുന്ന യാത്രയ്‌ക്കൊടുവില്‍ എത്തിച്ചേരുക തീര്‍ത്തും വ്യത്യസ്തമായ സ്ഥലങ്ങളിലായിരിക്കും. മഹാരാഷ്ട്രയിലെ ഓരോ സ്ഥലങ്ങള്‍ക്കും ചരിത്രവുമായി ബന്ധപ്പെട്ട എന്തെങ്കിലുമൊക്കെ രസകരമായ കഥകള്‍ പറയാനുണ്ട്. ഉത്സവകാലങ്ങളാണെങ്കില്‍ കേരളത്തിലും തമിഴ്‌നാട്ടിലും കര്‍ണാടകത്തിലുമായി കണ്ടതും കേട്ടതുമൊന്നുമല്ല മഹാരാഷ്ട്രയിലെ കാര്യങ്ങള്‍. വ്യത്യസ്തമായ യാത്രാനുഭവങ്ങള്‍ തേടുന്നവര്‍ക്ക് മഹാരാഷ്ട്രയില്‍ ചില്ലറയൊന്നുമല്ല അനുഭവിച്ചറിയാനുള്ളത്.
മഹാരാഷ്ട്രയുടെ പടിഞ്ഞാറന്‍ തീരത്ത് കൊങ്കണ്‍ പ്രദേശത്ത് കിടക്കുന്ന ചെറിയ പട്ടണമാണ് അലിബാഗ്. റായ്ഗഡ് ജില്ലയിലാണ് ഈ പട്ടണം. മുംബൈ നഗരത്തിനോട് വളരെ അടുത്തുകിടക്കുന്ന ഈ നഗരം സഞ്ചാരികള്‍ക്ക് വളരെ വ്യത്യസ്തങ്ങളായ അനുഭവങ്ങളാണ് സമ്മാനിയ്ക്കുക. ഗാര്‍ഡന്‍ ഓഫ് അലിയെന്നതാണ് അലിബാഗ് എന്ന വാക്കിനര്‍ത്ഥം. അലി ഇവിടെ ഒട്ടേറെ മാവുകളും തെങ്ങുകളും മറ്റും വച്ചുപിടിപ്പിച്ചതിനാലാണേ്രത സ്ഥലത്തിന് ഈ പേരുവീണത്. ശിവജി മഹാരാജിന്റെ കാലഘട്ടമായ പതിനേഴാം നൂറ്റാണ്ടുമുതലുള്ളതാണ് അലിബാഗിന്റെ ചരിത്രം. അലിബാഗിന്റെ വികസനത്തിന് ആദ്യ സംഭാവനകള്‍ നല്‍കിയത് ശിവജി മഹാരാജാണ്. 1852ലാണ് ഇതൊരു താലൂക്കായി മാറ്റുന്നത്.
ബെനി ഇസ്രായേലി ജ്യൂതന്മാരുടെ പ്രധാന താമസസ്ഥലമായിരുന്നു ഒരുകാലത്ത് അലിബാഗ്.ഒരുകാലത്ത് മഹാരാഷ്ട്ര ഭരിച്ചിരുന്ന മറാത്ത രാജവംശത്തിന്റെ കഥപറയുന്നതാണ് അലിബാഗിലെ ചരിത്രസ്മാരകങ്ങള്‍. ഇതില്‍ പ്രധാനം മറാത്ത ഭരണകാലത്തെ പ്രധാന പ്രതിരോധകേന്ദ്രങ്ങളില്‍ ഒന്നായിരുന്ന കൊളാബ ഫോര്‍ട്ടാണ്. അലിബാഗ് ബീച്ചില്‍ നിന്നും കൊളാബ കോട്ടയുടെ ദൃശ്യം കാണാം. വേലിയിറക്കസമയത്താണ് ഇവിടം സന്ദര്‍ശിയ്ക്കാന്‍ പറ്റുന്നത്. ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള ഈ കോട്ട ഇപ്പോള്‍ നാശത്തിന്റെ വക്കിലാണ്. തീരത്തുനിന്നുള്ള കോട്ടയുടെ ദൃശ്യം മനോഹരമാണ്. ഖന്ദേരി ഫോര്‍ട്ടാണ് മറ്റൊരു പ്രധാന ചരിത്രസ്മാരകം. മൂന്ന് നൂറ്റാണ്ട് പഴക്കമുള്ളതാണ് ഈ കോട്ട. പേഷ്വ ഭരണകാലത്താണ് ഈ കോട്ട പണികഴിപ്പിച്ചത്. പിന്നീട് ഈ കോട്ട ബ്രിട്ടീഷുകാര്‍ക്ക് കൈമാറുകയായിരുന്നു.
