Kerala

വനനിയമ ഭേദഗതി കരട് വിജ്ഞാപനം കര്‍ഷക-ആദിവാസ ദ്രോഹമെന്ന് കെപിസിസി

കേരള വനനിയമ ഭേദഗതി കരട് വിജ്ഞാപനം കര്‍ഷക-ആദിവാസി ദ്രോഹമാണെന്നും അത് അടിയന്തരമായി പിന്‍വലിക്കണമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. 1961ലെ വനനിയമം ഭേദഗതി ചെയ്ത് വനം ഉദ്യോഗസ്ഥര്‍ക്ക് പോലീസിന് തുല്യമായ അമിതാധികാരം നല്‍കുന്നത് ദുരുപയോഗം ചെയ്യാനുള്ള സാധ്യത ഏറെയാണ്. വാറന്റില്ലാതെ പരിശോധന നടത്താനും അറസ്റ്റ് ചെയ്യാനും അനധികൃതമായി തടങ്കലില്‍ സൂക്ഷിക്കാനും വനപാലകര്‍ക്ക് അമിതാധികാരം നല്‍കുമ്പോള്‍ അതിന്റെ കെടുതി കര്‍ഷകരും ആദിവാസി സമൂഹവും അനുഭവിക്കേണ്ടി വരും. വന്യജീവി അക്രമത്തില്‍ ഭയന്ന് ജീവിക്കുന്നവര്‍ക്ക് കടുത്ത ഭീഷണിയാണ് സര്‍ക്കാരിന്റെ വനനിയമ ഭേദഗതി കരട് വിജ്ഞാപനമെന്നും കെ.സുധാകരന്‍ ചൂണ്ടിക്കാട്ടി.

വനാതിര്‍ത്തിയോട് ചേര്‍ന്ന് താമസിക്കുന്ന കര്‍ഷകരെ കുടിയിറക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണോ ഈ പുതിയ ഭേദഗതി നിര്‍ദ്ദേശമെന്നതും സംശയമാണ്. വിറക് പെറുക്കുന്നതും വളര്‍ത്തു മൃഗങ്ങളെ മേയ്ക്കുന്നതും മീന്‍ പിടിക്കുന്നതും പുഴയില്‍ കുളിക്കുന്നതുമൊക്കെ വലിയ കുറ്റകൃത്യങ്ങളായി നിര്‍ദ്ദേശിക്കുന്ന ഭേദഗതി ജനവിരുദ്ധമാണ്. ഒരു കിലോ മീറ്റര്‍ ബഫര്‍ സോണും നിര്‍മാണ നിരോധനവും നടത്തി കര്‍ഷകരെ ഉപദ്രവിച്ച ഇടതുസര്‍ക്കാരിന്റെ തലതിരിഞ്ഞ ഭേദഗതി നിര്‍ദ്ദേശമാണിത്. ഭരണകക്ഷിയായ കേരള കോണ്‍ഗ്രസ് എന്തു നിലപാടെടുക്കുമെന്നതു കാണാന്‍ കര്‍ഷകര്‍ കാത്തിരിക്കുന്നു. സംസ്ഥാനത്ത് വനാതിര്‍ത്തിയോടു ചേര്‍ന്നു കിടക്കുന്ന 430 പഞ്ചായത്തുകളിലെ ഒന്നേകാല്‍ കോടിയിലേറ കര്‍ഷകരെ ബാധിക്കുന്ന വനനിയമ ഭേദഗതി കരട് വിജ്ഞാപനം പിന്‍വലിക്കണം. അല്ലെങ്കില്‍ കര്‍ഷകരെ അണിനിരത്ത് സമരരംഗത്തിറങ്ങുമെന്നും സുധാകരന്‍ അറിയിച്ചു.