Kerala

ശബരിമല: മുൻവർഷത്തെക്കാൾ 4 ലക്ഷം തീർഥാടകർ അധികമെത്തി: മന്ത്രി വാസവൻ | Sabarimala

ഏറ്റുമാനൂർ: ശബരിമലയിൽ സർക്കാരും ദേവസ്വം ബോർഡും കൂട്ടായി നടത്തിയ ശ്രമം വിജയം കണ്ടുവെന്ന് മന്ത്രി വി.എൻ.വാസവൻ. മണ്ഡലകാലം ആരംഭിച്ചിട്ട് 30 ദിവസം പിന്നിടുമ്പോൾ മുൻവർഷത്തെക്കാൾ 4 ലക്ഷം തീർഥാടകർ അധികമായി എത്തി. ഒരു പരാതിയും ഇല്ലാതെ ശബരിമല തീർഥാടനം സുഗമമായി നടക്കുകയാണ്. ശബരിമലയിലേക്കു തീർഥാടകപ്രവാഹമാണ്. ഇതോടൊപ്പം വരുമാനത്തിലും വർധനയുണ്ടായി. കഴിഞ്ഞ വർഷത്തെക്കാൾ 21 കോടി രൂപയുടെ അധിക വരുമാനമാണ് ഉണ്ടായിരിക്കുന്നത്.

വരുന്നവർക്കെല്ലാം ദർശനം നടത്താനുള്ള സൗകര്യം ദേവസ്വവും സർക്കാരും ചേർന്ന് ഒരുക്കിയതിനാലാണു കൂടുതൽ തീർഥാടകരെത്തുന്നത്. മകരവിളക്കു വരെ തീർഥാടകർക്കു പ്രയാസമില്ലാതെ ദർശനം നടത്താൻ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. ശബരിമല ദർശനത്തിനിടെ മരിക്കുന്നവർക്കു സർക്കാർ 5 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. മുൻവർഷങ്ങളിലേതു പോലെ വലിയ അപകടങ്ങളോ പ്രശ്നങ്ങളോ നിലവിൽ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.