കനേശ്വര്‍, സോമേശ്വര്‍ ക്ഷേത്രങ്ങളാണ് അലിബാഗിലെ പ്രധാന ക്ഷേത്രങ്ങള്‍. രണ്ട് ക്ഷേത്രങ്ങളിലും ശിവനാണ് പ്രതിഷ്ഠ. ഏറെ ഭക്തര്‍ ഈ ക്ഷേത്രങ്ങളില്‍ ദര്‍ശനത്തിനെത്താറുണ്ട്. ഇതൊന്നും കൂടാതെ ഈ കൊച്ചുനഗരത്തില്‍ ഒട്ടേറെ ബിസിനസ് കേന്ദ്രങ്ങളും ചെറിയ കൃഷിയിടങ്ങളും മറ്റുമുണ്ട്. മഹാരാഷ്ട്രയിലെ കാര്‍ഷിക ജീവിതം അടുത്തറിയണമെന്നുള്ളവര്‍ക്ക് അതിനുള്ള സൗകര്യവുമുണ്ടിവിടെ.മൂന്ന് ഭാഗവും വെള്ളത്താല്‍ചുറ്റപ്പെട്ടുകിടക്കുന്ന അലിബാഗില്‍ മനോഹരമായ ബീച്ചുകളാണുള്ളത്. ബീച്ചുകളിലെല്ലാം തെങ്ങുകളും കവുങ്ങുകളും കാണാം. ബീച്ചുകളുടെ ഈ പ്രത്യേകതകൊണ്ടുതന്നെ അലിബാഗിനെ മഹാരാഷ്ട്രയുടെ ഗോവയെന്ന് വിശേഷിപ്പിക്കാറുണ്ട്. അധികം മലിനീകരിക്കപ്പെടുകയും ആധുനികവല്‍ക്കരിക്കപ്പെടുകയും ചെയ്യാത്തതാണ് ഇവിടുത്തെ ബീച്ചുകള്‍. അതിനാല്‍ത്തന്നെ സ്വസ്ഥതയും ഏകാന്തതയും ആഗ്രഹിച്ചെത്തുന്നവരുടെ പ്രധാനകേന്ദ്രമാണിത്.
അലിബാഗ് ബീച്ചിലെത്തുമ്പോള്‍ നമ്മള്‍ തെല്ലൊന്ന് അമ്പരക്കും, കാരണം ഇവിടുത്തെ ബീച്ചില്‍ നിറയെ കറുത്തമണലാണ്. എന്നാല്‍ കിഹിം ബീച്ച്, നാഗോണ്‍ ബീച്ച് എന്നിവിടങ്ങളിലാകട്ടെ വെള്ളി-വെള്ള നിറത്തിലുള്ള മണലാണ് കാണുക. അതായത് നമ്മളുടെ പതിവ് ബീച്ചനുഭവങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് ഇവയെന്ന് ചുരുക്കം. അലിബാഗിലെ ബീച്ചുകളില്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ടത് അക്ഷി ബീച്ചാണ്. അലിബാഗിലെ ബീച്ചുകള്‍ പരസ്യചിത്രക്കാരുടെയും സിനിമാക്കാരുടെയുമെല്ലാം ഇഷ്ടലൊക്കേഷനുകളാണ്. ബോളിവുഡിലെ താരങ്ങളില്‍ പലരുടെയും വീക്ക്‌നെസ്സാണ് ഇവിടുത്തെ ബീച്ചുകള്‍, അതിനാല്‍ത്തന്നെ നടീനടന്മാരില്‍ പലരും അലിബാഗ് തീരങ്ങളില്‍ ബംഗ്ലാവുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. അസ്തമയം കാണാനും കടലിലിറങ്ങിയുള്ള വിനോദങ്ങള്‍ക്കുമെല്ലാം പറ്റിയതാണ് ഇവിടുത്തെ ബീച്ചുകള്‍.
