പറവൂർ: എക്സൈസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ അതിക്രമിച്ചു കടന്ന് കാറിന്റെ ബോണറ്റ് കരിങ്കല്ലുകൊണ്ട് അടിച്ചു തകർത്തുവെന്ന് പരാതി. ആക്രമണത്തിൽ എക്സൈസ് ഉദ്യോഗസ്ഥനായ ഹനീഷിനും ഭാര്യ വീണയ്ക്കും പരിക്കേറ്റു. വടക്കൻ പറവൂരിൽ ആണ് സംഭവം. അബ്കാരി കേസുമായി ബന്ധപ്പെട്ട് റെയ്ഡ് നടത്തിയതിലുള്ള വൈരാഗ്യത്തിലാണ് ഹനീഷിന്റെ വീടിനു നേരെ ആക്രമണം നടത്തിയതെന്നാണ് പരാതി. ഹനീഷിന്റെ അയൽക്കാരനായ രാകേഷിനെ സംഭവത്തിൽ അറസ്റ്റ് ചെയ്തു.
ഞായറാഴ്ച്ച വൈകീട്ട് മൂന്നരയോടെയാണ് രാകേഷ് വീട്ടിലേക്ക് അതിക്രമിച്ചു കടക്കുന്നതെന്നാണ് ഹനീഷ് പറയുന്നത്. സംഭവസമയം ഹനീഫിന്റെ അമ്മയും ഭാര്യയും കുഞ്ഞും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. മുറ്റത്ത് കിടന്ന കാർ കല്ലുകൊണ്ടടിച്ച് പൊളിക്കുന്നത് കണ്ടാണ് ഭാര്യ വരുന്നത്. ഇത് ചോദ്യം ചെയ്ത ഭാര്യയ്ക്ക് നേരെ ഇയാൾ കല്ലെറിഞ്ഞു. കിടപ്പുമുറിയുടെ ജനൽച്ചില്ലുകൾ അടിച്ചു തകർത്തു. പരാതി കൊടുത്തെങ്കിലും രാത്രി 11 മണിക്കും ഒരു മണിക്കും രണ്ടു മണിക്കുമൊക്കെ ഇതേ സംഭവം തന്നെ ആവർത്തിച്ചു.-ഹനീഷ് പറയുന്നു.
ലഹരി ഉപയോഗത്തിനടക്കം നിരവധി കേസുകളിൽ പ്രതിയാണ് രാകേഷെന്നാണ് വിവരം. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം എക്സൈസ് ഉദ്യോഗസ്ഥർ ഇയാളുടെ വീട്ടിൽ റെയ്ഡ് നടത്തിയത്. കെടാമംഗലം എക്സൈസ് റവന്യൂ ഓഫീസറായ ഹനീഫും ആ സംഘത്തിലുണ്ടായിരുന്നു. ഈ വൈരാഗ്യത്തിലാണ് രാകേഷ് ഹനീഫിന്റെ വീട്ടിൽ അക്രമം അഴിച്ചു വിട്ടതെന്നാണ് സൂചന. നിലവിൽ ഇയാൾ പറവൂർ പോലീസിന്റെ കസ്റ്റഡിയിലാണ്.
STORY HIGHLIGHT: neighbor broke into excise officer’s house