കെഎസ്ഇബിയുമായി 30 വർഷത്തെ കരാർ പൂർത്തിയാക്കിയ മണിയാർ ജലവൈദ്യുത പദ്ധതിയുടെ കരാര്‍ നീട്ടരുതെന്ന് വ്യക്തമാക്കി വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. അതേസമയം കരാർ നീട്ടണമെന്നതായിരുന്നു വ്യവസായ വകുപ്പിന്‍റെ നിലപാട്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി അന്തിമ തീരുമാനം എടുക്കുമെന്ന് വൈദ്യുതി മന്ത്രി കൃഷ്ണൻകുട്ടി വ്യക്തമാക്കി. കരാര്‍ കാലാവധി തീര്‍ന്ന മണിയാര്‍ പദ്ധതിയുടെ നിയന്ത്രണാവകാശം കാര്‍ബോറാണ്ടം യൂണിവേഴ്‌സല്‍ കമ്പനിക്ക് നല്‍കാന്‍ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് ധാരണയായത്. വൈദ്യുതി ചാർജ് വർധന ഇനി വേണ്ടിവരില്ലെന്നും മന്ത്രി പറഞ്ഞു. ദീർഘകാല കരാർ റദ്ദാക്കിയത് പുനഃസ്ഥാപിക്കാൻ സുപ്രീംകോടതിയെ സമീപിച്ചു. വാദം പൂർത്തിയായതായും അനുകൂല വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിധി പ്രതികൂലമെങ്കിൽ മാത്രമേ ചാർജ് വർധനവിനെ കുറിച്ച് ആലോചനയുള്ളൂവെന്നും മന്ത്രി പറഞ്ഞു.
കരാര്‍ നീട്ടുന്നതിൽ വ്യവസായ വകുപ്പിനും വൈദ്യുതി വകുപ്പിനും രണ്ട് അഭിപ്രായമാണെന്നതാണ് മന്ത്രിയുടെ വിശദീകരണത്തിലൂടെ വ്യക്തമാവുന്നത്. മണിയാർ പദ്ധതി ഏറ്റെടുക്കണം എന്നാണ് വൈദ്യുതി ബോർഡിന്‍റെ അഭിപ്രായമെന്ന് കൃഷ്ണൻകുട്ടിക്കും കാർബോറണ്ടത്തിന്‍റെ കരാർ നീട്ടി നൽകണം എന്നാണ് വ്യവസായ വകുപ്പിന്‍റെയും നിലപാട്. പദ്ധതി 30 വർഷത്തേക്കാണ് കാർബോറണ്ടം ഗ്രൂപ്പിന് നൽകിയിരിക്കുന്നത്. ഇതു കഴിയുമ്പോൾ പദ്ധതി കെഎസ്ഇബിക്ക് തിരിച്ചു നൽകണം. എന്നാൽ 30 വർഷത്തെ ബിഒടി അടിസ്ഥാനത്തിലുള്ള കരാർ കാലാവധി ഡിസംബറിൽ കഴിയാനിരിക്കെയാണ് കരാർ നീട്ടുന്നതുമായി ബന്ധപ്പെട്ട തീരുമാനത്തിലെ ഭിന്നത പുറത്തുവരുന്നത്.
ഇതിനിടയിൽ പദ്ധതി സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകി. ഇതിന്മേൽ കർശനവും വേഗത്തിലുമുള്ള തീരുമാനമുണ്ടാകണമെന്നും അല്ലെങ്കിൽ ജനങ്ങളോടും വരാനിരിക്കുന്ന തലമുറയോടും സർക്കാർ കാണിക്കുന്ന ഗുരുതരമായ ക്രമക്കേടും വഞ്ചനയുമായിരിക്കുമെന്നും കത്തിൽ പറയുന്നു.