ഭൂമിയുടെ ചരിത്രത്തിലെ അവസാന ഹിമയുഗകാലത്ത് അമേരിക്കയിൽ വ്യാപിച്ച ആദ്യകാല മനുഷ്യർ മാമ്മത്തുകളുടെ മാംസം വ്യാപകമായി ഭക്ഷിച്ചിരുന്നെന്നു പുതിയ പഠനം.12,800 വർഷം മുൻപ് ജീവിച്ചിരുന്ന ഒരു സ്ത്രീയുടെ ഡയറ്റ് പരിശോധനകളിലൂടെ നിർണയിച്ചാണു ശാസ്ത്രജ്ഞർ ഗവേഷണം നടത്തിയത്. വലിയ ജീവികളുടെ മാംസമാണ് അക്കാലത്തെ ആളുകൾ കൂടുതലും കഴിച്ചിരുന്നത്. മാമ്മത്തുകളെയായിരുന്നു ഏറ്റവും പ്രിയം. എൽക്, കാട്ടുപോത്ത്, ഒട്ടകം, കുതിര തുടങ്ങിയവയെയും ഭക്ഷിച്ചിരുന്നു. 30 വർഷത്തിനിടെ ഭൂമിയുടെ മുക്കാൽഭാഗവും വരണ്ടു; ജനസംഖ്യ കൂടും, ഇന്ത്യയും ചൈനയും ഭീഷണിയിൽ ചരിത്രാതീതകാലത്ത് മൺമറഞ്ഞു പോയ വമ്പൻ ജീവികളാണ് മാമ്മത്തുകൾ.
13 അടി വരെ പൊക്കവും 8000 കിലോ ഭാരവും വലിയ കൊമ്പുകളും തുമ്പിക്കൈകകളുമുള്ള ഇവ ആനകളുടെ കുടുംബത്തിൽ പെട്ടവയുമാണ്. ഇരുപത്തിയഞ്ച് വർഷം മുൻപ് തുടങ്ങി 11,000 വർഷം മുൻപ് അവസാനിച്ച പ്ലീസ്റ്റോസീൻ കാലഘട്ടത്തിലെ പ്രബലജീവികളായ ഇവ ഓസ്ട്രേലിയയും തെക്കേ അമേരിക്കയും ഒഴിച്ച് എല്ലാ ഭൂഖണ്ഡങ്ങളിലും ഉണ്ടായിരുന്നു. എന്നാൽ സൈബീരിയയിലും മറ്റ് ഉത്തരധ്രുവ–സമീപ മേഖലകളിലുമുണ്ടായിരുന്നു വൂളി മാമ്മത്തുകളാണ് ഈ വൻജീവികളിൽ ഏറെ പ്രശസ്തം. ഒട്ടേറെ നോവലുകളിലും ഐസ് ഏജ് പരമ്പര ഉൾപ്പെടെയുള്ള ചലച്ചിത്രങ്ങളിലും മാമ്മത്തുകൾ കഥാപാത്രങ്ങളായി.
മാമ്മത്തുകൾ പിൽക്കാലത്ത് വംശനാശം വന്ന് ഭൂമിയിൽ നിന്നു തുടച്ചുനീക്കപ്പെടുകയായിരുന്നു. ഇവയുടെ വംശനാശത്തിന് ഭക്ഷണദൗർലഭ്യം, കാലാവസ്ഥാ വ്യതിയാനം, മനുഷ്യരുടെ അമിതമായ വേട്ടയാടൽ തുടങ്ങി പല കാരണങ്ങൾ പറയപ്പെടുന്നു. റഷ്യയിൽ ആർട്ടിക് സമുദ്രവുമായി തീരം പങ്കിടുന്ന വ്രാൻഗൽ ദ്വീപിലായിരുന്നു ലോകത്തിലെ അവസാനത്തെ മാമ്മത്തുകൾ ഉണ്ടായിരുന്നത്. 4000 വർഷങ്ങൾക്കു മുൻപ് ഇവയും ചത്തൊടുങ്ങിയതോടെ ഭൂമിയിലെ മാമ്മത്ത് യുഗത്തിന് അന്ത്യമായി. ഏഷ്യൻ ആനകൾക്കും മാമ്മോത്തുകൾക്കും ഒരേ മുൻഗാമിയാണ് ഉണ്ടായിരുന്നത്. ആഫ്രിക്കൻ ആനകൾ ഇക്കൂട്ടത്തിൽ വരില്ല.
വംശനാശം വന്ന ഒരു മാമ്മത്തിന്റെ ഡിഎൻഎയിൽ നിന്നു കൾച്ചർ ചെയ്തെടുത്ത കൃത്രിമ മാംസവുമായി ലാബ് ഗ്രോൺ മീറ്റ് രംഗത്ത്പ്രവർത്തിക്കുന്ന കമ്പനി ഇടയ്ക്കു രംഗത്തുവന്നിരുന്നു. ഓസ്ട്രേലിയയിലെ വൗ എന്ന കൾച്ചേഡ് മീറ്റ് കമ്പനിയാണ് ഇത്. മൃഗകോശങ്ങളിൽ നിന്നു കൾച്ചർ ചെയ്തെടുത്താണ് ലാബ് ഗ്രോൺ മീറ്റ് തയാർ ചെയ്യുന്നത്. മൃഗങ്ങളെ കൊല്ലാതെയും അവയുമായി ഇടപെടാതെയുമുള്ള മാംസോൽപാദന രീതിയാണിത്. മൺമറഞ്ഞ മാമ്മത്തിന്റെ ജീനുകൾ ചെമ്മരിയാടിന്റെ കോശങ്ങളിലേക്കു സന്നിവേശിപ്പിച്ച് ആനകളുടെ ഡിഎൻഎ ഉപയോഗിച്ച് പരിഷ്കാരങ്ങൾ വരുത്തിയാണ് ഗവേഷണം സാധ്യമാക്കിയത്. ഇതിലൂടെ സൃഷ്ടിക്കപ്പെട്ട മാംസഗോളത്തിന് മുതലമാംസത്തിന്റെ ഗന്ധമാണെന്ന് ഗവേഷകർ പറഞ്ഞു. 4000 വർഷം വരെ പഴക്കമുള്ള പ്രോട്ടീനുകൾ ഇതിലുണ്ട്.
STORY HIGHLIGHTS: mammoth-ice-age-diet