India

ജന്മനാട്ടിൽ വിമാനമിറങ്ങി ഗുകേഷ്; അഭിമാനപുത്രന് വൻ വരവേൽപ്പ് നൽകി നാട് | d gukesh

പൂചെണ്ടും ഹാരങ്ങളുമായി നിരവധി പേരാണ് വിമാനത്താവളത്തിൽ തടിച്ചുകൂടിയത്

ചെന്നൈ: ലോക ചെസ് ചാമ്പ്യൻ ഡി ​ഗുകേഷിന് ജന്മനാട്ടിൽ വൻ വരവേൽപ്പ്. തമിഴ്‌നാട്ടിലെ ചെന്നൈയിലാണ് ഗുകേഷും കുടുംബവും വിമാനമിറങ്ങിയത്. വിശ്വവിജയി ആയി എത്തിയ ഗുകേഷിന് വൻ സ്വീകരണമാണ് നൽകുന്നത്. പൂചെണ്ടും ഹാരങ്ങളുമായി നിരവധി പേരാണ് വിമാനത്താവളത്തിൽ തടിച്ചുകൂടിയത്. സിംഗപ്പൂരിൽ നടന്ന ലോക ചെസ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ നിലവിലെ ചാമ്പ്യനായിരുന്ന ചൈനയുടെ ഡിങ് ലിറെനെ കീഴടക്കി സമാനതകളില്ലാത്ത നേട്ടമാണ് ​ഗുകേഷ് കൈവരിച്ചത്. സർക്കാരിനെ പ്രതിനിധീകരിച്ച് വിമാനത്താവളത്തിൽ തമിഴ്‌നാട് കായിക വകുപ്പ് സെക്രട്ടറി എത്തിയിരുന്നു. ഇന്ന് ഗുകേഷ് പഠിച്ച സ്‌കൂളിലാണ് ആദ്യ സ്വീകരണം നടക്കുക.

വിശ്വനാഥൻ ആനന്ദിന് ശേഷം ഈ കിരീടം നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് ഗുകേഷ്. നേരത്തെ 22ാം വയസ്സിൽ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യനെന്ന റെക്കോർഡ് നേടിയ റഷ്യൻ ഗ്രാൻഡ് മാസ്റ്റർ ഗാരി കാസ്പറോവിനെയാണ് 18 കാരനായ ഗുകേഷ് പിന്തള്ളിയത്

ഏഴാം വയസിൽ കരുനീക്കം തുടങ്ങിയ ഗുകേഷിന്റെ വേരുകൾ ആന്ധ്രാപ്രദേശിലാണ്. എങ്കിലും വിശ്വനാഥൻ ആനന്ദിന്റെ ദേശമായ ചെന്നൈയിൽനിന്നുതന്നെയാണ് ഗുകേഷിന്റെ വരവ്. ആനന്ദിന്റെ നേതൃത്വത്തിലുള്ള വെസ്റ്റ് ബ്രിഡ്ജ് ആനന്ദ് ചെസ് അക്കാദമിയിലാണ് 2020 മുതൽ പരിശീലനം.

STORY HIGHLIGHT: gukesh in hometown chennai