Kerala

നടിയെ ആക്രമിച്ച കേസ്: തുറന്ന കോടതിയിൽ അന്തിമവാദം കേൾക്കണമെന്ന അതിജീവിതയുടെ ഹർജി ഇന്ന് പരിഗണിക്കും | Actress assault case

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍, തുറന്ന കോടതിയില്‍ അന്തിമ വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ട് അതിജീവിത സമര്‍പ്പിച്ച ഹര്‍ജി വിചാരണക്കോടതി ഇന്നു പരിഗണിക്കും. അടച്ചിട്ട കോടതിമുറിയ്ക്കുള്ളിലെ വാദം അവസാനിപ്പിക്കണമെന്നും കോടതിയില്‍ നടക്കുന്നത് പൊതുസമൂഹം അറിയണമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇരയാക്കപ്പെടുന്നവർ കുറ്റപ്പെടുത്തലുകൾ നേരിടുന്ന പശ്ചാത്തലത്തിൽ തനിക്ക് സംഭവിച്ചത് എന്താണെന്ന് എല്ലാവരും അറിയട്ടെ എന്ന് വ്യക്തമാക്കിയാണ് അതിജീവിത അപേക്ഷ നൽകിയിരുന്നത്. കോടതിയിൽ നടക്കുന്ന കാര്യങ്ങൾ പൊതുസമൂഹം കൂടി അറിയട്ടെ എന്നും സ്വകാര്യത വിഷയമല്ലെന്നുമാണ് നടി കോടതിയിൽ വ്യക്തമാക്കിയിരിക്കുന്നത്. കേസിൽ കഴിഞ്ഞ ആഴ്ച അന്തിമവാദം ആരംഭിച്ചിരുന്നു.

നിലവിൽ അടച്ചിട്ട കോടതിയിലാണ് വിചാരണ. ദിലീപ് ഉൾപ്പെടെ ഒൻപത് പേരാണ് കേസിൽ പ്രതികൾ. രണ്ടുപേരെ നേരത്തെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ഒരാളെ കേസിൽ മാപ്പു സാക്ഷിയാക്കുകയും ചെയ്തിരുന്നു. കേസിലെ ഒന്നാം പ്രതി പൾസർ സുനിക്ക് ഏഴര വർഷത്തിന് ശേഷമാണ് സുപ്രിംകോടതി ജാമ്യം അനുവദിച്ചത്. 2017 ഫെബ്രുവരിയിലാണ് കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ നടി അതിക്രൂരമായി ആക്രമിക്കപ്പെട്ടത്. 2018 മാർച്ചിൽ ആരംഭിച്ച കേസിന്‍റെ വിചാരണ നടപടികളാണ്, വർഷങ്ങൾക്കുശേഷം അന്തിമഘട്ടത്തിലേക്ക് എത്തുന്നത്.

കേസിൽ സാക്ഷിവിസ്താരം ഒന്നരമാസം മുമ്പ് പൂർത്തിയായിരുന്നു. കോടതിയിൽ ഹാജരാക്കിയ തെളിവുകളുമായി ബന്ധപ്പെട്ട് അന്തിമവാദത്തിന് കൂടുതൽ സമയം വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടും. ഒരു മാസത്തിനകം അന്തിമവാദത്തിന്‍റെ നടപടിക്രമങ്ങൾ പൂർത്തിയാകാനാണ് സാധ്യത.