സംസ്ഥാനത്ത് റോഡ് അപകടങ്ങൾ വർധിച്ചു വരികയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ തന്നെ പൊലിഞ്ഞത് നിരവധി ജീവനുകളാണ്. വാഹനാപകട പരമ്പരകളുടെ പശ്ചാത്തലത്തിൽ നിയമലംഘനങ്ങൾ കണ്ടെത്താൻ ഡേ & നൈറ്റ് പരിശോധനാ ഡ്രൈവും ബോധവത്കരണവും സംഘടിപ്പിക്കുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ വ്യക്തമാക്കി. പല അപകടങ്ങളും അശ്രദ്ധകൊണ്ടാണ് സംഭവിക്കുന്നതെന്ന് മന്ത്രി പറയുന്നു. പാലക്കാട് പനയമ്പാടത്തെ അപകടം അത്തരത്തിൽ ഒന്നായിരുന്നു. കുഞ്ഞുങ്ങളുടെ ഭാഗത്ത് യാതൊരു തെറ്റും ഇല്ലായിരുന്നു. എന്നാൽ അവർക്ക് ജീവൻ നഷ്ടമായി. അപകടം ഉണ്ടാകാതിരിക്കാൻ ആദ്യം സ്വയം അച്ചടക്കം പാലിക്കണം. ഉറക്കം വരുന്നുണ്ടെങ്കിൽ ഉറങ്ങിയ ശേഷം മാത്രം വണ്ടി ഓടിക്കണം, ഉറങ്ങിക്കൊണ്ട് വണ്ടി ഓടിക്കരുതെന്നും മന്ത്രി ഓർമിപ്പിക്കുന്നു.
ചില റോഡുകൾ പണിഞ്ഞിരിക്കുന്നത് ഗ്രൗണ്ട് റിയാലിറ്റി അറിയാതെയാണ് എന്ന് ഗതാഗതമന്ത്രി വിമർശിച്ചു. അശാസ്ത്രീയമായാണ് പല റോഡുകളും നിർമ്മിച്ചിരിക്കുന്നത്. പ്രാദേശിക പരിശോധന നടത്തിയല്ല റോഡ് നിർമ്മാണം നടത്തുന്നത്. നാഷണൽ ഹൈവേ ഡിസൈൻ ചെയ്യുന്നത് ഗൂഗിൾ മാപ്പ് നോക്കിയാണെന്നും സംസ്ഥാനത്തെ ഉദ്യോഗസ്ഥരോട് കാര്യങ്ങൾ തിരക്കാറില്ലെന്നും മന്ത്രി ആരോപിച്ചു. പല സ്വിഫ്റ്റ് ഡ്രൈവർമാരും അശ്രദ്ധമായി വണ്ടിയോടിക്കുന്നണ്ടെന്നും കെ ബി ഗണേഷ്കുമാർ പ്രതികരിച്ചു.
വാഹനാപകടങ്ങള്‍ തുടര്‍ക്കഥയാകുന്ന പശ്ചാത്തലത്തിൽ സുരക്ഷിതമായ യാത്രക്ക് ആവശ്യമായ തുടര്‍ നടപടികളും അപകടരഹിത യാത്ര സാധ്യമാക്കാനും ലക്ഷ്യമിട്ട് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. അപകടമേഖലയിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ സംയുക്ത പരിശോധന നടത്തുന്നത് ഉള്‍പ്പെടെ ഉന്നത തല യോഗത്തിൽ ചര്‍ച്ച ചെയ്യും. ചൊവ്വാഴ്ച വൈകിട്ട് നാലിന് തിരുവനന്തപുരത്താണ് ഉന്നത തല യോഗം നടക്കുക. മോട്ടോര്‍ വാഹന വകുപ്പ്, പൊലീസ് എന്നീ വകുപ്പുകളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ യോഗത്തിൽ പങ്കെടുക്കും. ദേശീയ പാത അതോറിറ്റി, കെഎസ്ഇബി, പിഡബ്ല്യുഡി, റോഡ് സേഫ്റ്റ് വിഭാഗം എന്നിവയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുക്കും.
പാലക്കാട്ടെ അപകടത്തിന് പിന്നാലെ പത്തനംതിട്ട മുറിഞ്ഞകല്ലിൽ അപകടത്തിൽ നാല് ജീവൻ നഷ്ടമായ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിൽ കോന്നി, മുറിഞ്ഞകല്ല് ജങ്ഷന് സമീപത്തായിരുന്നു അപകടം. ഹണിമൂണിന് പോയ നവദമ്പതികളെ തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് വീട്ടിലേക്ക് വിളിച്ചുകൊണ്ടുവരുന്നതിനിടെയായിരുന്നു അപകടം. അപകടത്തിൽ മല്ലശ്ശേരി സ്വദേശികളായ മത്തായി ഈപ്പൻ, അനു, നിഖിൽ, ബിജു പി ജോർജ് എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന കാർ ആന്ധ്ര സ്വദേശികളായ ശബരിമല തീർത്ഥാടകരുടെ ബസിലേക്ക് ഇടിച്ച് കയറുകയായിരുന്നു. വീടെത്താൻ ഏഴ് കിലോമീറ്റർ മാത്രം അകലമുള്ളപ്പോഴായിരുന്നു അപകടം.