Video

പിന്തുണയ്ക്ക് നന്ദിയെന്ന് ലോക ചെസ് ചാമ്പ്യൻ; ഡി.​ഗുകേഷ് ജന്മനാട്ടിൽ തിരിച്ചെത്തി

ലോക ചെസ് ചാംപ്യൻഷിപ്പിൽ ജേതാവായ ദൊമ്മരാജു ഗുകേഷിന് ജന്മനാട്ടിൽ വൻ സ്വീകരണം നൽകി. ഇതുവരെ നൽകിയ സ്നേഹത്തിനും പിന്തുണക്കും നന്ദിയെന്ന് താരം വ്യക്തമാക്കി. ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചെസ് ലോക ചാമ്പ്യൻ എന്ന പട്ടമാണ് ഗുകേഷിന് സ്വന്തമാക്കാൻ കഴിഞ്ഞത്. സിംഗപ്പുരിൽ നടന്ന ലോക ചെസ് ചാംപ്യൻഷിപ്പിൽ നിലവിലെ ചാംപ്യൻ ചൈനയുടെ ഡിങ് ലിറനെ തോൽപ്പിച്ച് ജേതാവായ ശേഷം ആദ്യമായി നാട്ടിലെത്തിയ ഗുകേഷിന്, ചെന്നൈ വിമാനത്താവളത്തിലാണ് അധികൃതരും ആരാധകരും ചേർന്ന് വമ്പിച്ച സ്വീകരണം നൽകിയത്. സായ് അധികൃതരും വേലമ്മാൾ സ്കൂളിലെ അധ്യാപകരും ചേർന്ന് ഗുകേഷിനെ ബൊക്കെ നൽകി സ്വീകരിച്ചു. സിംഗപ്പൂരിലെ സെന്റോസ റിസോർട്സ് വേൾഡിൽ നടന്ന 2024 ലോക ചാംപ്യൻഷിപ്പിൽ നിലവിലെ ചാംപ്യനെ അവസാന ഗെയിമിൽ കീഴടക്കിയാണ് 18–ാം ലോകചാംപ്യനായി ഗുകേഷ് കിരീടം നേടിയത്. 58 നീക്കങ്ങളിലാണ് ഗുകേഷ്, ഡിങ് ലിറനെ തോൽപിച്ചത്.

14 ഗെയിമുകളുള്ള ചാംപ്യൻഷിപ്പിൽ 13 കളികൾ തീർന്നപ്പോൾ സ്കോർനില തുല്യമായിരുന്നു (6.5–6.5). അവസാന ഗെയിമിലെ ജയത്തോടെ സ്കോർ 7.5– 6.5 എന്ന നിലയിലായി. 14ാ–ം ഗെയിമിലെ 55–ാം നീക്കത്തിൽ ഡിങ് ലിറൻ വരുത്തിയ അപ്രതീക്ഷിത പിഴവാണ് ഗുകേഷിന്റെ വിജയത്തിലേക്കു നയിച്ചത്.

985ൽ തന്റെ 22-ാം വയസിൽ ലോക ചാമ്പ്യൻഷിപ്പ് നേടിയ ഇതിഹാസ താരം ഗാരി കാസ്‌പറോവിനെയാണ് ഗുകേഷ് മറികടന്നത്. ഇതോടെ ഇന്ത്യയിലെ ചെസ് പ്രേമികൾക്ക് ഗുകേഷ് റോൾ മോഡൽ ആയിരിക്കുകയാണ്. ചെറുപ്രായം തൊട്ട് തന്നെ ചെസിൽ താൽപര്യം കാട്ടിയിട്ടുള്ള ഗുകേഷ് ഭാവി വാഗ്‌ദാനം കൂടിയാണ്.

Latest News