Kerala

സംഘർഷം തടയാനെത്തിയ ആദിവാസി യുവാവിനോട് വിനോദസഞ്ചാരികളുടെ ക്രൂരത; റോഡിലൂടെ വലിച്ചിഴച്ചത് അരകിലോമീറ്ററോളം; കേസെടുത്ത് പൊലീസ് | tribal man wayanadu

കെഎൽ 52 എച്ച് 8733 എന്ന നമ്പറിലുള്ള കാറിൽ എത്തിയ സംഘമാണ് ആദിവാസി യുവാവിനോട് ക്രൂരത കാട്ടിയത്

മാനന്തവാടി: ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച് വിനോദസഞ്ചാരികളുടെ ക്രൂരത. കുടൽകടവ് ചെമ്മാട് ഉന്നതിയിലെ മാതൻ എന്നയാളെയാണ് റോഡിലൂടെ അരകിലോമീറ്ററോളം വലിച്ചിഴച്ചത്. മാതനു സാരമായ പരുക്കേറ്റു. ഇന്നലെ വെെകിട്ട് 5.30 ഓടെയാണ് സംഭവം. മാനന്തവാടി പുൽപള്ളി റോഡിലാണ് സംഭവം. മലപ്പുറത്ത് റജിസ്റ്റർ ചെയ്ത കെഎൽ 52 എച്ച് 8733 എന്ന നമ്പറിലുള്ള കാറിൽ എത്തിയ സംഘമാണ് ആദിവാസി യുവാവിനോട് ക്രൂരത കാട്ടിയത്. സംഭവത്തിൽ കേസെടുത്ത് മാനന്തവാടി പൊലീസ്. വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.

പയ്യംമ്പള്ളി കുടൽ കടവിൽ തടയണ കാണാനെത്തിയ 2 സംഘങ്ങൾ തമ്മിൽ തർക്കമുണ്ടായതു കണ്ടു തടയാനെത്തിയതിനാണു മാതനെ വിനോദസഞ്ചാരികൾ ആക്രമിക്കാൻ കാരണമെന്നു പൊലീസ് പറഞ്ഞു.

വിനോദസഞ്ചാരികളുടെ സംഘങ്ങൾ തമ്മിൽ വാക്കുതർക്കമുണ്ടായതിനെ തുടർന്നുള്ള ബഹളംകേട്ടു പ്രശ്നത്തിൽ ഇടപെടാനെത്തിയ നാട്ടുകാരും വിനോദസഞ്ചാരികളും തമ്മിൽ കയ്യാങ്കളിയിലെത്തി. ഇതിനിടെ കല്ലുമായി ആക്രമിക്കാനൊരുങ്ങിയ യുവാവിനെ തടയാനെത്തിയതായിരുന്നു മാതൻ. മാതനെ കൈപിടിച്ച് മാനന്തവാടി-പുൽപ്പള്ളി റോഡിലൂടെ സംഘം കാറിൽ വലിച്ചിഴയ്ക്കുകയായിരുന്നു. സംഭവത്തിൽ മാതന്റെ അരയ്ക്കും കൈകാലുകൾക്കും പരുക്കേറ്റു. ഇദ്ദേഹത്തെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആര്‍സി ഉടമയെ തിരിച്ചറിഞ്ഞു. കുറ്റിപ്പുറം സ്വദേശി മുഹമ്മദ് റിയാസാണ് വാഹനത്തിന്റെ ആര്‍ സി ഉടമയെന്നാണ് രേഖകളില്‍ നിന്നും ലഭിച്ചത്. എന്നാല്‍ സംഭവം നടക്കുമ്പോള്‍ വാഹനം ഓടിച്ചിരുന്നത് റിയാസ് ആണോ എന്നതില്‍ വ്യക്തതയില്ല. അഞ്ച് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. മൂന്നുപേര്‍ പിറകിലും രണ്ട് പേര്‍ മുന്‍സീറ്റിലുമായിരുന്നുവെന്നാണ് വിവരം.

STORY HIGHLIGHT: tribal youth dragged by tourists wayanadu