Sports

കോച്ചിന് റെഡ് കാർഡ്; കേരള ബ്ലാസ്റ്റേഴ്സിന്റെ കോച്ചിനെ പുറത്താക്കി ക്ലബ് | mikael stahre

സീസണിലെ ദയനീയ പ്രകടനത്തിന് പിന്നാലെയാണ് പുതിയ തീരുമാനം

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ തുടർച്ചയായ തോൽവികൾ ഏറ്റുവാങ്ങിയതോടുകൂടി കേരള ബ്ലാസ്റ്റേഴ്സിന്റെ കോച്ചിനെ പുറത്താക്കി മാനേജ്മെന്റ്. മിഖായേൽ സ്റ്റാറെയാണ് ക്ലബ് പുറത്താക്കിയിരിക്കുന്നത്. ഇദ്ദേഹത്തിനോടൊപ്പം എത്തിയ സഹപരിശീലകരെയും ക്ലബ് പുറത്താക്കിയിട്ടുണ്ട്. സീസണിലെ ദയനീയ പ്രകടനത്തിന് പിന്നാലെയാണ് പുതിയ തീരുമാനം. 12 കളിയിൽ നിന്ന് മൂന്ന് വിജയങ്ങൾ നേടി പത്താം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്.

ശനിയാഴ്ച നടന്ന മത്സരത്തിൽ മോഹൻ ബഗാൻ ബ്ലാസ്റ്റേഴ്‌സിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. മോഹൻ ബഗാനെതിരെ മികച്ച പ്രകടനം കാഴ്ച്ചവെച്ചിട്ടും ബ്ലാസ്റ്റേഴ്‌സിന് ജയം സ്വന്തമാക്കാൻ സാധിച്ചില്ല. അതിനൊരു കാരണമായി പറയാൻ കഴിയുന്നത് ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ വ്യക്തിപരമായ പിഴവുകളാണ്. കളിച്ച മത്സരത്തിൽ പകുതിയിൽ അധികം തോൽവി വഴങ്ങി എന്നതാണ് മിഖായേൽ സ്റ്റാറെ നയിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ ദയനീയത.

ഗോൾ കീപ്പിങിലെ പിഴവാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ ഏറ്റവും വലിയ തലവേദന. 12 -ാം റൗണ്ട് പോരാട്ടത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ് ക്ലബ്ബിനോട് എവേ മത്സരത്തിൽ 3 – 2 നു പരാജയപ്പെട്ടപ്പോൾ ആദ്യ ഗോൾ ഗോളി സച്ചിൻ സുരേഷിന്റെ പിഴവിൽ നിന്നായിരുന്നു ഉണ്ടായത്. വ്യക്തി പിഴവുകളാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയെ തോൽവിയിൽ നിന്ന് തോൽവികളിലേക്ക് 2024 – 2025 സീസണിൽ തള്ളി വിടുന്നത് എന്നതാണ് ശ്രദ്ധേയം.