Health

ഗർഭിണികൾ പപ്പായയും പൈനാപ്പിളും കഴിക്കാമോ ? | papaya-and-pineapple

പച്ചപപ്പായയിൽ കാണപ്പെടുന്ന കയെ ആണ് വില്ലനായി പറയുന്നത്.

അമ്മയാകാൻ പോകുന്ന സ്ത്രീകൾക്ക് ഭക്ഷണത്തോട് വിവിധ താല്പര്യങ്ങൾ ആയിരിക്കും. പണ്ട് ഇഷ്ടത്തോടെ കഴിച്ചിരുന്ന പലതും പിന്നീട്  തൊട്ട് നോക്കാൻ പോലും അവർക്ക് തോന്നില്ല, എന്നാൽ പണ്ട് വേണ്ടെന്ന് പറഞ്ഞ പലതിനോടും താല്പര്യവും തോന്നും. ഗര്ഭകാലം അങ്ങനെയാണ്.  ഗർഭിണികൾ ഏറ്റവും കൂടുതൽ കേട്ടിട്ടുള്ള ഒരു ഉപദേശമാണ് പപ്പായയും പൈനാപ്പിളും കഴിക്കരുത് എന്നത്. കുഞ്ഞിന്റെ കാര്യമായതുകൊണ്ടും പണ്ടുമുതലേ കേൾക്കുന്ന കാര്യമായതുകൊണ്ടും ഒന്നും ആലോചിക്കാതെ ആ ഉപദേശം പിന്തുടരുന്നവരാണ് സ്ത്രീകൾ. അതുകൊണ്ടു തന്നെ വീട്ടിലൊരു ഗർഭിണിയുണ്ടേൽ പിന്നെ അവിടെ പപ്പായയ്ക്കും കൈതച്ചക്കയ്ക്കും സ്ഥാനം ഉണ്ടാകില്ല. എന്നാൽ ഇതിന്റെ പിന്നിലെ കാരണം, അല്ലെങ്കിൽ സത്യം എന്താണെന്ന് എത്രപേർക്ക് അറിയാം ?

ഇത്തരം പ്രചാരണങ്ങൾക്ക് ശാസ്ത്രീയമായ യാതൊരു തെളിവുകളും ഇല്ലെന്നാണ് ഡോക്ടർമാർ തന്നെ പറയുന്നത്. വീടുകളിലെ മുത്തശ്ശിമാരോട് ചോദിച്ചാൽ ഗർഭകാലത്ത് ധാരാളം കപ്പളങ്ങാപ്പഴം തിന്നിട്ടുണ്ടെന്നാകും അവരും മറുപടി പറയുക. പപ്പായ കഴിക്കരുത് എന്ന് പറയുന്നതിൽ പകുതി കാര്യം മാത്രമേ ഉള്ളു എന്നാണ് വിദഗ്ധർ പറയുന്നത്. കാരണം പഴുത്ത പപ്പായ കഴിച്ചത് കൊണ്ട് ഗർഭിണികൾക്ക് യാതൊരു വിധ പ്രശ്‌നങ്ങളും ഉണ്ടാകാൻ പോകുന്നില്ല. എന്നാൽ പച്ചപപ്പായ കഴിക്കുമ്പോൾ ശ്രദ്ധിക്കണം. അതും ഗർഭത്തിന്റെ ആദ്യ മൂന്ന് മാസത്തേക്ക് മാത്രമാണ് പല ഡോക്ടർമാരും ഈ നിയന്ത്രണം വയ്‌ക്കുന്നത്.

പച്ചപപ്പായയിൽ കാണപ്പെടുന്ന കറയെ ആണ് വില്ലനായി പറയുന്നത്. ഇത് ചിലപ്പോൾ അബോർഷന് കാരണമായേക്കാം. പച്ചപപ്പായയിൽ അടങ്ങിയിരിക്കുന്ന ലാറ്റെക്സ് ഗർഭിണികൾക്ക് പ്രസവ സംബന്ധമായ പ്രശ്നങ്ങളുണ്ടാക്കാം. പപ്പായയുടെ തൊലിയോ കുരുവോ അകത്ത് പെടാതിരിക്കാനും ഗർഭിണികൾ ശ്രദ്ധിക്കണം. എന്നാൽ പച്ചപപ്പായ വേവിച്ച് കഴിച്ചാൽ ഇതിലെ ദോഷകരമായ വസ്തുക്കളെല്ലാം ഇല്ലാതാകും. ഇത് കറികളിൽ ഉൾപ്പെടുത്തി കഴിക്കുന്നതും പ്രശ്‌നമല്ല.

അതേസമയം നന്നായി പഴുത്ത പപ്പായ കഴിക്കുന്നത് വളരെ നല്ലതാണ്. പഴുത്ത പപ്പായ വിറ്റമിൻ ‘സി’യും ‘ഇ’യും കൊണ്ട് സമ്പുഷ്ടമാണ്. ധാരാളം ഫൈബറും ഫോളിക് ആസിഡും ഇതിൽ അടങ്ങിയിട്ടുണ്ട്. ധാരാളം ഫൈബർ അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ പഴുത്ത പപ്പായ ദഹനത്തെ എളുപ്പത്തിലാക്കുന്നു. ഗർഭിണികളെ ബാധിക്കുന്ന നെഞ്ചെരിച്ചിലിനും പുളിച്ചു തികട്ടലിനും പഴുത്ത പപ്പായ പ്രതിവിധിയാണ്. ഇനി നിയന്ത്രണം പറഞ്ഞു കേൾക്കുന്ന ഒന്നാണ് പൈനാപ്പിൾ.

പൈനാപ്പിളിൽ അടങ്ങിയിരിക്കുന്ന ബ്രോമലിൻ എന്ന ഘടകം സെർവിക്‌സ് അഥവാ ഗർഭാശയഗളത്തെ അൽപ്പം മൃദുവാക്കുന്ന ഒന്നാണ്. ഇത് ഗർഭാശയത്തെ ചുരുക്കിയേക്കാം. ഇതിന്റെ അടിസ്ഥാനത്തിലാണ് അബോർഷന് കാരണമാകും എന്ന് പറയുന്നത്. എന്നാൽ പൈനാപ്പിൾ വളരെ അധികം കഴിച്ചാൽ മാത്രമേ ഇത്തരം പ്രശ്‌നങ്ങൾ വരികയുള്ളു എന്നും ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നു. മറ്റേത് ഭക്ഷണവും കഴിക്കുന്നത് പോലെ പൈനാപ്പിൾ കഴിക്കുന്നത് ഗർഭിണികൾക്ക് ദോഷമുണ്ടാക്കില്ല. കൂടുതൽ കഴിക്കുന്നത് നെഞ്ചെരിച്ചിൽ പോലെയുള്ള പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്.

content highlight: can-eating-papaya-and-pineapple-cause-miscarriage