പച്ചപ്പിന് നടുവില്‍ മനോഹരിയായി ഇടുക്കി സേനാപതിയിലെ മരച്ചുവട് വെള്ളച്ചാട്ടം. ഇടുക്കി സേനാപതി പഞ്ചായത്തിലെ പുത്തടിയ്ക്കും പള്ളിക്കുന്നിനും ഇടയിലാണ് ആരെയും ആകര്‍ഷിക്കുന്ന ഈ വെള്ളച്ചാട്ടം ഉള്ളത്. വെള്ളിത്തിരയിലും സാന്നിധ്യമറിയിച്ച വെള്ളച്ചാട്ടം ഇന്ന് സഞ്ചാരികളെ കാത്തിരിക്കുകയാണ്. പ്രകൃതിയുടെ ഹരിത സമൃദ്ധിക്ക് നടുവില്‍ ഒരു വിസ്മയകാഴ്ച തന്നെയാണ് ഈ വെള്ളച്ചാട്ടം.
പച്ചപ്പു നിറഞ്ഞ മൊട്ടക്കുന്നുകളും തണുത്ത കാറ്റും കോടമഞ്ഞുമെല്ലാം ഇടവിട്ടെത്തുന്ന പ്രദേശത്തിന്റെ മനോഹാരിതയ്ക്ക് മാറ്റുകൂട്ടുന്നതാണ് ഈ വെള്ളച്ചാട്ടം. മുമ്പ് നിരവധി സഞ്ചാരികള്‍ എത്തിയിരുന്ന ഇവിടേയ്ക്ക് ഇപ്പോള്‍ തദ്ദേശീയരായ സഞ്ചാരികള്‍ എത്തുന്നുണ്ട്.
പാറക്കെട്ടില്‍ ചിന്നിചിതറി, ആര്‍ത്തുല്ലസിച്ച് പതിയ്ക്കുന്ന മരച്ചുവട് വെള്ളചാട്ടം. ഇടുക്കി ഒളുപ്പിച്ച് വെച്ച നിരവധി കാഴ്ചകളില്‍ ഒന്നാണ്, ഈ മനോഹര ജലപാതം. മണ്‍സൂണ്‍കാലത്ത് സജീവമാകുന്ന വെള്ളചാട്ടത്തിലേയ്ക്ക് എത്തണമെങ്കില്‍ തൊട്ടടുത്ത കൃഷിയിടത്തിലൂടെ സഞ്ചരിയ്ക്കണം. പറയിലടിച്ചു ചിതറുന്ന ജലകണങ്ങള്‍ ഒരുക്കുന്ന ദൃശ്യം മാത്രമല്ല ഇവിടെ ഉള്ളത്. വഴിയിലെ കൃഷിയിടങ്ങളും ഏറെ കൗതുകകരമാണ്. റംമ്പൂട്ടാന്‍, വൈറ്റ് ഞാവല്‍, ഇസ്രയേല്‍ ഓറഞ്ച്, സ്റ്റാര് ഫ്രൂട്ട്, ബേര്‍ ആപ്പിള്‍, സുരിനാം ചെറി, തുടങ്ങി സ്വദേശിയും വിദേശിയുമായി നിരവധി ഫല വൃക്ഷങ്ങള്‍ നിറഞ്ഞ ക്യഷിയിടങ്ങളും ഈ വഴിയിൽ കാണാം.
കൃഷിയിടത്തിനോട് ചേര്‍ന്നുള്ള വെള്ളചാട്ടത്തിൻ്റെ സംരക്ഷണ ചുമതല കൂടി അടുത്തുളള കർഷകർ സ്വയം ഏറ്റെടുത്തിട്ടുണ്ട്. കേട്ടറിഞ്ഞെത്തുന്ന സഞ്ചാരികളോട് പ്ലാസ്റ്റിക് നിക്ഷേപിയ്ക്കരുതെന്ന് നിര്‍ദേശിച്ചും, ആരെങ്കിലും നിക്ഷേപിച്ചാല്‍ പരിഭവം കൂടാതെ എടുത്ത് മാറ്റിയും. വെള്ളചാട്ടവും പരിസരവും മാലിന്യ മുക്തമായിരിക്കാന്‍ ഈ മനുഷ്യരുടെ ഇടപെടല്‍ എപ്പോഴുമുണ്ട്.
ഇടുക്കി ജില്ലയിലെ ഉടുമ്പൻ ചോലയിൽ നിന്നും 15 കി.മീ മാറിയാണ് മരച്ചുവട് വെളളച്ചാട്ടം. ഏലം കൃഷി ചെയ്യുന്ന ഒരു സ്ഥലത്തിന് നടുക്കായി കാണപ്പെടുന്ന വെളളച്ചാട്ടം മഴക്കാലമാകുമ്പോൾ അതിമനോഹരമായി ഒഴുകി വരുന്ന കാഴ്ചകൾ കണ്ണിനു കുളിർമ നൽകുന്നു. സമീപത്തെ വലിയ തിട്ടയില്‍ നിന്നും ചാഞ്ഞ് നില്‍ക്കുന്ന മരത്തിന്റെ അടിഭാഗത്തായി സ്ഥതി ചെയ്യുതിനാലാണ് മരച്ചുവട് വെള്ളച്ചാട്ടം എന്ന് വിളിക്കുന്നതത്രെ.