കോഴിക്കോട്: സ്കൂൾ തല പരീക്ഷകളുടെ ചോദ്യക്കടലാസുകൾ കൂടുതൽ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി ചോർന്നതായി വിവരം. വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ടിൽ പറയുന്ന കൊടുവള്ളി ആസ്ഥാനമായ എംഎസ് സൊല്യൂഷൻസ് എന്ന സ്ഥാപനത്തിനു പുറമേ മറ്റു ചില സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളുടെ ഓൺലൈനുകളിലും ഓണപ്പരീക്ഷ ചോദ്യങ്ങൾ വിദ്യാർഥികൾക്ക് നൽകിയതായാണു വിവരം. സംഭവത്തിന്റെ വ്യാപ്തി വർധിച്ചതോടെ ചോർച്ച പ്രത്യേക സംഘം അന്വേഷിക്കണമെന്നും ആവശ്യം ഉയരുന്നു.
സ്കൂൾ തല പരീക്ഷകളുടെ ചോദ്യങ്ങൾ മാത്രമാണ് ചോർന്നതെന്നാണ് ഇതുവരെയുള്ള വിവരം. യുട്യൂബ് ചാനലിൽ നൽകിയതിനു പുറമേ വാട്സാപ്പിലും കുട്ടികൾക്കു ചോദ്യങ്ങൾ നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ ക്രിസ്മസ് പരീക്ഷ, ഈ വർഷത്തെ ഓണപ്പരീക്ഷ, ക്രിസ്മസ് പരീക്ഷ എന്നിവയുടെ ചോദ്യക്കടലാസുകളിലെ ചോദ്യങ്ങൾ സ്ഥാപനങ്ങൾ കൃത്യതയോടെ പ്രവചിച്ചു. എസ്എസ്എൽസി പൊതു പരീക്ഷ പ്രവചനത്തിൽ ഈ കൃത്യത ഉണ്ടായിട്ടില്ല.
വിഷയം ഗൗരവമുള്ളതാണെന്നും സംസ്ഥാന തലത്തിൽ നടപടി എടുക്കണമെന്നും ചൂണ്ടിക്കാട്ടി കോഴിക്കോട് ഡിഡിഇ വീണ്ടും പൊതുവിദ്യാഭ്യാസ ഡയറക്ടർക്കു കത്തു നൽകി. മുൻപു രണ്ടു തവണ ചോർന്നപ്പോഴും ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന ആവശ്യമുയർന്നെങ്കിലും വിദ്യാഭ്യാസ വകുപ്പ് നടപടിയെടുക്കാത്തതാണ് ക്രിസ്മസ് പരീക്ഷയ്ക്കും ചോദ്യങ്ങൾ ചോരാൻ കാരണമായത്. ഓണപ്പരീക്ഷ സമയത്ത് പരാതി ഉയർന്നപ്പോൾ എംഎസ് സൊല്യൂഷൻസ് ഉടമ മുഹമ്മദ് ശുഹൈബിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നെങ്കിലും അന്വേഷണം മുന്നോട്ടു പോയില്ല.
മൊഴിയെടുക്കുന്നതിനിടെ തനിക്കു ചില സ്ഥാപനങ്ങളെ സംശയമുണ്ടെന്ന് പൊലീസിനോടു പറഞ്ഞെങ്കിലും പൊലീസ് അന്വേഷിച്ചില്ലെന്ന് ഇയാൾ തന്നെ കഴിഞ്ഞ ദിവസം പുറത്തുവിട്ട വിഡിയോയിൽ വ്യക്തമാക്കി. ചോദ്യ ചോർച്ചയിൽ കൂടുതൽ സ്ഥാപനങ്ങൾക്കു പങ്കുണ്ടെന്നു ചൂണ്ടിക്കാട്ടി കെഎസ്‌യു ജില്ലാ കമ്മിറ്റി ഗവർണർക്കും പൊലീസിനും വിജിലൻസിനും പരാതി നൽകി. വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ മേളകൾക്ക് സ്പോൺസർഷിപ് നൽകുന്നത് ഇതിൽ ചില സ്ഥാപനങ്ങളാണെന്നും അതിനാലാണ് സർക്കാർ നടപടിയെടുക്കാത്തതെന്നും ജില്ലാ പ്രസിഡന്റ് വി.ടി.സൂരജ് ഗവർണർക്കു നൽകിയ പരാതിയിൽ പറയുന്നു.
ക്രിസ്മസ് പരീക്ഷ മാറ്റിവയ്ക്കണമെന്നും ആവശ്യപ്പെട്ടു. എംഎസ് സൊല്യൂഷൻസിന്റെ യുട്യൂബ് ചാനൽ ഉള്ളടക്കങ്ങളിൽ അശ്ലീല പ്രയോഗങ്ങളും ദ്വയാർഥവുമാണെന്നു ചൂണ്ടിക്കാട്ടി എഐവൈഎഫ് കൊടുവള്ളി പൊലീസിനും വിദ്യാഭ്യാസ വകുപ്പിനും പരാതി നൽകി. ക്ലാസിനിടയിൽ നഗ്നതാ പ്രദർശനം നടത്തിയെന്നും പാഠഭാഗങ്ങൾ അശ്ലീലം കലർത്തി പഠിപ്പിക്കുന്നുവെന്നുമാണു പരാതി. ഈ ഉള്ളടക്കങ്ങൾ ഇപ്പോൾ ലഭ്യമല്ല. സ്ഥാപനം രണ്ടു ദിവസമായി അടച്ചിട്ട നിലയിലാണ്.