തീരനഗരമായതുകൊണ്ടുതന്നെ കടല്‍വിഭഗങ്ങളാണ് അലിബാഗിലെ ഫുഡ് സ്‌പെഷ്യാലിറ്റി. ആവോലി, മാന്തള്‍ പോലുള്ള മീനുകള്‍കൊണ്ടുണ്ടാക്കുന്ന വിവിധ വിഭവങ്ങള്‍ മത്സ്യപ്രിയരായ നമ്മള്‍ മലയാളികള്‍ക്ക് ഇഷ്ടമാകുമെന്നതില്‍ സംശയം വേണ്ട. ഏതാണ്ട് വര്‍ഷം മുഴുവനും പ്രത്യേകിച്ച് ബുദ്ധിമുട്ടുകളുണ്ടാക്കാത്ത കാലാവസ്ഥയാണ് ഇവിടുത്തേത്. ചൂട് വല്ലാതെ കൂടുകയും തീരെ കുറയുകയും ചെയ്യാറില്ല. വേനല്‍ക്കാലം ഇവിടെ അത്ര കഠിനമല്ല. മഴക്കാലമാണെങ്കില്‍ അതിമനോഹരമാണ്. സ്ഥലങ്ങളെല്ലാം ചുറ്റിയടിച്ച് കാണാന്‍ മഴ അല്‍പം തടസ്സമാകുമെങ്കിലും മഴകൊതിച്ചാണ് വരവെങ്കില്‍ അലിബാഗിലെ മഴ അത്തരക്കാകെ നിരാശരാക്കില്ലെന്നുറപ്പാണ്. ശീതകാലത്തെ വിശേഷിപ്പിക്കാന്‍ റൊമാന്റിക് എന്നതിലപ്പുറം മറ്റൊരു വാക്കും ഉപയോഗിക്കാന്‍ കഴിയില്ല. വര്‍ഷം മുഴുവനും സന്ദര്‍ശനയോഗ്യമാണ് കാലാവസ്ഥയെങ്കിലും ശീതകാലമാണ് ഏറ്റവും പറ്റിയ സമയം. മുംബൈ നഗരത്തില്‍ നിന്നും വെറും 30 കിലോമീറ്റര്‍ മാത്രമേയുള്ള അലിഗഡിലേയ്ക്ക. വിമാനമാര്‍ഗ്ഗവും, റെയില്‍മാര്‍ഗ്ഗവും റോഡുമാര്‍ഗ്ഗവുമെല്ലാം ഈ കൊച്ചുനഗരം മഹാരാഷ്ട്രയുടെ എല്ലാഭാഗവുമായും ബന്ധപ്പെട്ടുകിടക്കുന്നു. മുംബൈയ്ക്കും അലിബാഗിനുമിടയില്‍ ഫെറി സര്‍വ്വീസുണ്ട്. ഇത് ദൂരം വീണ്ടും കുറയ്ക്കും. ഫെറിയാത്ര അറബിക്കടലിലൂടെയുള്ള മറക്കാനാവാത്ത ഒരു അനുഭവമായി മാറുകയും ചെയ്യും.
STORY HIGHLIGHTS : the-shore-of-love-alibag-has-a-lot-to-see-and-experience