വിഴിഞ്ഞം അന്താരാഷ്ട്ര തുറുമുഖത്തിലെ കേന്ദ്ര നിലപാടിനെതിരെ മന്ത്രി വി.എൻ.വാസവൻ. കേന്ദ്ര സർക്കാർ അനുവദിക്കാൻ ഉദ്ദേശിക്കുന്ന വയബിലിറ്റി ഗ്യാപ്പ് ഫണ്ട് പലമടങ്ങായി തിരിച്ചടയ്ക്കണമെന്ന കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ തീരുമാനത്തിനെതിരെയാണ് വിമർശനം. വിജിഎഫ് 217.08 കോടി രൂപ ലോണായി മാത്രമേ അനുവദിക്കൂ എന്നാണ് കേന്ദ്രത്തിൻ്റെ നിലപാടെന്ന് മന്ത്രി വി.എൻ.വാസവൻ പറയുന്നു. കേന്ദ്രം
കേരളത്തോട് മാത്രം വിവേചനം കാണിക്കുകയാണ് എന്നും മന്ത്രി പറഞ്ഞു. വി.ജി.എഫ് ഗ്രാൻ്റായി നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്നും വി.എന്‍.വാസവന് വ്യക്തമാക്കി. വിഴിഞ്ഞം പദ്ധതിക്ക് ഇതുവരെ സർക്കാർ സഹായം കിട്ടിയിട്ടില്ല. അർഹത ഉള്ളത് ഒന്നും കേന്ദ്രം തരാത്തത് ആണ് നിലവിലത്തെ സാഹചര്യം. ദുരന്തമുഖത്ത് പോലും കേന്ദ്രം സഹായം നൽകിയില്ല. പക പോക്കൽ സമീപനം ആണോ എന്നും സംശയിക്കുന്നു. വിഴിഞ്ഞം സ്വകാര്യ സംരഭം അല്ല. സംസ്ഥാന സർക്കാരുമായി ചേർന്നുള്ള പദ്ധതിയാണെന്നും മന്ത്രി ഓർമിപ്പിച്ചു. കസ്റ്റംസ് ഡ്യൂട്ടി അടക്കം എത്തുന്നത് കേന്ദ്രത്തിലേക്കാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വി.ജി.എഫ് ഗ്രാന്റിന്റെ കാര്യത്തിൽ കേന്ദ്ര സർക്കാർ പുലർത്തി വന്ന പൊതുനയത്തിൽ നിന്നുള്ള വ്യതിയാനമാണിത്. വിജിഎഫ് ഗ്രാൻ്റായി തന്നെ അനുവധിക്കണം. വിഴിഞ്ഞം പദ്ധതിക്കായി കേന്ദ്രം നൽകുന്ന തുക, വായ്പയായി വാഖ്യാനിച്ചാൽ പലിശയടക്കമുള്ള തിരിച്ചടവ് സംസ്ഥാനത്തിന് വലിയ ബാധ്യതയാകുമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിക്കയച്ച കത്തിൽ പറഞ്ഞിരുന്നു.വിഴിഞ്ഞം ഉദ്ഘാടനത്തിന് പ്രധാന മന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്. അദ്ദേഹത്തിൻ്റെ തീയതി അനുസരിച്ച് പദ്ധതി കമ്മീഷൻ ചെയ്യുമെന്നും മന്ത്രി വിഎന്‍ വാസവന് കൂട്ടിച്ചേർത്തു.
അതേസമയം, വിഴിഞ്ഞം തുറമുഖത്തില്‍ കേരളത്തിന്റെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പാർലമെന്റില്‍ വ്യക്തമാക്കിയിരുന്നു. വരുമാന വിഹിതം പങ്കുവെക്കണമെന്നുള്ള നിലപാടിൽ പിന്നോട്ടില്ല എന്നാണ് അറിയിച്ചത്. വിജിഎഫ് നിബന്ധനയിൽ മാറ്റമുണ്ടാകില്ല. തൂത്തൂക്കൂടി മാതൃക വിഴിഞ്ഞത്ത് നടപ്പാക്കാനാകില്ലെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു. തൂത്തുക്കൂടി സർക്കാരിന്റെ കീഴിലുള്ള തുറമുഖമാണെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. രാജ്യസഭ എം.പി ഹാരീസ് ബീരാന്റെ ചോദ്യത്തിനാണ് കേന്ദ്രം നിലപാട് ആവർത്തിച്ചത്.