Kerala

ശബരിമലയിൽ ദിലീപിന്റെ വിഐപി ദർശനം: ഹൈക്കോടതി ഇന്ന് പരിഗണിക്കും | Dileep’s VIP visit to Sabarimala

കൊച്ചി: നടൻ ദിലീപിന്‍റെ ശബരിമലയിലെ വിഐപി ദർശനവുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സംഭവത്തിന്‍റെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും ദിലീപ് 7 മിനിറ്റോളം മറ്റ് ഭക്തർക്ക് തടസമുണ്ടാക്കി സോപാനത്തിൽ നിന്നെന്ന് കോടതിക്ക്‌ ബോധ്യപ്പെട്ടിരുന്നു. ദിലീപിന്‍റെ ദർശനത്തിൽ വലിയ വിമർശനമാണ് കോടതി കഴിഞ്ഞ ദിവസം ഉന്നയിച്ചത്.

ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ, എസ്. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുക. ഭക്തരെ തടയാൻ ആരാണ് അധികാരം നൽകിയെതെന്നും എന്ത് പരിഗണനയാണ് ഇത്തരം ആളുകൾക്ക്‌ ഉള്ളതെന്നും കോടതി ചോദിച്ചിരുന്നു. സംഭവത്തിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് ഓഫീസർ, രണ്ട് ദേവസ്വം ഗാർഡുകൾ എന്നിവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്ന് ദേവസം ബോർഡ് മറുപടി നൽകി. ആർക്കും പ്രത്യേക പരിഗണന നല്കരുതെന്ന് നിർദേശിച്ച കോടതി ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ ദേവസം ബോർഡും സ്പെഷ്യൽ പൊലീസും ശ്രദ്ധിക്കണമെന്നും നിർദേശിച്ചിരുന്നു.