India

‘പലസ്തീന്‍’ എന്നെഴുതിയ ബാഗുമായി പ്രിയങ്കയുടെ പാർലമെന്റ് എൻട്രി; വാർത്തയാകാന്‍ വേണ്ടിയെന്ന് ബിജെപി | priyanka gandhi

പാലസ്തീനികളോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന തണ്ണിമത്തന്റെ ചിത്രവും ഈ ബാഗിൽ ഉണ്ട്

ന്യൂഡൽഹി: കോൺഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി ഇന്ന് പാർലമെന്റിൽ എത്തിയത് അല്പം വ്യത്യസ്തയായാണ്. ‘പലസ്തീന്‍’ എന്ന് ആ ലേഖനം ചെയ്ത ബാഗുമായി ആയിരുന്നു ഇന്ന് പ്രിയങ്ക ഗാന്ധിയുടെ പാർലമെന്റ് എൻട്രി. പാലസ്തീനികളോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന തണ്ണിമത്തന്റെ ചിത്രവും ഈ ബാഗിൽ ഉണ്ട്.

പാർലമെന്റ് കെട്ടിടത്തിനുള്ളിൽ ബാ​ഗ് ധരിച്ചുനിൽക്കുന്ന പ്രിയങ്കയുടെ ചിത്രം, കോൺ​ഗ്രസ് വക്താവ് ഷമ മുഹമ്മദാണ് സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ചത്. ദേശീയ മാധ്യമങ്ങളടക്കം പിന്നീട് വാർത്ത റിപ്പോർട്ട് ചെയ്തു. നേരത്തെ പലതവണ പലസ്‌തീന്‌ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പ്രിയങ്ക രംഗത്തുവന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ പലസ്തീൻ നയതന്ത്ര പ്രതിനിധി ആബിദ് എൽറാസെഗ് അബി ജാസറുമായി പ്രിയങ്കാ ഗാന്ധി കൂടിക്കാഴ്ച നടത്തിയിരുന്നു. അന്ന് പ്രിയങ്ക പലസ്തീൻ പരമ്പരാ​ഗത ശിരോവസ്ത്രമായ കഫിയ ധരിച്ചെത്തിയതും വാർത്തയായിരുന്നു.കൂടിക്കാഴ്ചയിൽ പലസ്തീനുമായുള്ള ആത്മബന്ധം അനുസ്മരിക്കുകയും പലസ്തീനിയൻ പോരാട്ടങ്ങൾക്ക് പ്രിയങ്ക പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു.

അതേസമയം, പ്രിയങ്കയുടെ പലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന് രൂക്ഷമായ എതിര്‍പ്പാണ് ബിജെപി എംപി ഗുലാം അലി ഖതാന പ്രകടിപ്പിച്ചത്. എന്നാല്‍ വാർത്തയാകാന്‍ വേണ്ടിയാണ് ആളുകൾ ഇത്തരം കാര്യങ്ങൾ ചെയ്യുന്നതെന്നും ജനങ്ങളാൽ തിരസ്‌കരിക്കപ്പെടുമ്പോൾ അവർ ഇത്തരം കാര്യങ്ങളിലേക്ക് തിരിയുന്നുവെന്നും അദ്ദേഹം വാർത്താ ഏജൻസിയായ ഐഎഎൻഎസിനോട് പറഞ്ഞു.

എന്നാല്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നത് വിദ്വേഷത്തിലും അക്രമത്തിലും വിശ്വസിക്കാത്ത ഇസ്രയേലി പൗരന്മാരുൾപ്പെടെ ശരിയായ ചിന്താഗതിയുള്ള ഓരോ വ്യക്തിയുടെയും ധാർമ്മിക ഉത്തരവാദിത്തമാണെന്നും ലോകത്തെ എല്ലാ സർക്കാരും ഇസ്രായേൽ സർക്കാരിനെ അപലപിക്കുകയാണെന്നും പ്രിയങ്കാഗാന്ധി നേരത്തെ പ്രതികരിച്ചിരുന്നു.

STORY HIGHLIGHT: priyanka gandhi with a bag written palestine